യുദ്ധക്കെടുതിയില്‍ നിന്ന് ലോകത്തെ സമാധാനത്തിന്റെ രാജ്ഞി സംരക്ഷിക്കട്ടെ – ഫ്രാന്‍സിസ് പാപ്പ
പാപ്പാ: യുദ്ധ ഭ്രാന്തിൽ നിന്ന് ഈ ലോകത്തെ സമാധാനത്തിന്റെ രാജ്ഞി സംരക്ഷിക്കട്ടെ
“ഈ വരുന്ന മാർച്ച് രണ്ടാം തിയതി, വിഭൂതി ബുധനാഴ്ച സാമാധാനത്തിനായുള്ള ഒരു ഉപവാസ ദിനമായി ആചരിക്കാൻ എല്ലാവരേയും ഞാൻ ക്ഷണിക്കുന്നു: വിശ്വാസികൾ തീവ്രമായ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിയട്ടെ. സമാധാനത്തിന്റെ രാജ്ഞി ഈ ലോകത്തെ യുദ്ധ ഭ്രാന്തിൽ നിന്ന് സംരക്ഷിക്കട്ടെ.”
യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പ. ഇന്നലെ ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയിലാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയും നടത്തിയത്. റോമൻ കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് വെളിവാകുന്നതെന്ന് പാപ്പ തന്റെ ആശങ്ക പങ്കുവച്ചു. തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താൽപ്പര്യങ്ങൾ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പ ചൂണ്ടികാണിച്ചു.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നിൽ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ ആവശ്യപ്പെട്ട പാപ്പ, ദൈവം യുദ്ധത്തിന്റെ ദൈവമല്ലായെന്നും സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നു അവിടുന്നു ആഗ്രഹിക്കുന്നുവെന്നും പാപ്പ വിശദീകരിച്ചു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളിലൂടെയും, പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.