കേരളസഭയ്ക്ക് മാര്‍പാപ്പായുടെ ആദരവ്
അബുദാബി: അബുദാബിയില്‍ നടന്ന ദിവ്യബലി മധ്യേ സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശവും അംഗീകാരവും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഹകാര്‍മികരായി മാര്‍പാപ്പയുടെ മുഖ്യകാര്‍മികരായിരുന്നു.
മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ക്കായുള്ള പ്രാര്‍ഥനകളില്‍ മലയാളം ഉള്‍പ്പെടുത്തിയതും കേരളത്തിന് അഭിമാനമായി. കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദു, മലയാളം എന്നീ ആറു ഭാഷകളിലായിരുന്നു പ്രത്യേക പ്രാര്‍ഥന നടത്തിയത്. ഇംഗ്ലീഷിലും ലത്തീനിലുമായാണു വിശുദ്ധ കുര്‍ബന അര്‍പ്പിച്ചത്. “അനന്ത സൗന്ദര്യത്തിന്റെ ഉറവിടമായ ദൈവമേ … അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ…” എന്ന പ്രാര്‍ഥനയാണ് ബലിപീഠത്തിനരികെ നിന്ന് ചൊല്ലിയത്. മലയാളത്തിലുള്ള പ്രാര്‍ഥന ഉണ്ടായതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് മലയാളികള്‍ പറഞ്ഞു.