“എന്റെ യാത്രയുടെ അന്ത്യപാദത്തിലാണു ഞാൻ” ബെനഡിക്റ്റ് പതിനാറാമൻ
വത്തിക്കാൻ: “ആന്തരികമായി എന്റെ ഭവനത്തിലേക്കുള്ള തീർഥയാത്രയിലാണു ഞാൻ. ശാരീരികമായി മെല്ലമെല്ലെ കരുത്തു ചോർന്നു പോവുകയാണ്…” എമെരിറ്റസ് മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ എഴുതിയ കത്ത് ഇറ്റാലിയൻ പത്രം കൊയിയെർ ഡെല്ല സേറ പ്രസിദ്ധീകരിച്ചു.
“എന്റെ യാത്രയുടെ അന്ത്യപാദത്തിലാണു ഞാൻ. പലപ്പോഴും പരിക്ഷീണനാകുന്നുണ്ടെങ്കിലും ഞാൻ ഒരിക്കലും വിഭാവന ചെയ്തിട്ടില്ലാത്തത്ര അളവിൽ സ്നേഹവും നന്മയും എന്നിൽ ചൊരിയപ്പെടുന്നതു വലിയ അനുഗ്രഹമാണ്” കത്തിൽ പറയുന്നു.
എമെരിറ്റസ് മാർപാപ്പയുടെ ക്ഷേമവും ആരോഗ്യനിലയും തിരക്കിക്കൊണ്ടു കൊയിയെർ ഡെല്ല സേറയിൽ അഞ്ചുവർഷം ലഭിച്ച കത്തുകൾ ഈയിടെ മാസിമോ ഫ്രാങ്കോ എന്ന എഡിറ്റർ ബെനഡിക്റ്റ് പതിനാറാമനു നല്കിയിരുന്നു. അതിനയച്ച മറുപടിക്കത്തിലാണിത്. ഈ കത്ത് പത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. തന്റെ അന്ത്യകാലം എങ്ങനെ എന്നറിയാൻ ഇത്രയേറെ വായനക്കാർ താത്പര്യപ്പെടുന്നു എന്നതു തന്നെ വികാരാധീനനാക്കി എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞ അദ്ദേഹം എല്ലാവർക്കുംവേണ്ടി പ്രാർഥിക്കാം എന്നും അറിയിച്ചു.