ജോസഫ്: നിശബ്ദതയില്‍ ദൈവത്തെ കണ്ടെത്തിയ വ്യക്തി
The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറ ഇങ്ങനെ കുറിക്കുന്നു: ‘നിശബ്ദതയില്ലങ്കില്‍ ദൈവം കോലാഹലത്തില്‍ അപ്രത്യക്ഷനാകുന്നു.
ദൈവം ഇല്ലാത്തതിനാല്‍ ഈ ശബ്ദം കൂടുതല്‍ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും.’
ലോകത്തിന്റെ ശബ്ദ കോലാഹലത്തിനിടയില്‍ നിശബ്ദതയില്‍ ദൈവത്തെ കണ്ടെത്തിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയില്‍ ദൈവത്തെ കണ്ടെത്തിയതിനാല്‍ അവന്റെ ജീവിതം ശൂന്യതയിലേക്കു കൂപ്പുകുത്തിയില്ല. ദൈവത്തെ തിരിച്ചറിഞ്ഞ അവന്റെ ജീവിതം നിറവുള്ളതായിരുന്നു. ശ്രദ്ധിച്ചില്ലങ്കില്‍
നമ്മുടെ കാലഘട്ടത്തിലെ വലിയ കോലാഹലങ്ങള്‍ നമുക്കു ദൈവത്തെ നഷ്ടപ്പെടുത്തുന്നതിന് കാരണമായിത്തീര്‍ന്നേക്കാം. നിശബ്ദതയില്‍ ദൈവത്തെ നമുക്കു വീണ്ടെടുക്കാം.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ രക്ഷകന്റെ സംരക്ഷകന്‍ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം അധ്യയത്തില്‍
‘ആന്തരിക ജീവിതത്തിന്റെ പ്രാഥമികതയെക്കുറിച്ച് പഠിപ്പിക്കുന്നു’ മറിയത്തിന്റെ ഭര്‍ത്താവും ഈശോയുടെ വളര്‍ത്തു പിതാവും എന്ന നിലയില്‍ പക്വതയോടെ പ്രതികരിക്കാനും ജീവിതത്തില്‍ തനിക്ക് ലഭിച്ച കൃപകളോട് സ്ഥിരമായി സഹകരിക്കാനും യൗസേപ്പിനെ പ്രാപ്തമാക്കിയത് വിശുദ്ധമായ മൗനത്തിലൂന്നിയ ധ്യാനാത്മക ജീവിതമായിരുന്നു.
നമ്മുടെ ജീവിതത്തിലെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ദൈവത്തെ നഷ്ടപ്പെടാതിരിക്കാന്‍ യൗസേപ്പിതാവിന്റെ മാതൃക നമുക്കു സ്വന്തമാക്കാം.
~ ഫാ. ജയ്സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.