ജാഗരൂകത, ക്രിസ്തിയ ജീവിതത്തിൻറെ സുപ്രധാന മാനം! – ഫ്രാൻസീസ് പാപ്പാ

“ജാഗരൂകരായിരിക്കുക എന്നതിൻറെ അർത്ഥം ഇതാണ്: ഹൃദയം അലസതയിൽ നിപതിക്കാനും ആത്മീയ ജീവിതം മന്ദോഷ്ണതയിൽ അലിഞ്ഞുചേരാനും അനുവദിക്കാതിരിക്കുക”‘- ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം- ആഗമനകാലം ഒന്നാം ഞായർ.

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ആഗമനകാലത്തിലെ, ആദ്യ ഞായറാഴ്‌ചയായ, ഇന്നത്തെ, അതായത്, തിരുപ്പിറവിക്കുള്ള ഒരുക്കത്തിൻറെ ആദ്യ ഞായറാഴ്ചത്തെ, ആരാധനാക്രമത്തിലെ സുവിശേഷം, യുഗാന്ത്യത്തിൽ കർത്താവ് വരുന്നതിനെക്കുറിച്ചാണ് നമ്മോട് പറയുന്നത്. ദുരിതപൂർണ്ണമായ സംഭവങ്ങളും പീഡകളും ഉണ്ടാകുമെന്ന് യേശു പ്രഖ്യാപിക്കുന്നു, എന്നാൽ ഈ ഘട്ടത്തിൽ ഭയരഹിതരായിരിക്കാൻ അവിടന്നു നമ്മെ ക്ഷണിക്കുന്നു. എന്താണതിനു കാരണം? എല്ലാം ശരിയായ രീതിയിലാണോ പോകുന്നത് ? അല്ല, ഏന്നാൽ അവിടന്നു വരും. യേശു മടങ്ങിവരും, യേശു വരും, അത് അവിടന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടന്ന് ഇങ്ങനെ പറയുന്നു: “നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു” (ലൂക്കാ 21:28). പ്രോത്സാഹജനകമായ ഈ വചനം കേൾക്കുക മനോഹരമാണ്: നിങ്ങൾ എഴുന്നേറ്റ് ശിരസ്സുയർത്തുക, കാരണം എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന നിമിഷങ്ങളിൽ, കർത്താവ് നമ്മെ രക്ഷിക്കാൻ വരുന്നു; കഷ്ടതകളുടെ നടുവിലും ജീവിത പ്രതിസന്ധികളിലും ചരിത്രത്തിൻറെ ദുരന്തങ്ങളിലും പോലും അവിടത്തെ സന്തോഷത്തോടെ പാർത്തിരിക്കുക. കർത്താവിനെ കാത്തിരിക്കുക. എന്നാൽ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടുകൾ, പരാജയങ്ങൾ എന്നിവയിൽ മുങ്ങിപ്പോകാതെ തല ഉയർത്താൻ നമുക്ക് എങ്ങനെ സാധിക്കും? ശക്തമായ ഒരു ഓർമ്മപ്പെടുത്തലോടെ യേശു നമുക്ക് വഴി കാണിച്ചുതരുന്നു: “നിങ്ങളുടെ ഹൃദയങ്ങൾ ഭാരമുള്ളതാകാതിരിക്കാൻ നിങ്ങൾ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ […]. പ്രാർത്ഥിച്ചുകൊണ്ട് എപ്പോഴും ജാഗരൂഗരായിരിക്കുവിൻ “(വാ. 34.36).

ജാഗരൂകരായിരിക്കുക, ആലസ്യത്തിലാഴാതിരിക്കുക

“ഉണർന്നിരിക്കുക”, ജാഗ്രത. ക്രിസ്തീയ ജീവിതത്തിൻറെ ഈ സുപ്രധാന മാനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ജാഗ്രത എന്നത് ദത്താവധാനതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി യേശുവിൻറെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം: നിങ്ങൾ സൂക്ഷിക്കുക, ജാഗ്രത പാലിക്കുക, അശ്രദ്ധയുള്ളവരായിരിക്കരുത്, അതായത്, ഉണർന്നിരിക്കുക! ജാഗരൂകരായിരിക്കുക എന്നതിൻറെ അർത്ഥം ഇതാണ്: ഹൃദയം അലസതയിൽ നിപതിക്കാനും ആത്മീയ ജീവിതം മന്ദോഷ്ണതയിൽ അലിഞ്ഞുചേരാനും അനുവദിക്കരുത്. ശ്രദ്ധിക്കുക, കാരണം നിങ്ങൾ “മയക്കമുള്ള ക്രിസ്ത്യാനികൾ” ആയിത്തീരാനുള്ള സാധ്യതയുണ്ട്, സൂക്ഷിക്കുക- നമുക്കറിയാം: മയക്കത്തിലാണ്ട ധാരാളം ക്രിസ്ത്യാനികൾ ഉണ്ട്, ആത്മീയ ലൗകികതയാൽ മയക്കപ്പെട്ട ക്രിസ്ത്യാനികൾ – ആത്മീയ ഉണർവ്വില്ലാത്ത ക്രിസ്ത്യാനികൾ, പ്രാർത്ഥനയിൽ തീക്ഷ്ണതയില്ലാതെ – പ്രേഷിത ദൗത്യത്തിൽ ഉത്സാഹമില്ലാതെ, സുവിശേഷത്തോട് അഭിനിവേശം ഇല്ലാതെ, അവർ തത്തകളെപ്പോലെ പ്രാർത്ഥിക്കുന്നു. ചക്രവാളത്തിലേക്ക് നോക്കാൻ കഴിയാതെ എപ്പോഴും ഉള്ളിലേക്ക് നോക്കുന്ന ക്രിസ്ത്യാനികൾ. ഇത് “മയക്കത്തിലേക്ക്” നയിക്കുന്നു: ആലസ്യത്താൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു, നിർവ്വികാരതയിൽ നിപതിക്കുന്നു, തങ്ങൾക്ക് സൗകര്യപ്രദമായത് ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും നിസ്സംഗതയുള്ളവർ. ഇത് സങ്കടകരമായ ഒരു ജീവിതമാണ്, ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ… അവിടെ സന്തോഷമില്ല.

ജീവിത വ്യഗ്രതകൾ, പ്രതിസന്ധികൾ ഹൃദയത്തെ ഭാരപ്പെടുത്തുന്നുണ്ടോ?

ദിവസങ്ങളെ സ്ഥിരാചാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാൻ, ജീവിതവ്യഗ്രതകളാൽ ഭാരപ്പെടാതിരിക്കാൻ നാം ജാഗരൂകരായിരിക്കണം എന്ന്  യേശു പറയുന്നു (വാക്യം 34). ജീവിതത്തിലെ പ്രതിസന്ധികൾ നമ്മെ തളർത്തുന്നു. അതിനാൽ, ഇന്ന് നമ്മോടുതന്നെ ചോദിക്കാനുള്ള നല്ല അവസരമാണ്: എൻറെ ഹൃദയത്തെ ഭാരപ്പെടുത്തുന്നത് എന്താണ്? എന്താണ് എൻറെ ആത്മാവിനെ ഭാരപ്പെടുത്തുന്നത്? എന്താണ് എന്നെ അലസതയുടെ ചാരുകസേരയിൽ ആസനസ്ഥനാക്കുന്നത്? ക്രിസ്ത്യാനികളെ “ചാരുകസേരയിൽ” കാണുന്നത് സങ്കടകരമാണ്! എന്നെ തളർത്തുന്ന മന്ദോഷ്ണതകൾ, ദുശ്ശീലങ്ങൾ, എന്നെ നിലംപരിശാക്കുന്ന, തലയുയർത്താൻ അനുവദിക്കാത്ത ദുഷ്പ്രവണതകൾ  എന്തൊക്കെയാണ്? സഹോദരങ്ങളുടെ ചുമലിലെ ഭാരങ്ങളുടെ കാര്യത്തിൽ, ഞാൻ ശ്രദ്ധാലുവാണോ അതോ നിസ്സംഗനാണോ? ഈ ചോദ്യങ്ങൾ നമുക്ക് ഗുണകരമാണ്, കാരണം അവ ഹൃദയത്തെ അലസതയിൽ നിന്ന് കാത്തുരക്ഷിക്കാൻ സഹായിക്കുന്നു. പക്ഷേ, പിതാവേ, ഞങ്ങളോട് പറയൂ: എന്താണ് ഉദാസീനത? അത് ആത്മീയ ജീവിതത്തിൻറെയും, ക്രിസ്തീയ ജീവിതത്തിൻറെയും വലിയ ശത്രുവാണ്. ഉദാസീനത എന്നത് ജീവിതത്തിൻറെ ആസ്വാദനത്തെയും പ്രവർത്തിക്കാനുള്ള ആഗ്രഹത്തെയും ഇല്ലാതാക്കുന്ന, സങ്കടത്തിലേക്ക് തള്ളിയിടുന്ന അലസതയാണ്. ഇത് ഒരു നിഷേധാത്മക അരൂപിയാണ്, അത് ആത്മാവിനെ വേദനയിൽ തറച്ച് അതിൻറെ ആനന്ദം കവർന്നെടുക്കുന്ന ഒരു ദുരാത്മാവാണ്. ആ സങ്കടത്തിൽ നിന്ന് ആരംഭിക്കുന്നു, വഴുതിവീഴുന്നു, സന്തോഷരഹിതം. സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു: “നിൻറെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, ജീവൻറെ ഉറവകൾ അതിൽ നിന്നാണ് ഒഴുകുന്നത്” (സുഭാഷിതങ്ങൾ 4,23). ഹൃദയത്തെ കാത്തുസൂക്ഷിക്കുക: ഇതിനർത്ഥം ജാഗ്രത പാലിക്കുക, എന്നാണ്! ഉണർന്നിരിക്കുക, നിൻറെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക.

ഉണർവ്വിന്  പ്രാർത്ഥന

നമുക്ക് കാതലായ ഒരു ഘടകം കൂട്ടിചേർക്കാം: ജാഗരൂകരായിരിക്കുന്നതിനുള്ള  രഹസ്യം പ്രാർത്ഥനയാണ്. വാസ്തവത്തിൽ, യേശു പറയുന്നു: “പ്രാർത്ഥിച്ചുകൊണ്ട് എല്ലാ സമയത്തും ജാഗരൂഗരായിരിക്കുക” (ലൂക്കാ 21:36). ഹൃദയവിളക്ക് ദീപ്തമാക്കി നിറുത്തുന്നത് പ്രാർത്ഥനയാണ്. പ്രത്യേകിച്ചും ഉത്സാഹം തണുത്തുപോകുന്നു എന്ന് നമുക്ക് തോന്നുമ്പോൾ, പ്രാർത്ഥന അതിനെ പുനരുജ്ജീവിപ്പിക്കുന്നു, കാരണം അത് നമ്മെ ദൈവത്തിലേക്ക്, സകലത്തിൻറെയും കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. പ്രാർത്ഥന ആത്മാവിനെ ഉറക്കത്തിൽ നിന്ന് ഉണർത്തുകയും സുപ്രധാനാമായതിൽ, അസ്തിത്വത്തിൻറെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു. തിരക്കുള്ള ദിവസങ്ങളിൽ പോലും നാം പ്രാർത്ഥന അവഗണിക്കരുത്. “അവിടത്തെ പ്രതിച്ഛായയിൽ”, അഥവാ, “അ സുവ ഇമ്മാജിനെ” (a sua immagine) എന്ന പരിപാടിയിൽ ഇപ്പോൾ ഞാൻ കാണുകയായിരുന്നു  പ്രാർത്ഥനയെക്കുറിച്ചുള്ള മനോഹരമായ ഒരു പരിചിന്തനം: അത് കാണുന്നത് നമുക്ക് സഹായകരമാണ്, അത് നമുക്ക് ഗുണം ചെയ്യും. ഹൃദയത്തിൻറെ പ്രാർത്ഥന, പ്രാർത്ഥനാശകലങ്ങൾ കൂടെക്കൂടെ ആവർത്തിക്കുന്നത് നമ്മെ സഹായിക്കും. ഉദാഹരണമായി, “കർത്താവായ യേശുവേ, വരൂ” എന്ന് പറയാൻ ആഗമനകാലത്ത് ശീലിക്കുക. ഇതു മാത്രം, എന്നാൽ ഇത് പറയണം: “കർത്താവായ യേശുവേ, വരൂ”. തിരുപ്പിറവിക്കായുള്ള ഒരുക്കങ്ങളുടെ ഈ സമയം മനോഹരമാണ്: നാം പുൽക്കുടിനെക്കുറിച്ച് ചിന്തിക്കുന്നു, തിരുപ്പിറവിയെക്കുറിച്ചു ചിന്തിക്കുന്നു, നമുക്ക് ഹൃദയംഗമമായിപറയാം: “കർത്താവായ യേശുവേ, വരൂ”. നമുക്ക് ദിവസം മുഴുവൻ ഈ പ്രാർത്ഥന ആവർത്തിക്കാം, ആത്മാവ് ജാഗരൂകമായിരിക്കും! “കർത്താവായ യേശുവേ, വരേണമേ”: മൂന്ന് പ്രാവശ്യം ചൊല്ലാവുന്ന ഒരു പ്രാർത്ഥനയാണിത്, നമുക്കെല്ലാം ഒരുമിച്ച് ചൊല്ലാം “കർത്താവായ യേശുവേ വന്നാലും”, “കർത്താവായ യേശുവേ വരൂ”, “കർത്താവായ യേശുവേ വരൂ”.

പരിശുദ്ധ കന്യകാമറിയത്തോട്

ഇനി നമുക്ക് നമ്മുടെ അമ്മയോട് പ്രാർത്ഥിക്കാം: ജാഗ്രതയുള്ള ഹൃദയത്തോടെ കർത്താവിനെ പാർത്തിരുന്ന അവൾ ആഗമനകാലയാത്രയിൽ നമ്മെ തുണയ്ക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles