സോഷ്യല്‍ മീഡിയിലെ വെറുപ്പിന്റെ സംസ്കാരത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: സമൂഹമാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മസ്നേഹത്തെയും വെറുപ്പിന്റെ സംസ്കാരത്തെയും പ്രവണതയെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വഴി നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
ഓണ്‍ലൈനില്‍ നടക്കുന്ന സംഭാഷങ്ങള്‍ പലപ്പോഴും പരസ്പരം എതിര്‍ക്കുന്ന തരത്തിലായി പോകുന്നു എന്ന് പാപ്പാ പറഞ്ഞു. ലോക സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ദിന സന്ദേശത്തിലാണ് പാപ്പാ തന്റെ അഭിപ്രായം അറിയിച്ചത്.
പലപ്പോഴും നമ്മള് നമ്മെത്തന്നെ നിര്‍വചിക്കുന്നത് നമ്മെ തമ്മില്‍ ഭിന്നിപ്പിക്കുന്നതെന്താണ് എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നിപ്പിക്കുന്നതിനെ നാം അവഗണിക്കുന്നു. വര്‍ഗീയമായും ലിംഗപരമായും മതപരമായും നമ്മെ ഭിന്നിപ്പിക്കുന്ന തരം സംസാരമാണ് ഇന്ന് പരക്കെ കാണുന്നത്, പാപ്പാ പറഞ്ഞു.
ക്രിസ്ത്യാനികളെന്ന നിലയില്‍ നാം സ്വയം കാണുന്നത് ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായിട്ടാണ്. അപ്രകാരം നോക്കുമ്പോള്‍ അപരനെ എതിരാളിയായിട്ടോ ശത്രുവായിട്ടോ അല്ല കാണേണ്ടത്, പാപ്പാ വിശദമാക്കി. എല്ലാവരെയും ഐക്യപ്പെടുത്തുന്ന ക്രിസ്തുവിലേക്കാണ് നാം നോക്കേണ്ടതും സ്വയം നിര്‍വചിക്കേണ്ടതും, പാപ്പാ കൂട്ടിച്ചേര്‍ത്തു.