പരിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ?

പതിമൂന്നു വർഷം പരിശുദ്ധ കുർബ്ബാന മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ വിശുദ്ധയെ അറിയാമോ ? അതാണ് അനുഗ്രഹീതയായ അലക്സാൻഡ്രിന മരിയ ഡകോസ്റ്റ.

പോർച്ചുഗലിൽ 1904 മാർച്ച് 30 നു ആണ് അലക്സാൻഡ്രിന ജനിച്ചത്. ചെറുപ്പത്തിൽ ചിരിച്ചു കളിച്ച് കുട്ടിക്കുറുമ്പുകൾ കാണിച്ച് അവൾ ഓടിനടന്നു. നീ ശരിക്കുമൊരു കുഞ്ഞാടിനെ പോലെയാണെന്ന് തുള്ളി തുള്ളി നടക്കുന്ന അവളെക്കണ്ട് അമ്മ പറയുമായിരുന്നു. പള്ളിയിൽ നിന്ന് മടങ്ങുന്ന സ്ത്രീകൾക്ക് നേരെ ഒളിച്ചു നിന്ന് ചെറിയ കല്ലെറിയുക, പള്ളിപ്രസംഗം നീണ്ടുപോവുമ്പോൾ മുന്നിലിരിക്കുന്ന പ്രായമായ സ്ത്രീകളുടെ നീണ്ടുകിടക്കുന്ന വസ്ത്രങ്ങൾ തമ്മിൽ കെട്ടിയിടുക എന്നിവ അവളുടെ കുറുമ്പുകളിൽ ചിലത് ആയിരുന്നു. പക്ഷെ ഒരു ഇരുത്തം വന്ന സ്ത്രീയെപ്പോലെ അവള്‍ പണികൾ എടുത്തിരുന്നു.വിറകുവെട്ടാനും വീട് വൃത്തിയായി സൂക്ഷിക്കാനും തുണി കഴുകാനും ഒക്കെ.

ഒരു കർഷകന്റെ വീട്ടിൽ അവൾ വേലക്കാരിയായി പോയി. പക്ഷെ വളരെ ക്രൂരമായി പണിചെയ്യിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന അയാളുടെ കൂടെ 5 മാസത്തിൽ കൂടുതൽ അവൾക്ക് നിക്കാൻ കഴിഞ്ഞില്ല.

അവൾക്ക് 14 വയസ്സുള്ളപ്പോൾ അവളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായി. വിശുദ്ധവാരത്തിൽ ശനിയാഴ്ച അവൾ തൻറെ വീട്ടിൽ അവളുടെ സഹോദരിയുടെയും ഒരു ജോലിക്കാരിയുടെയും കൂടെ തയ്യൽപണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവൾ നേരത്തെ ജോലി ചെയ്തിരുന്ന വീട്ടിലെ ആളും വേറെ രണ്ടു ചട്ടമ്പികളും വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ഉപദ്രവിക്കാൻ തുടങ്ങി. രക്ഷപ്പെടാനായി അലക്സാൻഡ്രിന തുറന്ന ജനലിലൂടെ 4 മീറ്ററിലധികം താഴേക്ക് എടുത്തുചാടി. നടുവിന് അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും അവൾ എണീറ്റുപോയി ഒരു വടി എടുത്തുകൊണ്ടു വന്നു വീട്ടിൽ കയറി ആ മനുഷ്യരെ അടിച്ചോടിച്ചു. അസഹ്യമായ വേദനയിൽ അവൾ കിടപ്പിലായി.

പിന്നീട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകളായിരുന്നു. അവസാനം ഡോക്ടർമാർക്ക് അലക്സാൻഡ്രിനയുടെ അമ്മയോട് അവളൊരിക്കലും ഇനി പഴയ പോലെ ആവില്ലെന്നും ജീവിതകാലം മുഴുവൻ തളർന്നു കിടക്കുമെന്നുമുള്ള സത്യം പറയേണ്ടി വന്നു.

19 വയസ്സാകുന്നു വരെ അലക്സാൻഡ്രിന പള്ളിയിലേക്ക് ഇഴഞ്ഞുവലിഞ്ഞു പോയി നിലത്തു കിടന്നു കുർബ്ബാനയിൽ പങ്കെടുത്തിരുന്നു . ആ കാഴ്ച ഇടവകയിൽ ഒരുപാട് പേരെ സ്പർശിച്ച് അവരുടെ ആത്മശോധനക്ക് കാരണമായി. 1925 ഏപ്രിൽ 14 മുതൽ കിടപ്പുരോഗി ആയിത്തീർന്ന അവൾ മരിക്കുന്നതു വരെ നീണ്ട 30 കൊല്ലമാണ് ആ കിടപ്പു കിടന്നത്.

പരിശുദ്ധ അമ്മയോട് ഒരു അത്ഭുതത്തിനായി അവൾ യാചിച്ചു. രോഗം ഭേദമായാൽ ശിഷ്ടകാലം ഒരു മിഷനറി ആയി ജീവിക്കാമെന്ന് വാക്ക് കൊടുത്തു. ഈശോക്കും അങ്ങനെ ഉറപ്പുകൾ കൊടുത്തെങ്കിലും അവളുടെ വീട്ടുകാർ ധാരാളം നൊവേനകൾ ഒക്കെ ചൊല്ലിയെങ്കിലും രോഗം ഭേദമായില്ല.

പാപികൾക്കുവേണ്ടി സഹിക്കുന്ന ഒരു ബലിയാത്മാവ് ആവാൻ ഈശോ അവളെ ക്ഷണിക്കുകയാണെന്ന ഒരു തിരിച്ചറിവ് സാവധാനം അവൾക്കുണ്ടായി. ‘സഹിക്കുക , സ്നേഹിക്കുക, പ്രായശ്ചിത്തം ചെയ്യുക’ .. ഇതായിരിക്കും ഇനിയുള്ള അവളുടെ ജീവിതമെന്നും. അവളുടെ ദൗത്യത്തിനെക്കുറിച്ചുള്ള വ്യക്തത കൈവന്നപ്പോൾ സന്തോഷപ്പൂർവ്വം അതവൾ ഏറ്റെടുത്തു. “പരിശുദ്ധ അമ്മ എന്നെ വലിയ കൃപയിലേക്കാണ് നയിച്ചത്” അവൾ പറഞ്ഞു.” ആദ്യം ഉപേക്ഷയിലേക്ക് , പിന്നെ ദൈവഹിതത്തിന് പൂർണ്ണമായി അനുരൂപപ്പെടാൻ, പിന്നീട് സഹിക്കുവാനുള്ള ദാഹത്തിന്”.

അവളുടെ വിളിയെക്കുറിച്ചു ബോധ്യം ലഭിക്കും തോറും സഹിക്കാനുള്ള അവളുടെ ആഗ്രഹം കൂടിക്കൂടി വന്നു: മറ്റുള്ളവർക്ക് പാപത്തിന്റെ ഫലങ്ങളെ പറ്റി അറിവ് കൊടുക്കാൻ, മാനസാന്തരത്തിലേക്ക് അവരെ നയിക്കാൻ യേശുവിന്റെ പീഡാനുഭവത്തിന്റെ ജീവിക്കുന്ന സാക്ഷിയാകാൻ, മനുഷ്യകുലത്തിന്റെ രക്ഷാകരകർമ്മത്തിൽ തന്റേതായ സംഭാവന കൊടുക്കാൻ.

ഒക്ടോബർ 3 1938 മുതൽ മാർച്ച് 24 1942 വരെ എല്ലാ വെള്ളിയാഴ്ചകളിലും 3 മണിക്കൂർ നേരത്തേക്ക് യേശുവിന്റെ പീഡാനുഭവവേദന അവളും അനുഭവിച്ചു. ആ നേരത്തേക്ക് അവളുടെ തളർച്ച മാറി, കഠിനവേദന അനുഭവിച്ചു കൊണ്ട് കുരിശിന്റെ വഴികളിൽ അവൾ ജീവിച്ചു. മനുഷ്യരുടെ തെറ്റിദ്ധാരണയും അവിശ്വാസവും അവളുടെ സഹനം വർദ്ധിപ്പിച്ചു. പുരോഹിതരുടെ കമ്മീഷൻ അന്വേഷണപരമ്പരകൾക്ക് ശേഷം അവൾക്കെതിരായി വിധി സമർപ്പിച്ചതിന്റെ ഫലമായി ആർച്ചുബിഷപ്പ് കുറെയേറെ കാര്യങ്ങളിൽ നിരോധനം പുറപ്പെടുവിച്ചു. 7 കൊല്ലത്തേക്ക് അവളുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഈശോസഭാ വൈദികനെ വിലക്കി. ഈ സഹനങ്ങളെല്ലാം പരാതി കൂടാതെ അവൾ ഏറ്റടുത്തു.

1942 മാർച്ച് 27 നു ശേഷം അവളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. ദിവ്യകാരുണ്യമല്ലാതെ വേറൊന്നും അവൾക്ക് കഴിക്കാൻ സാധിച്ചില്ല. പിന്നീടങ്ങോട്ട് മരണം വരെ അവൾ ദിവ്യകാരുണ്യം മാത്രം കഴിച്ചാണ് ജീവൻ നിലനിർത്തിയത്. 33kg വരെ അവളുടെ തൂക്കം കുറയാറുണ്ടായിരുന്നു. പിന്നീടങ്ങോട്ട് പരീക്ഷണനിരീക്ഷണങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. ഒരു മനുഷ്യനും ഇത് സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർമാരുടെ ഒരു സംഘം കുറെകാലത്തേക്ക് അവളെ നിരീക്ഷണത്തിൽ ഏർപ്പെടുത്തി. ഏകാന്തത ലഭിക്കാത്തതും അപമാനിക്കുന്നതുമായ ധാരാളം പരീക്ഷണങ്ങളും സഹനങ്ങളും.

ഈശോ അവളോട് പറഞ്ഞ വാക്കുകൾ അവളോർത്തു, “നിനക്ക് ആശ്വാസം ലഭിക്കുന്നത് വിരളമായിരിക്കും. പക്ഷെ നിന്റെ ഹൃദയം സഹനത്തിൽ നിറഞ്ഞിരിക്കുമ്പോഴും നിന്റെ ചുണ്ടിൽ പുഞ്ചിരി കാണണമെന്നുള്ളത് എന്റെ ആഗ്രഹമാണ്” . അവളെ സന്ദർശിച്ചവരെല്ലാം അവളെ സന്തോഷത്തോടെയും പുഞ്ചിരിയോടെയുമാണ് കണ്ടത്. അവൾ എത്ര സഹിക്കുന്നെന്നു അറിയാവുന്നത് വളരെ കുറച്ചു പേർക്ക് മാത്രമായിരുന്നു.

ഫാദർ പാസ്കലിന്റെ നിർദ്ദേശപ്രകാരം അവളുടെ സഹോദരി 1944 മുതൽ 1955ൽ അവൾ മരിക്കുന്നതു വരെയുള്ള അവളുടെ സംഭാഷണങ്ങളും മിസ്റ്റിക് അനുഭവങ്ങളും ശ്രദ്ധയോടെ എഴുതിസൂക്ഷിച്ചു. ആ 5000 പേജുകൾ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ വളരെ ഉപകാരപ്പെട്ടു.

1944 ൽ അലക്സാൻഡ്രിന ‘ Union of Salesian Cooperators’ ൽ അംഗമായി. ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയും യുവജനങ്ങളുടെ വിശുദ്ധീകരണത്തിനു വേണ്ടിയും അവൾ തൻറെ സഹനം സമർപ്പിച്ചു. വിശുദ്ധ ഡോൺബോസ്‌കോയുടെ ദൗത്യം ലോകത്തിൽ തുടരാൻ ഒരുങ്ങികൊണ്ടിരുന്ന സലേഷ്യൻ നോവിസുകളുടെ കൂടെ ഒരു സഹനസഹോദരിയാവാൻ അവൾ ആഗ്രഹിച്ചു.പാവങ്ങളോട് കരുണയും ഉപദേശം തേടിവരുന്നവരുടെ ആത്മീയാരോഗ്യത്തിൽ വളരെ താല്പര്യവും അവൾ കാണിച്ചു.

12 കൊല്ലം ദിവ്യകാരുണ്യമല്ലാതെ വേറെ ഒന്നും കഴിക്കാൻ സാധിക്കാതിരുന്ന അവളുടെ കാഴ്ചശക്തി 1954 മുതൽ നന്നേ കുറഞ്ഞു. ചെറിയ പ്രകാശം പോലും നേരിടാൻ സാധിക്കാതെ അവൾ ഇരുട്ടിലേക്ക് പിൻവാങ്ങി. അവൾ തൻറെ മുറിയെ ഇരുണ്ട ജയിൽ എന്ന് വിളിച്ചു. പാപികൾക്ക് വേണ്ടി താൻ ഒരു ചെറുനാരങ്ങാ പോലെ പിഴിയപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ട് അവരോട് അവൾ മാനസാന്തരത്തിനായി ആഹ്വാനം ചെയ്തു.

1955 May 6 നു പരിശുദ്ധ അമ്മ അവളോട് പറഞ്ഞു,” കുറഞ്ഞ സമയത്തിനുള്ളിൽ നിന്നെ കൊണ്ടുപോകാൻ ഞാൻ വരും”. ആ കൊല്ലം ഒക്ടോബർ 13 നു ആ ദിവസം വന്നുചേർന്നു.

ചുറ്റും നിന്നവരോട് അവൾ മന്ത്രിച്ചു, “പാപം ചെയ്യരുത്. ലോകത്തെ കണക്കിലെടുക്കണ്ട. ഇതാണ് വേണ്ടത്. കൂടെക്കൂടെ ദിവ്യകാരുണ്യ സ്വീകരണം നടത്തുക, ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുക, നമ്മള്‍ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുന്നത് വരെ വിട “. അന്ന് വൈകുന്നെരം ഈ വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അവൾ മരിച്ചു, ” ഞാൻ വളരെ സന്തോഷവതിയാണ് , കാരണം ഞാൻ പോകുന്നത് സ്വർഗ്ഗത്തിലേക്കാണ്”.

അവളുടെ ദൗത്യത്തിന്റെ സാക്ഷ്യമെന്ന പോലെ ഈ വാക്കുകൾ തൻറെ ശവകുടീരത്തിൽ എഴുതി വെക്കാൻ അവൾ പറഞ്ഞു, ” പാപികളെ, എന്റെ ശരീരത്തിലെ ധൂളികൾക്ക് നിങ്ങളെ രക്ഷിക്കാൻ കഴിയുമെങ്കിൽ.. അടുത്ത് വരൂ, അതിൽ ചവിട്ടി നടക്കു, അത് അപ്രത്യക്ഷമാകും വരെ എടുത്തെറിഞ്ഞു ചവിട്ടിക്കൊള്ളുക. പക്ഷെ ഒരിക്കലും പാപം ചെയ്യരുത് , ഈശോയെ ഇനിയും വേദനിപ്പിക്കരുത്, പാപികളെ … നിങ്ങളോടിത് പറയാൻ ഞാനെത്ര ആഗ്രഹിക്കുന്നു…. നിത്യകാലത്തേക്ക് ഈശോയെ നഷ്ടപ്പെടുത്തുക എന്ന ദുർവിധി നിങ്ങൾ വരുത്തരുത് കാരണം അവൻ ഒരുപാട് നല്ലവനാണ് . പാപം ചെയ്യുന്നത് മതിയാക്കു. ഈശോയെ സ്നേഹിക്കൂ.. അവനെ സ്നേഹിക്കൂ !”

2004 ഏപ്രിൽ 25 നു അലക്സാൻഡ്രിനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന വേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ശിമയോൻ പത്രോസിനോട് ഈശോ നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് മൂന്നു പ്രാവശ്യം ചോദിച്ചത് ഓർത്തെടുത്തു. പരിശുദ്ധ പിതാവ് തുടർന്നു, ” സ്നേഹം പരത്തിക്കൊണ്ടും സ്നേഹത്താൽ എരിഞ്ഞുകൊണ്ടും തൻറെ രക്ഷകന് അവൾ ഒന്നും നിഷേധിച്ചില്ല. അവനോടുള്ള തൻറെ സ്നേഹം വെളിപ്പെടുത്താൻ അസാധാരണ മനഃശക്തിയോടെ അവൾ എല്ലാം സ്വീകരിച്ചു. ഒരു രക്തപങ്കാളിയായി, ദിവ്യകാരുണ്യത്തിൽ നിന്ന് ശക്തി സ്വീകരിച്ചു കൊണ്ട് യേശുവിന്റെ പീഡകളിൽ അവൾ രഹസ്യാത്മകമായി ജീവിച്ചു, പാപികൾക്ക് വേണ്ടി തന്നെത്തന്നെ ബലിയായി നൽകി. അവസാന 13 കൊല്ലത്തെ ജീവിത്തിൽ ദിവ്യകാരുണ്യം മാത്രമാണ് അവൾക്ക് ശക്തിസ്രോതസ്സായത്”.

Blessed Alexandrina Maria da Costa, Pray for us


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles