ദൈവം
ഒറ്റയ്ക്കിരുന്നപ്പോൾ ഉള്ളിൽ ആരോ മന്ത്രിക്കുന്നതു പോലെ തോന്നി ആരാണ് ദൈവം? സ്ത്രീയോ പുരുഷനോ… ചോദ്യം ഉള്ളിൽ പ്രകമ്പനം കൊള്ളിച്ചപ്പോൾ ഞാൻ ഗുരുവിന്റെ അടുത്തേക്ക് ചെന്നു.
ജിജ്ഞാസയോടെ ആരാഞ്ഞു …
അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ എന്നെയും കാണിച്ചു തരുക.. അങ്ങനെ ഞാൻ മനസ്സിലാക്കട്ടെ ദൈവം പുരുഷനോ സ്ത്രീയോ എന്ന്…
ഗുരു എന്റെ കൈയ്യിൽ ഒരു പാത്രം നൽകി. വിശന്നു വലഞ്ഞപ്പോൾ തെരുവിൽ കണ്ട പലരുടെയും മുൻപിൽ ഞാൻ ആ ഭിക്ഷ പാത്രം നീട്ടി.ഒടുവിൽ തെരുവിൽ ഞാൻ തളർന്നു വീണു.എവിടെ നിന്നോ ഒരു സ്ത്രീ തളർന്നു വീണ എന്റെ ഭീക്ഷ പാത്രത്തിൽ ഒരു പിടി അന്നം തന്നു. കണ്ണുകൾ തുറന്നു നന്ദിയോടെ ഞാൻ ആ സ്ത്രീയേ നോക്കി വിശേഷിപ്പിച്ചു … ദൈവം …
ഭിക്ഷ പാത്രത്തിൽ വീണ ഒരു പിടി അന്നം ഭക്ഷിക്കവേ ഞാൻ ആ കാഴ്ച കണ്ടു… തെരുവിലെ അഴുക്കു ചാലിൽ നോക്കി തളർന്നിരിക്കുന്ന ബാലൻ.ഞാൻ എന്റെ ഭീക്ഷ പാത്രത്തിലെ അന്നം അവനുമായി പങ്കു വെച്ചു… വിശപ്പു തളർത്തിയ കണ്ണുകൾ തുറന്ന് അവൻ എന്നെ വിളിച്ചു. ദൈവം….
കുറെ നടന്ന് ഞാൻ ഗുരുവിന്റെ അടുത്തേക്ക് വീണ്ടും എത്തി… ഗുരു ആരാഞ്ഞു …
ദൈവത്തെ കണ്ടുവോ …? കണ്ടു…
പിന്നെയും ഗുരു ചോദിച്ചു…എങ്കിൽ ദൈവം ആരാണ്… സ്ത്രീയോ പുരുഷനോ … ?
ഉള്ളിൽ നിന്ന് ആരോ മന്ത്രിക്കുന്നത് ഞാൻ കേട്ടു. അത് നീ തന്നെയാകുന്നു. ഞാൻ ഗുരുവിന്റെ പാതങ്ങൾ നമസ്കരിച്ചു. നാവിൽ നിന്ന് പിന്നെയും ആ വാക്ക് ഉതിർന്നു വീണു … ദൈവം .. അതു നീ തന്നെയാകുന്നു.. സമസ്തവം നീയാകുന്നു .