മരണ വീട്ടിലെ ചുംബനങ്ങൾ

ഒരു മൃതസംസ്ക്കാരത്തിൽ പങ്കെടുത്ത
ഓർമ കുറിക്കാം.
“കുടുംബാംഗങ്ങൾക്കും ഏറ്റവും
അടുത്ത ബന്ധുക്കൾക്കും ഇപ്പോൾ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്….” എന്ന പുരോഹിതൻ്റെ അറിയിപ്പ് വന്നപ്പോൾ മരിച്ചു കിടക്കുന്ന വ്യക്തിയ്ക്കരികിലേക്ക് ആളുകൾ വരിവരിയായ് വന്നു തുടങ്ങി.
ചിലരുടെയെല്ലാം ആത്മാർത്ഥമായ ചുംബനമായിരുന്നു.
എന്നാൽ മറ്റുചിലർ ചുംബിക്കുന്നതുപോലെ അഭിനയിക്കുന്നതും കണ്ടു.
എന്നെ അതിശയിപ്പിച്ചത്
ഒരു പേരക്കുട്ടിയുടെ വിലാപമാണ്:
അവളുടെ കണ്ണീർ തുള്ളികൾ
മരിച്ചു കിടക്കുന്ന ആളുടെ മുഖത്ത് പതിക്കുന്നത് ദൃശ്യമായിരുന്നു….
“സ്നേഹിച്ചു കൊതി തീരുംമുമ്പ്
ഞങ്ങളെ വിട്ടു പോയല്ലോ… അപ്പാപ്പാ….”
അവളുടെ വാക്കുകളിലെ ആത്മാർത്ഥതയിൽ അതുവരെ കരയാത്തവർ പോലും
കരഞ്ഞുപോയി.
പിന്നീടാണ് അറിയാൻ കഴിഞ്ഞത്
വർഷങ്ങളായി കലഹത്തിലായിരുന്ന അപ്പനെയും അപ്പാപ്പനെയും തമ്മിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചത് പ്ലസ്ടുവിന് പഠിക്കുന്ന ഈ പേരക്കുട്ടിയാണത്രേ.
ഒരിക്കൽ അവൾ അവളുടെ
അപ്പനോട് പറഞ്ഞു:
”ഒരേ കൂരയ്ക്കു കീഴിൽ കഴിഞ്ഞിട്ട്
സ്വന്തം അപ്പന് സ്തുതികൊടുക്കാതെ പ്രാർത്ഥന കഴിഞ്ഞ് എഴുന്നേറ്റു പോകുന്ന അപ്പൻ ഞങ്ങൾക്ക് എന്ത് മാതൃകയാണ് കാട്ടിത്തരുന്നത്?
ഞങ്ങളും കുടുംബമായ് ജീവിക്കുമ്പോൾ ഇങ്ങനെയാണോ പെരുമാറേണ്ടത്?”
അവളുടെ നിരന്തരമായ പ്രാർത്ഥനയുടെയും പരിശ്രമത്തിൻ്റെയും ഫലമായി
ആ അപ്പൻ്റെയും മകൻ്റെയും പിണക്കം മാറി. ആ വീട്ടിൽ കളിയും ചിരിയുമുയർന്നു.
ഒരിക്കൽ ആ വയോവൃദ്ധൻ തൻ്റെ
ഭാര്യയോട് പറഞ്ഞു:
“നമ്മുടെ പേരക്കുട്ടിയില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ വീട്ടിൽ സന്തോഷമുണ്ടാകില്ലായിരുന്നു….”
ആ സന്തോഷ ദിനങ്ങളിലാണ്
അയാൾ ഹൃദയാഘാതം വന്ന് മരിക്കുന്നത്.
നമ്മുടെ ജീവിതത്തിലും എത്രയോ
വ്യക്തികളെ നാം കണ്ടുമുട്ടുന്നു.
കുടുംബക്കാരും ബന്ധുക്കളും കൂടപ്പിറപ്പുകളുമെല്ലാം നമുക്കുണ്ട്.
എന്നാൽ ഇവരിൽ നമ്മെ ആത്മാർത്ഥമായ് സ്നേഹിക്കുന്നവരും നാം ആത്മാർത്ഥമായ് സ്നേഹിക്കുന്നവരും വിരലിൽ എണ്ണാവുന്നവരല്ലെ ഉള്ളൂ?
സത്യത്തിൽ അങ്ങനെ ചിലർ ഉള്ളതുകൊണ്ടാണ് പല
പ്രതിസന്ധികളും അതിജീവിച്ച്
നമ്മളിന്നും ജീവിക്കുന്നത് പോലും!
അതെ,
ഏത് ആൾക്കൂട്ടത്തിനിടയിലും ചിലരെങ്കിലുമുണ്ടാകും ആത്മാർത്ഥതയും മനുഷ്യപ്പറ്റും ഉള്ളവർ.
അങ്ങനെ ഒരുവളായിരുന്നു
ക്രിസ്തുവിൻ്റെ വസ്ത്രാഞ്ചലത്തിൽ
സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ.
അവളുടെ സ്പർശം മാത്രം
എത്ര പെട്ടന്നാണ് ക്രിസ്തു തിരിച്ചറിഞ്ഞത്?
(Ref മർക്കോ5:25-34).
ദൈവവുമായുള്ള ബന്ധത്തിൽ മാത്രമല്ല
മനുഷ്യരുമായുള്ള ഇടപെടലിലും
അല്പം കൂടി ആത്മാർത്ഥത കലർത്തിയില്ലെങ്കിൽ ഒരുനാൾ
നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോകും.
അപ്പോഴാണ് ദൈവം പോലും
കൈവിട്ടെന്ന തോന്നൽ
നമ്മെ നിരന്തരം വേട്ടയാടുക..

~ ഫാദർ ജെൻസൺ ലാസലെറ്റ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles