തൊട്ടാവാടി
വേരു മുതൽ ഇലവരെ മരുന്നാണ് തൊട്ടാവാടി ചെടി.
സംരക്ഷണത്തിനായി ഇത്രയേറെ
മുള്ളുകൾ ഉണ്ടായിട്ടും എന്തേ ….
നീയൊരു തൊട്ടാവാടിയായത്….?
ക്രിസ്തീയജീവിതവും പലപ്പോഴും
ഇതുപോലെ തന്നെ.
നിന്നെ സൃഷ്ടിച്ചു പരിപാലിച്ചു കൂദാശകളാൽ നിന്നെ പരിപോഷിപ്പിച്ച് ……
ജീവൻ്റെ സമൃദ്ധിയ്ക്കായ് ,
സ്വന്ത ജീവൻ ഊതിയാൽ പറക്കുന്ന
വെറും ഒരു ഗോതമ്പപ്പത്തിലേക്ക് നിറച്ച് ……
നിനക്ക് ഭക്ഷണ യോഗ്യമാം വിധം
നിത്യവും വിളമ്പിത്തരുന്ന ഒരു ദൈവം
സദാ നിന്നോടു കൂടെയുള്ളപ്പോൾ ……..
എന്തുകൊണ്ട് ജീവിതത്തിൻ്റെ ഇടവഴികളിൽ നിൻ്റെ കാലിടറുന്നു….?
നിൻ്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ
കാവൽ ദൂതന്മാരുടെ സംരക്ഷണ കോട്ടയുള്ളപ്പോൾ ……….
എന്തുകൊണ്ട് പ്രതിസന്ധികളിൽ നീ തളർന്നു പോകുന്നു..?
ഓരോ നിമിഷവും കൂടെ നടന്ന് പരിപാലിക്കാൻ എനിക്കൊരു ദൈവമുണ്ട് എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ
പല ഉൾക്കാഴ്ച്ചകളും നീ സ്വന്തമാക്കും.
കരുതലോടെ കാക്കാൻ കർത്താവുണ്ടെന്നും
അവിടുന്നനുവദിച്ചിട്ടാണ്
സഹനത്തിൻ്റെ കനലുകൾ എന്നെ പൊള്ളിക്കുന്നെതെന്നുമുള്ള തിരിച്ചറിവിൻ്റെ കുറവാണ് പലപ്പോഴും എൻ്റെ നേട്ടങ്ങളിൽ നേരു മറക്കുവാനും ……
കോട്ടങ്ങളിൽ മനസ്സു നീറുവാനും ഇടയാക്കുന്നത്.
ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട,
ക്രിസ്തുവിൻ്റെ തിരുരക്തത്താൽ
വേരു മുതൽ ഇലവരെ വീണ്ടെടുക്കപ്പെട്ടവരാണ് ഞാനും നീയും
എന്ന തിരിച്ചറിവ്…
എത്ര തളർന്നാലും തൊട്ടാവാടിയെപ്പോലെ വീണ്ടും തളിർത്തെഴുന്നേല്ക്കാൻ നമ്മെ സഹായിക്കും.
സ്വർഗത്തിൻ്റെ സംരക്ഷണ മുള്ളുകളുടെ കരബലത്തിൽ ആശ്രയിച്ച്
ജീവിതയാത്രയിൽ തളരാതിരിക്കാം
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.