പുഴ… പ്രകൃതിയുടെ ആത്മീയ വിദ്യാപീഠം.
ദൈവത്തിൻ്റെ രഹസ്യവും
ദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി.
ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….?
കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും നെഞ്ചിലേറ്റി ശാന്തതയിൽ ഒഴുകുന്ന പുഴ…….
തൻ്റെയരികിൽ വന്ന വരെയെല്ലാം സ്വാന്തനപ്പെടുത്തി…..
താൻ ഒഴുകുന്ന വീഥിയിൽ മുള പൊട്ടിയ എല്ലാ ചെടികളെയും വളർത്തി ….
ശവങ്ങളും മനുഷ്യൻ പുറന്തള്ളുന്ന മാലിന്യവും ഏറ്റുവാങ്ങി ……
പുഴ ഒഴുകികൊണ്ടേയിരിക്കുന്നു.
ശാന്തമായി ഈ പുഴയോരത്ത് അല്പനേരം ഇരുന്നാൽ പുഴ തൻ്റെ നെഞ്ചിലൊളിപ്പിച്ചു വച്ച സങ്കടത്തിൻ്റെ പളുങ്കുപാത്രം തുറന്നുകാട്ടും…..
ഒപ്പം കുറേ ആത്മീയ പാഠങ്ങളും……
ദീർഘമായ സഹനങ്ങളുടെ അന്ത്യം
നിത്യനന്ദ മാണെന്ന് പുഴ നിന്നെ പഠിപ്പിക്കും.
ഒഴുകാനുള്ളതാണ് ഈ ജന്മം.
ഒരിക്കൽ തുടങ്ങിയാൽ ……
ഒഴുകുക തന്നെ വേണം.
തിരിച്ചു പോകാനാവാത്ത പ്രായാണ പാതകൾ സുഗമവും സുരക്ഷിതവും അല്ലെങ്കിലും ദൂരെ എവിടെയോ ഉയരുന്ന കടലിൻ്റെ മർമ്മരം കരളിൽ സൂക്ഷിച്ച്
നീ ഒഴുകികൊണ്ടേയിരിക്കണം.
ചുറ്റുമുള്ളവർ നിന്നിലേയ്ക്ക് വലിച്ചെറിയുന്നതൊന്നും നിന്നെ തളർത്തരുത്.
നിറവും രുചിയും കുറഞ്ഞു പോയാലും മനസ് പതറരുത്.
നീ ഒഴുകണം.
നിൻ്റെ കണ്ണീർ തുള്ളികൾക്ക് പ്രസക്തിയില്ല.
മഴത്തുള്ളികളിലും പെരുവെള്ളത്തിലും
അത് അലിഞ്ഞു തീരും.
ആരും കാണാത്ത നൊമ്പരങ്ങൾ ഉള്ളിലൊതുക്കി …..
നീ ഇനിയും ഒഴുകണം.
നിന്നെ ഉപയോഗിക്കുവാൻ അനവധി പേർ കാത്തിരിക്കുന്നു.
പരാതിയില്ലാതെ, പരിഭവമില്ലാതെ ,
സമ്മതിക്കുകയല്ലാതെ മറ്റ് മാർഗമില്ല.
എല്ലാം നിർവചിക്കപ്പെട്ട
വഴികളിലൂടെയല്ല നീ ഒഴുകണ്ടത്.
പാറകളിൽ തലകുത്തി വീണേക്കാം;
മരക്കുറ്റികളിൽ വഴി മാറിയും,
ചുഴികളിൽ കറങ്ങിയും നീ പതറിയേക്കാം.
നാളെ എവിടെയെത്തും എന്ന് നിശ്ചയമില്ലെങ്കിലും നീ ഒഴുകണം.
മഴയും വേനലും നിന്നിൽ വ്യത്യസ്ത അനുഭവങ്ങൾ ജനിപ്പിക്കും.
സുഖവും ദുഃഖവും ഒരേ പോലെ നീ സ്വീകരിക്കണം.
ദൂരെയുള്ള കടലിലേക്കാണ് നീ ഒഴുകേണ്ടത്.
കൂടെ ചേരാൻ അരുവികളില്ലെങ്കിലും
ദൂരെയുള്ള തിരമാലകളെ സ്വപ്നം കാണണം.
പ്രതീക്ഷകളോടെ ഇനിയും ഒഴുകണം.
കാരണം നീയൊരു പുഴയാണ്;
എന്നും ഒഴുകുന്ന പുഴ.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.