വി. ജോൺ മരിയ വിയാനിയോടുള്ള പ്രാര്‍ത്ഥന
ഓ! വി. ജോൺ മരിയ വിയാനി, അങ്ങയുടെ ഇടവകയിൽ സാമൂഹ്യ തിന്മകളും പാപങ്ങളും അവിടുന്ന് കാണാനിടയായപ്പോൾ, കുമ്പസാരക്കൂട്ടിലെ ശുശ്രൂഷകളിലൂടെയും, സുവിശേഷ പ്രസംഗങ്ങളിലൂടെയും ആത്മീയ നവീകരണത്തിന്റെ ജ്വാലകൾ അങ്ങ് പകർന്നു കൊടുക്കുകയുണ്ടായല്ലോ? ദൈവകൃപയിൽ ആശ്രയിച്ച് ആത്മാക്കളെ നേടുവാനായി അങ്ങ് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രയത്നങ്ങൾ അനേകരുടെ മാനസാന്തരത്തിന് കാരണമായി. എന്നെപ്പോലെ അനേകം പാപികളെ അങ്ങയുടെ മൃദു വചനങ്ങളാൽ മാനസാന്തരപ്പെടുത്തുവാൻ അങ്ങേക്ക് സാധിച്ചു.
ഓ! വി. ജോൺ മരിയ വിയാനി, പാപത്തോട് അങ്ങേക്കുണ്ടായിരുന്ന അതേ മനോഭാവവും, പാപികളോട് അങ്ങേക്കുണ്ടായിരുന്ന അതിയറ്റ അനുകമ്പയും എനിക്കും ഉണ്ടാകുവാൻ അങ്ങ് എനിക്ക് വേണ്ടി നമ്മുടെ കർത്താവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. എന്റെ സഹോദരങ്ങൾക്ക് ഒരിക്കലും മുറിവേൽക്കാത്ത രീതിയിൽ എന്റെ വാക്കുകൾ ഉപയോഗിക്കുവാൻ അവിടുന്ന് എനിക്കു പ്രത്യേക വരം ഈശോയിൽ നിന്നും വാങ്ങിത്തരേണമെ. കൂദാശകളുടെ യോഗ്യമായ സ്വീകരണത്തിലൂടെ സ്വർഗീയ പിതാവുമായി സദാ രമ്യതയിൽ ആയിരിക്കുവാൻ എന്റെ ഹൃദയത്തെ പ്രചോദിപ്പിക്കണമെ.
അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥ ശക്തിയിൽ അടിയുറച്ച് വിശ്വസിച്ചു കൊണ്ട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രത്യേക ആവശ്യം (ഇവിടെ ആവശ്യം പറയുക………) ഈശോയിൽ നിന്നും ഞങ്ങൾക്ക് നേടി തരണമേ.
വിശുദ്ധ ജോൺ മരിയ വിയാനി, വൈദികരുടെ മധ്യസ്ഥാ, എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കണമേ..
ആമേൻ
1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.