മംഗളവര്ത്ത തിരുനാള് ദിനത്തില്, ഫ്രാന്സിസ് പാപ്പാ ചൊല്ലുന്ന പ്രാര്ത്ഥന
മാർച്ച് 25, മംഗളവർത്ത തിരുനാൾ ദിനത്തിൽ, ഫ്രാൻസിസ് പാപ്പാ, റഷ്യയെയും ഉക്രൈയിനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുമ്പോൾ ചൊല്ലുവാനായി തയ്യാറിയാക്കിയ പ്രാർത്ഥന.
മറിയത്തിന്റെ വിമലഹൃദയത്തിനുള്ള സമർപ്പണം
ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ക്ലേശങ്ങളുടെ ഈ സമയത്ത് ഞങ്ങൾ അങ്ങയിൽ ആശ്രയം തേടുന്നു. നീ അമ്മയാണ്, നീ ഞങ്ങളെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നു: ഞങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങൾ ഒന്നും നിന്നിൽ നിന്ന് മറഞ്ഞിരുപ്പില്ല. കാരുണ്യത്തിന്റെ മാതാവേ, ഞങ്ങൾ നിരവധി തവണ നിന്റെ കരുതലുള്ള ആർദ്രതയും, സമാധാനം പുനഃസ്ഥാപിക്കുന്ന നിന്റെ സാന്നിദ്ധ്യവും അനുഭവിച്ചിട്ടുണ്ട്, കാരണം നീ എപ്പോഴും ഞങ്ങളെ സമാധാനത്തിന്റെ രാജകുമാരനായ യേശുവിലേക്കാണ് നയിക്കുന്നത്.
എന്നാൽ ഞങ്ങൾക്ക് സമാധാനത്തിന്റെ വഴി നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ, ലോകമഹായുദ്ധങ്ങളിൽ വീണുപോയ ദശലക്ഷക്കണക്കിന് ആളുകളുടെ ബലിയെന്ന ദുരന്തത്തിന്റെ പാഠം ഞങ്ങൾ മറന്നു. രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ ഏറ്റെടുത്ത പ്രതിബദ്ധതകളെ ഞങ്ങൾ അവഗണിക്കുകയും ജനങ്ങളുടെ സമാധാന സ്വപ്നങ്ങളെയും യുവാക്കളുടെ പ്രതീക്ഷകളെയും വഞ്ചിക്കുകയുമാണ്. അത്യാഗ്രഹത്താൽ ഞങ്ങൾ രോഗബാധിതരായി, ദേശീയതാൽപ്പര്യങ്ങളിൽ ഞങ്ങളെത്തന്നെ പൂട്ടിയിട്ടു, നിസ്സംഗതയാൽ ഊഷ്മളത നഷ്ടപ്പെട്ടവരാകാനും സ്വാർത്ഥതയാൽ മരവിച്ചവരാകാനും ഞങ്ങൾ ഞങ്ങളെത്തന്നെ വിട്ടുകൊടുത്തു. ഞങ്ങൾ ഞങ്ങളുടെ അയൽക്കാരന്റെയും ഞങ്ങളുടെ പൊതു ഭവനത്തിന്റെയും സംരക്ഷകരാണെന്നത് മറന്ന്, ദൈവത്തെ അവഗണിക്കാനും, ഞങ്ങളുടെ കപടതകൾക്കൊപ്പം ജീവിക്കാനും, ആക്രമണം പോഷിപ്പിക്കാനും, ജീവനുകളെ അടിച്ചമർത്താനും, ആയുധങ്ങൾ ശേഖരിക്കാനും ഞങ്ങൾ താല്പര്യപ്പെട്ടു. യുദ്ധത്താൽ ഞങ്ങൾ ഭൂമിയാകുന്ന ഉദ്യാനത്തെ കീറിമുറിച്ചു, ഞങ്ങൾ സഹോദരീസഹോദരന്മാരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തെ പാപത്താൽ ഞങ്ങൾ മുറിവേൽപ്പിച്ചു. ഞങ്ങളോടൊഴികെ എല്ലാവരോടും എല്ലാറ്റിനോടും ഞങ്ങൾ നിസ്സംഗരായി മാറിയിരിക്കുന്നു. ലജ്ജയോടെ ഞങ്ങൾ പറയുന്നു: കർത്താവേ, ഞങ്ങളോട് ക്ഷമിക്കേണമേ!
പാപത്തിന്റേതായ ദുരിതത്തിലും, ഞങ്ങളുടെ ക്ലേശങ്ങളിലും ബലഹീനതകളിലും, തിന്മയുടെയും യുദ്ധത്തിന്റെയും അകൃത്യത്തിന്റെ നിഗൂഢതയിലും ദൈവം ഞങ്ങളെ കൈവിടുന്നില്ല, മറിച്ച് ഞങ്ങളോട് ക്ഷമിക്കുവാനും ഞങ്ങളെ വീണ്ടും പിടിച്ചെഴുന്നേൽപ്പിക്കുവാനുമായി സ്നേഹത്തോടെ ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു എന്ന് പരിശുദ്ധ അമ്മേ, നീ ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. അവനാണ് നിന്നെ ഞങ്ങൾക്ക് നൽകിയതും നിന്റെ വിമലഹൃദയത്തിൽ സഭയ്ക്കും മനുഷ്യരാശിക്കും അഭയസ്ഥാനം നൽകിയതും. ദൈവിക നന്മയാൽ നീ ഞങ്ങളോടൊപ്പമുണ്ട്, ചരിത്രത്തിലെ ഏറ്റവും ഇടുങ്ങിയ വഴിത്തിരിവുകളിൽ പോലും നീ ഞങ്ങളെ ആർദ്രതയോടെ നയിക്കുന്നു.
നീ സന്ദർശിക്കാനും മനഃപരിവർത്തനത്തിന് ക്ഷണിക്കാനും ഒരിക്കലും മടുക്കാത്ത നിന്റെ പ്രിയപ്പെട്ട മക്കളായ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു, നിന്റെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്നു. അന്ധകാരത്തിന്റെ ഈ സമയത്ത്, ഞങ്ങളെ സഹായിക്കാനും ആശ്വസിപ്പിക്കാനും വരൂ. “നിന്റെ അമ്മയായ ഞാൻ ഇവിടെ ഇല്ലേ?” എന്ന് ഞങ്ങൾ ഓരോരുത്തരോടും പറയുക. ഞങ്ങളുടെ ഹൃദയങ്ങളിലെ കുരുക്കുകളും ഇന്നിന്റെ ബന്ധനങ്ങളും എങ്ങനെ അഴിക്കണമെന്ന് നിനക്കറിയാം. ഞങ്ങൾ നിന്നിൽ വിശ്വാസമർപ്പിക്കുന്നു. പ്രത്യേകിച്ച് പരീക്ഷണങ്ങളുടെ നിമിഷത്തിൽ, നീ ഞങ്ങളുടെ അഭ്യർത്ഥനകളെ നിരസിക്കില്ലെന്നും ഞങ്ങളുടെ സഹായത്തിന് വരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഗലീലിയായിൽ വച്ച്, യേശുവിന്റെ ഇടപെടലിന്റെ സമയം വേഗത്തിലാക്കുകയും അവന്റെ ആദ്യ അടയാളം ലോകത്തിലേക്ക് അവതരിപ്പിക്കുകയും ചെയ്തപ്പോൾ നീ ഇപ്രകാരമാണ് ചെയ്തത്. വിരുന്ന് സങ്കടമായി മാറിയപ്പോൾ നീ അവനോട് പറഞ്ഞു: “അവർക്ക് വീഞ്ഞില്ല” (യോഹ 2, 3). അമ്മേ നീ ദൈവത്തോട് വീണ്ടും ഇതാവർത്തിക്കുക, കാരണം ഇന്ന് ഞങ്ങളുടെ പ്രതീക്ഷയുടെ വീഞ്ഞ് തീർന്നിരിക്കുന്നു, സന്തോഷം അപ്രത്യക്ഷമായിരിക്കുന്നു, സാഹോദര്യത്തിൽ വെള്ളം ചേർക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് മനുഷ്യത്വം നഷ്ടപ്പെട്ടു, സമാധാനം ഞങ്ങൾ പാഴാക്കി. എല്ലാത്തരം അക്രമത്തിനും നാശത്തിനും കഴിവുള്ളവരായി ഞങ്ങൾ മാറിയിരിക്കുന്നു. ഞങ്ങൾക്ക് നിന്റെ മാതൃസഹജമായ ഇടപെടൽ അടിയന്തിരമായി ആവശ്യമാണ്.
അതിനാൽ, അമ്മേ, ഞങ്ങളുടെ ഈ അപേക്ഷ സ്വീകരിക്കുക.
സമുദ്രതാരമേ, യുദ്ധത്തിന്റെ കൊടുങ്കാറ്റിനാൽ മുങ്ങിത്താഴാൻ ഞങ്ങളെ അനുവദിക്കരുതേ.
പുതിയ ഉടമ്പടിയുടെ പെട്ടകമായ നീ, അനുരഞ്ജനത്തിനുള്ള പദ്ധതികൾക്കും വഴികൾക്കും പ്രചോദനമേകുക.
” സ്വർഗ്ഗീയനിലമായ” നീ ദൈവത്തിന്റെ ഐക്യം ലോകത്തിലേക്ക് തിരികെ കൊണ്ടുവരിക.
വിദ്വേഷം കെടുത്തുക, പ്രതികാരം ഇല്ലാതാക്കുക, ക്ഷമ ഞങ്ങളെ പഠിപ്പിക്കുക.
യുദ്ധത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുക, ആണവ ഭീഷണിയിൽ നിന്ന് ലോകത്തെ സംരക്ഷിക്കുക.
ജപമാല രാജ്ഞീ, പ്രാർത്ഥിക്കേണ്ടതിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആവശ്യകതാബോധം ഞങ്ങളിൽ വീണ്ടും ഉണർത്തണമേ.
മാനവകുടുംബത്തിന്റെ രാജ്ഞീ, ജനങ്ങൾക്ക് സാഹോദര്യത്തിന്റെ വഴി കാണിച്ചുകൊടുക്കേണമേ.
സമാധാനരാജ്ഞി, ലോകത്തിന് ശാന്തി പ്രദാനം ചെയ്യേണമേ.
അമ്മേ, നിന്റെ കണ്ണുനീർ ഞങ്ങളുടെ കഠിനമായ ഹൃദയങ്ങളെ ചലിപ്പിക്കട്ടെ. ഞങ്ങളുടെ വെറുപ്പ് ഊഷരമാക്കിയ ഈ താഴ്വരയെ, ഞങ്ങൾക്കുവേണ്ടി നീ പൊഴിച്ച കണ്ണുനീർത്തുള്ളികൾ വീണ്ടും പുഷ്പിതമാക്കട്ടെ. ആയുധങ്ങളുടെ ഗർജ്ജനം നിശബ്ദമാകുന്നില്ലെങ്കിലും നിന്റെ പ്രാർത്ഥന ഞങ്ങളെ സമാധാനത്തിലേക്ക് നയിക്കട്ടെ. ബോംബുകളുടെ മൂലം കഷ്ടപ്പെടുന്നവരെയും പലായനം ചെയ്യുന്നവരെയും നിന്റെ മാതൃകരങ്ങൾ തഴുകട്ടെ. വീടും നാടും വിട്ടുപോകാൻ നിർബന്ധിതരായവരെ നിന്റെ മാതൃസഹജമായ ആലിംഗനം സാന്ത്വനപ്പെടുത്തട്ടെ. അങ്ങയുടെ ദുഃഖപൂർണ്ണമായ ഹൃദയം ഞങ്ങളെ അനുകമ്പയിലേക്ക് നയിക്കുകയും, ഞങ്ങളുടെ ഭവനങ്ങളുടെ വാതിലുകൾ തുറക്കാനും മുറിവേറ്റവരും തിരസ്കരിക്കപ്പെട്ടതുമായ മനുഷ്യരാശിയെ പരിപാലിക്കാനും ഞങ്ങളെ പ്രേരിപ്പിക്കട്ടെ.
