ഉത്ഥാനരഹസ്യം മറിയത്തിനാണ് ആദ്യം വെളിപ്പെട്ടത്

‘സ്ത്രീ പ്രകൃതിയാണ്. എല്ലാറ്റിന്റെയും നിലനില്പ് പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. പുരുഷനെ വേറിട്ട് പ്രകൃതിക്കോ പ്രകൃതിയെ വേറിട്ട് പുരുഷനോ നിലനില്‍പ്പില്ല.’ സ്ത്രീയുടെ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒന്ന് തിരിച്ചറിയണം, അധികാരത്തിനും ആനന്ദത്തിനും വേണ്ടി മാത്രം അവളെ ഉപയോഗിച്ചാല്‍ അത് സര്‍വനാശത്തിലേക്ക് നയിക്കും. ചരിത്രം പരിശോധിക്കുമ്പോള്‍ പുരുഷമേധാവിത്വത്തിന്റെ അനര്‍ത്ഥങ്ങള്‍ എന്നും അനുഭവിച്ചിട്ടുള്ളത് സ്ത്രീയാണ്. അതിന്റെ അനന്തരഫലമായി ജീവിതം ദുസ്സഹമായിതീരുന്നു. മക്കള്‍ അനാഥരായി മാറുന്നു.

ത്യാഗമാണ് സ്ത്രീയുടെ മഹനീയ ഭാവം. പ്രപഞ്ചം നിലനില്ക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. കാരണം അത് അവള്‍ തന്നെയാണ്. അത് തളിരിടുകയും പുഷ്പിക്കുകയും ഫലങ്ങള്‍ കായ്ക്കുകയും വേണം. പരിശുദ്ധ കന്യാമറിയത്തില്‍ പ്രകടമാകുന്നതും അവളുടെ ഈ സാമൂഹ്യദര്‍ശനമാണ്. സ്വന്തം മകനെ ബലി കൊടുക്കാന്‍ ഏതെങ്കിലും അമ്മ തയ്യാറാകുമോ? എന്നാല്‍ സ്ത്രീ ആ മഹാത്യാഗത്തിന് തയ്യാറാകുന്നെങ്കില്‍ അതിന് അവളെ പ്രേരിപ്പിക്കുന്നതും കരുത്തു പകരുന്നതും സഹജീവികളോടും സമൂഹത്തോടുമുള്ള അവളുടെ പ്രതിബദ്ധത മൂലമാണ്. സ്വയം ബലിയായി തീര്‍ന്ന്, സ്വയം ദഹിച്ച് ഇല്ലാതാകുമ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഈ ജീവിത ദര്‍ശനമാണ് മറിയത്തെ യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയത്.

ആഴമായ സാമൂഹ്യദര്‍ശനം പരിശുദ്ധ മറിയത്തില്‍ നാം കാണുന്നു. പുത്രനെ ഗര്‍ഭം ധരിച്ച ശേഷം അവള്‍ ആദ്യം ചെയ്തത് തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദര്‍ശിക്കുകയായിരുന്നു. കാനായിലെ കല്യാണവേളയില്‍ വെള്ളം വീഞ്ഞാക്കാന്‍ പുത്രനെ പ്രേരിപ്പിക്കുന്നതും തന്റെ മകന്റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞപ്പോള്‍ അമ്മ മകനെ അന്വേഷിച്ചെത്തുന്നതും കുരിശുയാത്രയില്‍ മകനെ അനുഗമിക്കുന്നതും അവസാനം കുരിശിന്‍ ചുവട്ടില്‍ എല്ലാ ദുഖവും ഏറ്റുവാങ്ങി നില്‍ക്കുന്നതും മറിയത്തിന്റെ ജീവിതദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

പിന്നെ അവള്‍ വിശ്വസിച്ചു: അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഉത്ഥാനരഹസ്യം മറിയത്തിനാണ് ആദ്യം വെളിപ്പെട്ടത്. അവള്‍ വിശ്വസിച്ചു. അവള്‍ നേടി. പുനരുത്ഥാന രഹസ്യമറിഞ്ഞ ആദ്യവ്യക്തി മറിയമായിരുന്നു. തന്റെ മകന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് അവള്‍ വിശ്വസിച്ചിരുന്നു. ആത്മീയദര്‍ശനത്തിന്റെ ഈ പൊരുള്‍ അറിഞ്ഞ അമ്മയാണ് സെഹിയോന്‍ ഊട്ടുശാലയില്‍ ക്രിസ്തുശിഷ്യന്‍മാരെ ഒരുമിച്ചു കൂട്ടി ദിവ്യദര്‍ശനത്തിനായി ഒരുങ്ങി പ്രാര്‍ത്ഥിച്ചതും പെന്തക്കുസ്ത അനുഭവത്തിലേക്ക് നയിച്ചതും.

മനുഷ്യന്‍ മണ്ണോടലിഞ്ഞു ചേരേണ്ടവനല്ലെന്നും ഉത്ഥാനരഹസ്യം ജീവന്റെ നിലനില്‍പ്പാണെന്നും അമ്മ അറിഞ്ഞതു കൊണ്ടാണ് ഈ ലോക ജീവിതത്തിനപ്പുറമുള്ള സ്വര്‍ഗരാജ്യത്തെയും നിത്യജീവനെയും നമുക്ക് കാണിച്ചു തരുന്നത്. ക്രിസ്തു സ്വജീവന്‍ നല്‍കി നേടിത്തന്ന നിത്യജീവന്‍ നാം സ്വന്തമാക്കേണ്ടത് നമ്മുടെ ജീവിതം കൊണ്ടാണ്.

അനുവദിക്കപ്പെട്ട കാലമത്രയും കൂടെയുള്ളവരെ കരുതലോടെ സ്‌നേഹിച്ച് ബലിയായി തീരുന്ന ദര്‍ശനമാണ് പരിശുദ്ധ അമ്മ നമുക്ക് കാണിച്ചു തരുന്നത്. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം ജന്മം നല്‍കുന്നവള്‍ എന്നാണെങ്കില്‍ ജീവന്‍ നിലനിര്‍ത്താനും അവളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.

~ കെ ടി പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles