ഒറ്റപ്പെട്ടവര്‍ ഭയപ്പെടേണ്ട. യേശു കൂടെയുണ്ട്!
ജീവിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍, കൂടെ നില്‍ക്കും എന്ന് കരുതിയവര്‍ പോലും തള്ളി പറയുമ്പോള്‍,മുന്നോട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക കര്‍ത്താവ് നമ്മുടെ കൂടെയുണ്ട്…ലോകം മുഴുവന്‍ നിനക്ക് എതിരെ നിന്നാലും ലോകത്തെ കീഴടക്കിയവന്‍ നിന്നെ തിരഞ്ഞെടുത്ത് നിന്റെ വലതുകരം പിടിച്ചിരിക്കുന്നതിനാല്‍ നിനക്ക് ലജ്ജിക്കേണ്ടി വരുകയില്ല…”ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?” (റോമാ 8 : 31).
‘പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല’ എന്ന് പറഞ്ഞു കൊണ്ട് നമ്മെ ഓരോരുത്തരെയും അനാദിയിലെ തിരഞ്ഞെടുത്ത ദൈവം നമ്മെ നീതീകരിക്കാനായി സ്വന്തം പുത്രനെ ബലിയായി നല്കി…ഈശോയുടെ തിരുരക്തത്താലെ നമ്മെ കഴുകി എല്ലാ പാപത്തില്‍ നിന്നും അന്ധകാരശക്തികളില്‍ നിന്നും നമ്മെ മോചിപ്പിച്ച് ദൈവപുത്രസ്ഥാനത്തേയ്ക് ഉയര്‍ത്തി…’സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?
(റോമാ 8 : 32)
നമ്മള്‍ ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ നമ്മള്‍ അനുഗ്രഹിക്കപ്പെടാന്‍ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശില്‍ എല്ലാ മേഖലകള്‍ക്കും ഉള്ള വിടുതല്‍ ദാനമായി അവിടുന്ന് നല്കുന്നത്..നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ ആ കുരിശിലേ സ്‌നേഹം ഒന്ന് തിരിച്ചറിഞ്ഞാല്‍ മാത്രം മതി. ‘നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തരം നമ്മള്‍ എല്ലാ മേഖലയിലും വിജയം വരിക്കും എന്ന് വചനം നമ്മുക്ക് സാക്ഷ്യം നല്‍കുന്നു. ‘നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.’ (റോമാ 8 : 37).
ചില തടസ്സങ്ങള്‍, പ്രതിസന്ധികള്‍ , നമ്മുടെ ജീവിതത്തില്‍ എപ്പോഴും കൂടെ നടക്കുന്ന ക്രൂശിതനായ ഈശോയെ കണ്ടെത്താനുള്ള അവസരങ്ങളാണ്…ഫറവോയെ ഉയര്‍ത്തിയതും ഫറവോയുടെ ഹൃദയം കഠിനമാക്കിയതും ഇസ്രായേല്‍ ജനത്തെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആയിരുന്നു…അതുപോലെ തന്നെ ചില വേദനകളിലൂടെ ക്രൂശിതനെ കാണാനായി നമ്മുടെ ഹൃദയ കണ്ണുകള്‍ തുറക്കപ്പെടുന്നു.. കുരിശിലെ സ്‌നേഹം തിരിച്ചറിഞ്ഞ് ആ സ്‌നേഹത്തില്‍ ആഴപ്പെടുമ്പോള്‍ വിശുദ്ധ കുരിശില്‍ നിന്നും അളവില്ലാതെ നമ്മുക്കായി ഒഴുകുന്ന അനുഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തിലേയ്കും കടന്നു വരുന്നു..നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാന്‍ വേണ്ടതെല്ലാം അവിടുന്ന് കുരിശില്‍ പൂര്‍ത്തീകരിച്ചതാണ്… ‘ വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.’ (റോമാ 10 : 4).
യേശു കര്‍ത്താവാണ് അവിടുന്ന് കുരിശില്‍ എന്റെ രക്ഷ പൂര്‍ത്തീകരിച്ചു എന്ന് വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്ന ഏതൊരുവനിലേയ്കും ജാതിമതഭേദമന്യേ കുരിശില്‍ നിന്നും അനന്തമായ ദൈവകൃപ കടന്നു വരും…
‘ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.’ (റോമാ 10 : 9).
യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. (റോമാ 10 : 12)
യേശു ലോകം മുഴുവന്റേയും രക്ഷകനും നാഥനുമാണ്…അവനില്‍ വിശ്വസിക്കുന്നവന്, അവന്റെ നാമം ഏറ്റു പറയുന്നവന് ആരുടെ മുന്നിലും ലജ്ജിക്കേണ്ടി വരുകയില്ല.. ‘അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.'(റോമാ 10 : 11)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.