കർദിനാൾ ന്യൂമാനും മറിയം ത്രേസ്യയും വിശുദ്ധ ഗണത്തിലേക്ക്
വത്തിക്കാൻസിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയും ഇംഗ്ലണ്ടിലെ കർദിനാൾ ജോൺ ന്യൂമാനും വിശുദ്ധ പദവിയിലേക്ക് ഉയരുന്നു. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഡിക്രികൾ പുറപ്പെടുവിക്കാൻ നാമകരണത്തിനായുള്ള തിരുസംഘത്തെ മാർപാപ്പ ചുമതലപ്പെടുത്തി. നാമകരണ തീയതി പിന്നീടു പ്രഖ്യാപിക്കും.
തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ആഞ്ചലോ ബെച്ചിയു ചൊവ്വാഴ്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചപ്പോഴാണ് ഈ നിർദേശം നല്കപ്പെട്ടത്. ഇതോടൊപ്പം ഹംഗറിയിൽ കമ്യൂണിസ്റ്റ് തടവറയിൽ ദീർഘകാലം കഴിഞ്ഞ കർദിനാൾ ജോസഫ് മിൻസെന്തി അടക്കം അ ഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്ന ഡിക്രിയും പുറപ്പെടുവിക്കും.
ഇക്വഡോറിലെ ഒരു രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിക്കും. ഹംഗറിയിൽ എസ്റ്റർഗോമിൽ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മിൻസെന്തി (1842-1975) അന്ത്യകാലത്ത് ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദികനായശേഷം മധ്യപ്രായത്തിൽ കത്തോലിക്കാ സഭയിൽ ചേർന്ന കർദിനാൾ ന്യൂമാൻ (1801-1890) പ്രഭാഷകനും ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. ലീഡ് കൈൻഡ്ലി ലൈറ്റ് എന്ന വിശ്രുത പ്രാർഥനാഗാനം രചിച്ച അദ്ദേഹം ആരംഭിച്ചതാണ് ഓറട്ടറി ഓഫ് സെന്റ് ഫിലിപ്പ് നേരി. ലണ്ടനിൽ ജനിച്ച അദ്ദേഹം ബർമിങ്ങാമിലെ എഗ്ബാസ്റ്റണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. വൈദിക പദവിയിൽ നിന്ന് നേരെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടയാളാണു ന്യൂമാൻ.
ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 1876 ഏപ്രിൽ 26-ന് മാള പുത്തൻചിറ മങ്കിടിയാൻ കുടുംബത്തിൽ ജനിച്ചു. 1914 മേയ് 14നാണു സന്യാസിനി സമൂഹം സ്ഥാപിച്ചത്. 1926 ജൂൺ എട്ടിനു കുഴിക്കാട്ടുശേരിയിലായിരുന്നു അന്ത്യം. ദരിദ്രരോടു പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നു മറിയം ത്രേസ്യ. 1999 ജൂൺ 28-ന് ധന്യപദവിയിലേക്കും 2000 ഏപ്രിൽ ഒൻപതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും മറിയം ത്രേസ്യ ഉയർത്തപ്പെട്ടു.