സാസോപോളിയിലെ മാതാവ്‌

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ നിന്ന് പന്ത്രണ്ട് മൈലുകള്‍ വടക്കു പടിഞ്ഞാറായി കടല്‍നിരപ്പില്‍ നിന്ന് 1700 അടി മുകളില്‍ ജിയോവി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഔര്‍ ലേഡി ഓഫ് സാസോപോളി.

ഐതിഹ്യം അനുസരിച്ച്, പുരാതനകാലത്ത്, ഇവിടെ ഒരു ചെറിയ കപ്പേള സ്ഥിതി ചെയ്തിരുന്നു. അതില്‍ പരിശുദ്ധ കന്യക ഉണ്ണിയേശുവിനെയും എടുത്ത് നില്‍ക്കുന്ന ഒരു ഫലകവും ഉണ്ടായിരുന്നു. പ്രശസ്ത ചിത്രകാരനായ ജിയോട്ടോയോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ആലേഖനം ചെയ്തതാണ് ഈ ഫലകം എന്ന് വിശ്വസിക്കപ്പെടുന്നു.

അനേകം ആളുകള്‍ ഈ കപ്പേളയില്‍ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാന്‍ ഓരോ ദിവസവും എത്തിയിരുന്നു. ഒരിക്കല്‍ റിക്കോവെറ കുടുംബത്തില്‍ നിന്ന് രണ്ട് ഇടയകന്യകമാര്‍ ഇവിടെയെത്തി. 1490 ജൂലൈ മാസം 2ാം തീയതി ആയിരുന്നു, അത്. രോഗിയായി തീര്‍ന്ന തങ്ങളുടെ പിതാവിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് അവര്‍ വന്നത്.

പെട്ടെന്ന് അവര്‍ ഒരു ശബ്ദം കേട്ടു. ചുറ്റിനും നോക്കിയപ്പോള്‍ ഒരു പാറക്കല്ലില്‍ ഉണ്ണിയെയും എടുത്തു കൊണ്ട് ഇരിക്കുന്ന സുന്ദരിയായ ഒരു യുവതിയെ അവര്‍ കണ്ടു. അത്ഭുത പരതന്ത്രരായി അവര്‍ നോക്കി നില്‍ക്കേ യുവതി അവരോട് സംസാരിക്കാന്‍ തുടങ്ങി. വിഷമിക്കേണ്ടതില്ല എന്നും അവര്‍ മാധ്യസ്ഥം യാചിച്ച കന്യാമാതാവ് തന്നെയാണ് താന്‍ എന്നും ആ യുവതി പറഞ്ഞു. തന്റെ ബഹുമാനാര്‍ത്ഥം ആ സ്ഥലത്ത് ഒരു പള്ളി പണിയണം എന്നും മാതാവ് പറഞ്ഞു.

പോയി നിങ്ങളുടെ പിതാവിനെ വിളിച്ചു കൊണ്ടു വരൂ എന്ന് മാതാവ് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം രോഗിയായ പിതാവ് എങ്ങനെ വരും എന്ന് അവര്‍ ചോദിച്ചു. അവരുടെ പിതാവ് സുഖപ്പെടുമെന്നും ധൈര്യമായി പോകൂ എന്നും പറഞ്ഞ് ദിവ്യയുവതി അവരെ സാന്ത്വനപ്പെടുത്തി.

മാതാവ് പറഞ്ഞതനുസരിച്ച്, അവര്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ തങ്ങളുടെ പിതാവ് പൂര്‍ണ ആരോഗ്യവാനായി എഴുന്നേറ്റിരിക്കുന്നതാണ് അവര്‍ കണ്ടത്. ഉടന്‍ പിതാവിനെയും കൂട്ടി അവര്‍ കപ്പേളയിലേക്ക് മടങ്ങിയെത്തി. അപ്പോഴും ദിവ്യ യുവതി അതേ കല്ലില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

നടന്ന സംഭവമെല്ലാം അവര്‍ നാട്ടുകാരെ വിളിച്ചറിയിച്ചു. എന്നാല്‍ പലരും അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചില്ല. പള്ളി പണിയുടെ കാര്യത്തില്‍ ആരും താല്പര്യം എടുത്തുമില്ല.
ആഗസ്റ്റ് 15 ാം തീയതി അനേകം പേര്‍ കപ്പേളയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍ അവരുടെ മധ്യത്തില്‍ മാതാവ് വീണ്ടും പ്രത്യക്ഷയായി. പള്ളി പണിയാനുളള തന്റെ നിര്‍ദേശം അനുസരിക്കാത്തതില്‍ തന്റെ അനിഷ്ടം മാതാവ് അറിയിച്ചു. ഉടനെ ദേവാലയം പണിയണം എന്ന് മാതാവ് ആവശ്യപ്പെട്ടു.

ഇത്തവണ ജനങ്ങള്‍ വിശ്വസിക്കുകയും വൈകാതെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഭൂമി കുത്തനെയുള്ളതായിരുന്നതിനാല്‍ അവിടെ പള്ളി പണിയേണ്ട എന്ന് അവര്‍ തീരുമാനിച്ചു. അവിടെ നിന്ന് മാറി മറ്റൊരിടത്ത് അവര്‍ തറക്കല്ലിട്ടു. എന്നാല്‍ പിറ്റേന്ന് പണിക്കായി കല്‍പണിക്കാര്‍ എത്തിയപ്പോള്‍ കല്ലുകളെല്ലാം ചിതറി കിടക്കുന്നത് അവര്‍ കണ്ടു.

പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ മാതാവ് പള്ളി പണിയാന്‍ നിശ്ചയിച്ചിരിക്കുന്നത് അവിടെയല്ല എന്ന് അവര്‍ക്ക് മനസ്സിലായി.വൈകാതെ അവര്‍ മാതാവ് പ്രത്യക്ഷപ്പെട്ട പാറക്കല്ല് ഇരുന്ന സ്ഥലത്തു തന്നെ പള്ളി പണിയാന്‍ ആരംഭിച്ചു. അധ്വാനിച്ച്, നിലം നിരപ്പാക്കി അവര്‍ അവിടെ സാസോപോളി മാതാവിന്റെ ബഹുമാനാര്‍്ത്ഥം ദേവാലയം പണിതു. അന്നു മുതല്‍ വലിയ അടയാളങ്ങളോടും അത്ഭുതങ്ങളോടും സാസോപോളി മാതാവ് ജനങ്ങളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles