ഇന്നത്തെ വിശുദ്ധര്‍: വിശുദ്ധന്മാരായ ജോനാസും, ബറാചിസിയൂസും, സഹവിശുദ്ധരായ രക്തസാക്ഷികളും
March 29: വിശുദ്ധന്മാരായ ജോനാസും, ബറാചിസിയൂസും, സഹവിശുദ്ധരായ രക്തസാക്ഷികളും
സാപൊര്‍ രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന അര്‍മേനിയന്‍ പ്രഭുവും, എസയ്യാസ് എന്ന വ്യക്തിയും തയാറാക്കിയ വിവരങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. സാപൊര്‍ രാജാവ് തന്റെ ഭരണത്തിന്റെ എട്ടാമത്തെ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി രക്തരൂഷിതമായ മതപീഡനം നടത്തുവാന്‍ തുടങ്ങി. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അവര്‍ തകര്‍ത്തു. ബേത്ത്-അസാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന്മാരായിരുന്ന ജോനാസും, ബറാചിസിയൂസും ക്രിസ്ത്യാനികള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അവരെ സേവിക്കുന്നതിനും, അവര്‍ക്ക് ധൈര്യം പകരുന്നതിനുമായി പോയി. പക്ഷേ അവര്‍ എത്തുന്നതിന് മുന്‍പെ ഒമ്പത് പേര്‍ക്ക് രക്തസാക്ഷിത്വ മകുടം ചൂടിയിരിന്നു.
ഇതിനിടെ ജോനാസിനേയും, ബറാചിസിയൂസിനേയും സൈന്യം പിടികൂടി. പേര്‍ഷ്യന്‍ രാജാവിനെ അനുസരിക്കുവാനും, സൂര്യന്, ചന്ദ്രന്, അഗ്നി, ജലം എന്നിവയെ ആരാധിക്കുവാന്‍ ന്യായാധിപന് വിശുദ്ധന്മാരോട് ആവശ്യപ്പെട്ടു. “സ്വര്‍ഗ്ഗത്തിലേയും, ഭൂമിയിലേയും അനശ്വരനായ രാജാവായ സ്വര്‍ഗ്ഗീയ പിതാവിനെ ആരാധിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന” എന്നായിരുന്നു വിശുദ്ധരുടെ മറുപടി. ഇതില്‍ കോപാകുലരായ അവര്‍ വിശുദ്ധരില്‍ ബറാചിസിയൂസിനെ ഒരു ഇടുങ്ങിയ തുറുങ്കില്‍ അടക്കുകയും, ജോനാസിനെ സൂര്യന്, ചന്ദ്രന്, അഗ്നി, ജലം എന്നിവക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനു വഴങ്ങാത്ത അദ്ദേഹത്തെ അവര്‍ ഗദകൊണ്ടും വടികള്‍ കൊണ്ടും മര്‍ദ്ദിക്കുവാന്‍ തുടങ്ങി.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വിശുദ്ധന് തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും, ഇപ്രകാരം പറയുകയും ചെയ്തു, “ഓ ഞങ്ങളുടെ പിതാവായ അബ്രഹാമിന്റെ ദൈവമേ ഞാന്‍ നിനക്ക് നന്ദി പറയുന്നു. നിനക്ക് സ്വീകാര്യമായ ബലിവസ്തുവായി തീരുവാന്‍ എന്നെ പ്രാപ്തനാക്കുന്നതിനായി ഞാന്‍ നിന്നോടു യാചിക്കുന്നു. സൂര്യന്, ചന്ദ്രന്, അഗ്നി, ജലം എന്നിവയെ ഞാന്‍ നിരാകരിക്കുന്നു, പിതാവിലും, പുത്രനിലും, പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുകയും അതേറ്റുപറയുകയും ചെയ്യുന്നു.” ഇതേതുടര്‍ന്ന് ന്യായാധിപന് വിശുദ്ധന്റെ പാദങ്ങള്‍ കയറുകൊണ്ട് ബന്ധിച്ചശേഷം തണുത്തുറഞ്ഞ ജലം നിറഞ്ഞ കുളത്തിലേക്കെറിഞ്ഞു.
അത്താഴത്തിനു ശേഷം ന്യായാധിപന് ബറാചിസിയൂസിനെ വിളിപ്പിക്കുകയും തന്റെ സഹോദരനായ ജോനാസ് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുവെന്ന് കള്ളംപറയുകയും ചെയ്തു. ഇത് കേട്ട വിശുദ്ധന് അത് അസാദ്ധ്യമാണെന്ന് പറയുകയും, കര്‍ത്താവായ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ആവേശത്തോടുകൂടി അത്യുച്ചത്തില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ചുട്ടുപഴുത്ത ഇരുമ്പ് തകിടുകള്‍ കൊണ്ടും, ചുറ്റികകള് കൊണ്ടും അവര്‍ വിശുദ്ധനെ അതിക്രൂരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. വേദനമൂലം ആ ചുട്ടുപഴുത്ത തകിടുകളില്‍ ഏതെങ്കിലും വിശുദ്ധന് തട്ടിതെറിപ്പിക്കുകയാണെങ്കില്‍ വിശുദ്ധന് ക്രിസ്തുവിനെ നിരാകരിച്ചതായി തങ്ങള്‍ കരുതുമെന്ന് അവര്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ നിങ്ങളുടെ മര്‍ദ്ദന ഉപകരണങ്ങളെയോ, അഗ്നിയേയോ ഭയക്കുന്നില്ല, എത്രയും പെട്ടെന്ന് തന്നെ അവയെ എന്റെ മേല്‍ പ്രയോഗിക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവത്തിനുവേണ്ടി പോരാടുന്നവന് പൂര്‍ണ്ണ ധൈര്യവാനാണ്” വിശുദ്ധന് ധൈര്യപൂര്‍വ്വം മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ ഈ വാക്കുകകളില്‍ രോഷം പൂണ്ടു ഭരണാധിപന്മാര് വിശുദ്ധന്റെ നാസാദ്വാരങ്ങളിലും, കണ്ണുകളിലും ഉരുകിയ ഈയം ഒഴിച്ചശേഷം തടവറയില്‍ കൊണ്ടുപോയി ഒറ്റക്കാലില്‍ കെട്ടിത്തൂക്കി.
പിന്നീട് കുളത്തില്‍ നിറുത്തിയിരുന്ന വിശുദ്ധ ജോനാസിനെ കൊണ്ടുവന്നു. കഴിഞ്ഞ രാത്രിയിലെ പീഡനത്തെപ്പറ്റി പരിഹസിച്ചു കൊണ്ട് ഭരണാധികാരികള്‍ ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തില്‍ ഇത്രയും ആസ്വാദ്യകരമായ ഒരു രാത്രി എനിക്ക് ഓര്‍ക്കുവാന്‍ കഴിയുന്നില്ലെന്നാണ് വിശുദ്ധന് പറഞ്ഞത്. ബറാചിസിയൂസ് തന്റെ വിശ്വാസം ഉപേക്ഷിച്ചതായി അവര്‍ വിശുദ്ധനോടും കള്ളം പറഞ്ഞു. “വളരെ മുന്‍പ് തന്നെ അവന് സാത്താനേയും, അവന്റെ മാലാഖമാരേയും ഉപേക്ഷിച്ചതായി എനിക്കറിയാം” എന്നാണ് വിശുദ്ധന് മറുപടി കൊടുത്തത്. തുടര്‍ന്ന് യേശുവിനെക്കുറിച്ചും ഭൗതീകജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ഒട്ടും തന്നെ ഭയംകൂടാതെ വിശുദ്ധന് അവരോടു പറഞ്ഞു.
വിധികര്‍ത്താക്കള്‍ വിശുദ്ധന്റെ കൈവിരലുകളും കാല്‍വിരലുകളും മുറിച്ച് കളഞ്ഞു. പിന്നീട് വിശുദ്ധന്റെ തലയോട്ടിയില്‍ നിന്നും ചര്‍മ്മം വേര്‍തിരിച്ചു, അതിനു ശേഷം അദ്ദേഹത്തിന്റെ നാവരിഞ്ഞുമാറ്റുകയും, തിളച്ച വെള്ളത്തില്‍ എറിയുകയും ചെയ്തു. എന്നാല്‍ തിളച്ചവെള്ളത്തിനും സത്യദൈവത്തിന്റെ ദാസനെ ഒന്നും ചെയ്യുവാന്‍ കഴിയാതെ വന്നപ്പോള്‍ മരപ്പലകകള്‍ക്കിടയില്‍ കിടത്തി വിശുദ്ധനെ ഞെരുക്കുകയും, ഇരുമ്പ് വാളിനാല്‍ വിശുദ്ധന്റെ ശരീരം വെട്ടി നുറുക്കി കൊലപ്പെടുത്തുകയും, ശരീരാവശിഷ്ടങ്ങള്‍ മറ്റുള്ള ക്രിസ്ത്യാനികള്‍ കൊണ്ട് പോകാതിരിക്കുവാന്‍ കാവല്ക്കാരെ നിയോഗിക്കുകയും ചെയ്തു.
അടുത്തത് വിശുദ്ധ ബറാചിസിയൂസിന്റെ ഊഴമായിരുന്നു. തന്റെ ശരീരം രക്ഷിക്കുന്നതിനായി വിശ്വാസം ഉപേക്ഷിക്കുവാന്‍ വിശുദ്ധനോടാവശ്യപ്പെട്ടെങ്കിലും “എന്റെ ശരീരം ഞാന്‍ സൃഷ്ടിച്ചതല്ല, അതിനാല്‍ അത് നശിപ്പിക്കുവാന്‍ എനിക്കധികാരവുമില്ല. ഇതിന്റെ സൃഷ്ടാവായ ദൈവം തന്നെ അത് പൂര്‍വ്വസ്ഥിതിയിലാക്കും, നിങ്ങളേയും നിങ്ങളുടെ രാജാവിനേയും അവിടുന്ന് വിധിക്കുകയും ചെയ്യും” എന്നാണ് വിശുദ്ധന് മറുപടി കൊടുത്തത്. മര്‍ദ്ദനങ്ങള്‍ കൊണ്ട് വിശുദ്ധനെ അവശനാക്കുവാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ അവര്‍ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് വിശുദ്ധനെ അടിച്ചു കൊണ്ടിരിന്നു. ക്രൂരമായ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിന് ശേഷം തന്റെ സഹോദരനെപോലെ വിശുദ്ധനും രക്തസാക്ഷിത്വമകുടം ചൂടി.
വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ് ധീരന്മാരായ ഈ വിശുദ്ധര്‍ സ്വര്‍ഗ്ഗീയ ഭവനത്തിനവകാശികളായത്. ഈ വിശുദ്ധരുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അബ്റ്റുസ്സിയാറ്റൂസ് അവരുടെ മൃതശരീരം രഹസ്യമായി കൈപ്പറ്റി. റോമന്‍ രക്തസാക്ഷിപ്പട്ടിക പ്രകാരം ഈ വിശുദ്ധരുടെ രക്തസാക്ഷിത്വദിനം മാര്‍ച്ച് 29നാണ്.
വിശുദ്ധന്മാരായ ജോനാസ്, ബറാചിസിയൂസ്, സഹവിശുദ്ധരായ രക്തസാക്ഷികളേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.