പരിശുദ്ധ ദൈവമാതാവേ, നീ കുരിശിന് കീഴിലായിരിക്കുമ്പോൾ, നിന്റെ അരികിലുള്ള ശിഷ്യനെ കണ്ട് യേശു നിന്നോട് പറഞ്ഞു: “ഇതാ നിന്റെ മകൻ” (യോഹന്നാൻ 19, 26): അതുവഴി അവൻ ഞങ്ങളെ ഓരോരുത്തരെയും നിന്നെ ഭരമേൽപ്പിച്ചു. എന്നിട്ട് ശിഷ്യനോട്, അങ്ങനെ ഞങ്ങളോട് ഓരോരുത്തരോടും, അവൻ പറഞ്ഞു: “ഇതാ നിന്റെ അമ്മ” (വാക്യം 27). അമ്മേ, ഞങ്ങളുടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും നിന്നെ സ്വീകരിക്കാൻ ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നു. തളർന്നുപോയ, അസ്വസ്ഥമായ മനുഷ്യവംശം നിന്നോടൊപ്പം ഈ സമയത്ത്, കുരിശിന് കീഴിലുണ്ട്. ഈ മനുഷ്യവംശത്തിന് തങ്ങളെത്തന്നെ നിനക്ക് ഭരമേല്പിക്കുകയും, നിന്നിലൂടെ ക്രിസ്തുവിനു സ്വയം സമർപ്പിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. ഉക്രേനിയൻ ജനതയും റഷ്യൻ ജനതയും സ്നേഹപൂർവ്വം നിന്നെ വണങ്ങുകയും നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. അവർക്കും, യുദ്ധം, പട്ടിണി, അനീതി, ദുരിതം എന്നിവയാൽ മുറിവേൽക്കപ്പെട്ട എല്ലാ ജനങ്ങൾക്കും വേണ്ടി നിന്റെ ഹൃദയം തുടിക്കുന്നു.
അതിനാൽ, ദൈവത്തിന്റെയും ഞങ്ങളുടെയും അമ്മെ, ഞങ്ങൾ ഞങ്ങളെയും, സഭയെയും, മുഴുവൻ മനുഷ്യരാശിയെയും, പ്രത്യേകിച്ച് റഷ്യയെയും ഉക്രെയ്നെയും നിന്റെ വിമലഹൃദയത്തിന് ഭരമേൽപ്പിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിശ്വാസത്തോടും സ്നേഹത്തോടും കൂടി ചെയ്യുന്ന ഞങ്ങളുടെ ഈ സമർപ്പണത്തെ സ്വീകരിക്കുക, യുദ്ധം അവസാനിപ്പിക്കുക, ലോകത്തിന് സമാധാനം നൽകുക. നിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട സമ്മതം സമാധാനത്തിന്റെ രാജകുമാരനായി ചരിത്രത്തിന്റെ വാതിലുകൾ തുറന്നു; നിന്റെ ഹൃദയം വഴിയായി വീണ്ടും സമാധാനം വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, മുഴുവൻ മനുഷ്യരാശിയുടെയും ഭാവിയും, ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും, ലോകത്തിന്റെ ഉത്കണ്ഠകളും പ്രത്യാശകളും ഞങ്ങൾ നിനക്ക് സമർപ്പിക്കുന്നു.
നിന്നിലൂടെ ദൈവകാരുണ്യം ഭൂമിയിൽ ചൊരിയപ്പെടുകയും സമാധാനത്തിന്റെ മധുരസ്പന്ദനം ഞങ്ങളുടെ ദിനങ്ങളെ വീണ്ടും മുദ്രിതമാക്കട്ടെ ചെയ്യട്ടെ. സമ്മതത്തിന്റെ സ്ത്രീയും, പരിശുദ്ധാത്മാവ് ആവസിച്ചവളുമായ നീ, ദൈവികഐക്യം ഞങ്ങളിലേക്ക് തിരികെ കൊണ്ടുവരിക. “പ്രത്യാശയുടെ സജീവസ്രോതസ്സായ” നീ ഞങ്ങളുടെ ഹൃദയത്തിന്റെ വരൾച്ചയെ ശമിപ്പിക്കുക. യേശുവിന് മനുഷ്യപ്രകൃതി ഇഴചേർത്ത നീ ഞങ്ങളെ കൂട്ടായ്മയുടെ ശില്പികളാക്കി മാറ്റുക. ഞങ്ങളുടെ വഴികളിലൂടെ നടന്ന നീ, ഞങ്ങളെ സമാധാനത്തിന്റെ പാതകളിൽ നയിക്കേണമേ. ആമേൻ.