ഭൂട്ടാനിലെ ഒരേയൊരു കത്തോലിക്കാ വൈദികന് പ്രചോദനമായത് മദര്‍ തെരേസ
ഭൂട്ടാന്‍ എന്ന രാജ്യത്ത് നിന്ന് ഒരേയൊരു കത്തോലിക്കാ പുരോഹിതനേയുള്ളൂ. ഭൂട്ടാനിലെ ആദ്യത്തെ കത്തോലിക്കാ പുരോഹിതനായ കിന്‍ലി ട്‌ഷെറിംഗിന് വൈദികനാകാന്‍ പ്രചോദമായതാകട്ടെ മദര്‍ തെരേസയിലൂടെ ദൈവം നല്‍കിയ ഒരു അടയാളവും.
വൈദികനാകണമോ വേണ്ടയോ എന്ന സങ്കോചത്തില്‍ പെട്ടുഴലുകയായിരുന്ന ട്‌ഷെറിംഗ് ദൈവത്തോട് ഒരു അടയാളം ചോദിച്ചു. ദൈവം നല്‍കിയ അടയാളം ശക്തമായിരുന്നു. ഒരിക്കല്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന ട്‌ഷെറിംഗ് അപ്പോഴാണത് ശ്രദ്ധിച്ചത്. തന്റെ അടുത്തിരുന്ന് യാത്ര ചെയ്യുന്നയാള്‍ മറ്റാരുമല്ല. കല്‍ക്കത്തയിലെ മദര്‍ തെരേസ!
995 ല്‍ ട്‌ഷെറിംഗ് ഈശോ സഭയില്‍ ചേര്‍ന്നു പുരോഹിതനായി അഭിഷിക്തനായി. അദ്ദേഹമാണ് ആദ്യമായി വൈദികപട്ടം ലഭിക്കുന്ന ഭൂട്ടാന്‍കാരന്‍. എട്ടു ലക്ഷം വരുന്ന ഭൂട്ടാനിലെ ജനസംഖ്യയില്‍ നാലില്‍ മൂന്നു ഭാഗം ബുദ്ധമതക്കാരാണ്. ബാക്കിയുള്ളതില്‍ ഭൂരിഭാഗം പേരും ഹിന്ദുമതക്കാരും. ഒരു ശതമാനത്തില്‍ താഴെയാണ് ക്രിസ്ത്യാനികളുടെ എണ്ണം.
ഭക്തരായ ബുദ്ധമതകുടുംബത്തില്‍ പിറന്ന ട്‌ഷെറിംഗിനെ ബുദ്ധസന്ന്യാസി ആക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ ഭൂട്ടാനില്‍ സ്‌കൂളുകള്‍ കുറവായിരുന്നതിനാല്‍ അദ്ദേഹം ഇന്ത്യയിലെ ഡാര്‍ജീലിംഗിലേക്ക് അയക്കപ്പെട്ടു. അവിടെ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു.
പിന്നീട് ബാംഗ്ലൂരിലും മുംബൈയിലുമുള്ള ഈശോ സഭാ സ്ഥാപനങ്ങളില്‍ പഠനം നടത്തി. എംബിഎ എടുത്തു ബിസിനസിലേക്ക് തിരിഞ്ഞ ട്‌ഷെറിംഗിനെ കാത്ത് ദൈവിക പദ്ധതി ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് അദ്ദേഹം ദൈവത്തോട് വൈദികനാകണമോ വേണ്ടയോ എന്നറിയാന്‍ ഒരു അടയാളം ചോദിച്ചത്. 1985 ല്‍ ഹൈദരാബാദില്‍ നിന്ന് കല്‍ക്കത്തയിലേക്ക് പോകുന്ന ഒരു വിമാനത്തില്‍ അദ്ദേഹം കയറി. തൊട്ടടുത്ത് അതാ ജപമാല ചൊല്ലിക്കൊണ്ട് ഒരു കന്യാസ്ത്രീ. അത് മദര്‍ തെരേസ ആയിരുന്നു. മദര്‍ ട്‌ഷെറിംഗിന്റെ വിവരങ്ങള്‍ തിരക്കി. വൈദികനാകാനുള്ള ഉള്‍വിളിയോട് യെസ് പറയാന്‍ മദറാണ് പ്രേരിപ്പിച്ചതെന്ന് ട്‌ഷെറിംഗ് പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.