ഐഎസിൽനിന്നു സഭാ രേഖകൾ സംരക്ഷിച്ച വൈദികൻ ആർച്ച്ബിഷപ്പായി അഭിഷിക്തനായി
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരരുടെ ആക്രമണത്തിൽനിന്ന് സഭയുടെ പുരാതന കൈയെഴുത്തു പ്രതികളും രേഖകളും സംരക്ഷിച്ച ഇറാക്കിലെ കൽദായ കത്തോലിക്കാ വൈദികൻ നജീബ് മിഖായേൽ മൊസൂൾ രൂപതയുടെ ആർച്ച്ബിഷപ്പായി നിയമിക്കപ്പെട്ടു. സെന്റ് പോൾസ് പള്ളിയിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ സഭാ നേതാക്കളും അമേരിക്കൻ പ്രതിനിധികളും അടക്കമുള്ളവർ പങ്കെടുത്തു.
ഡൊമിനിക്കൻ സഭാംഗമായ ഫാ. നജീബ് മിഖായേൽ മൊസൂളിലെ കന്യാമാതാവിന്റെ പള്ളിയിലെ വികാരിയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന അരമായ, അറബി ഭാഷകളിലുള്ള 850 കൈയെഴുത്തുപ്രതികളും അന്പതിനായിരത്തിലധികം ബുക്കുകളും കത്തുകളും ഇദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു.
ഇറാക്കി പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറിയ ഐഎസ് മൊസൂളിനെ തങ്ങളുടെ തലസ്ഥാനമാക്കി മാറ്റി. ഇവിടെയുണ്ടായിരുന്ന പള്ളികൾ നശിപ്പിച്ചു.
ഇതിനിടെ, ഫാ. മിഖായേൽ അമൂല്യ ഗ്രന്ഥശേഖരം കാറിൽ കയറ്റി, ഒരിക്കൽ ഇറാക്കിലെ ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായിരുന്ന ഖാറഖോഷിലേക്കു മാറ്റി. ഐഎസ് ഭീകരർ ഇവിടെയും പിടിമുറുക്കാൻ തുടങ്ങിയപ്പോൾ ഗ്രന്ഥങ്ങൾ കുർദിഷ് മേഖലയിലെ ആർബിലിലേക്കു മാറ്റി. ഇവിടെവച്ച് മുസ്ലിം സുഹൃത്തുക്കളുടെ സഹായത്തോടെ രേഖകൾ ഡിജിറ്റൈസ് ചെയ്യാനും ഫാ. മിഖായേൽ നേതൃത്വം നല്കി. 2017ൽ ഇറാക്കി സേന ഐഎസിനെ തുരത്തി മൊസൂൾ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് ഫാ. മിഖായേൽ മടങ്ങിയെത്തിയത്.