പ്രാര്‍ത്ഥനയുടെ ശക്തിയുമായ് പ്രിയപ്പെട്ട ടോമച്ചന്‍!
അനേകലക്ഷങ്ങള്‍ക്ക് പ്രത്യാശ പകര്‍ന്ന ഒരു സങ്കീര്‍ത്തനമുണ്ട്. 91 ാം സങ്കീര്‍ത്തനം. ആയിരങ്ങള്‍ നിന്റെ പാര്‍ശ്വങ്ങളില്‍ മരിച്ചു വീണേക്കാം. നിന്റെ വലതു ഭാഗത്ത് പതിനായിരങ്ങളും. എന്നാല്‍ നിനക്കൊരു തിന്മയും സംഭവിക്കുകയില്ല! ദൈവം കാവല്‍ നില്‍ക്കുന്നവരെ കാത്തു പാലിക്കാന്‍ ദൈവദൂതന്മാര്‍ ചുറ്റിനും പാളയമടിക്കും എന്ന നമ്മുടെ വിശ്വാസത്തിന് കരുത്ത് പകരുന്ന സാക്ഷ്യവുമായി പ്രിയപ്പെട്ട ടോം ഉഴുന്നാലില്‍ അച്ചന്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് സുരക്ഷിതനായി മടങ്ങിയെത്തിയിരിക്കുന്നു. ആഗോള സഭയ്ക്കു മുഴുവന്‍ വലിയ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അവസരമായിരുന്നു, അത്.
2016 മാര്‍ച്ച് 4 നാണ് ടോം ഉഴുന്നാലില്‍ അച്ചന്‍ യെമനില്‍ വച്ച് ഭീകരരുടെ തടവുകാരനാകുന്നത്. ഒപ്പമുണ്ടായിരുന്നവരെയെല്ലാം അവര്‍ കൊന്നുകളഞ്ഞു. തന്നെയും അവര്‍ കൊന്നു കളയുമെന്നാണ് താന്‍ കരുതിയതെന്ന് അച്ചന്‍ പറയുന്നു. എന്നാല്‍ ദൈവത്തിന് തന്നെ കുറിച്ച് മറ്റൊരു പദ്ധതിയുണ്ടായിരുന്നു എന്ന് അച്ചന്‍ ഉറപ്പായി വിശ്വസിക്കുന്നു. ദൈവത്തിന്റെ പദ്ധതി അല്ലാതെ മറ്റൊന്നും നിറവേറുക ഇല്ലെന്നും.
പ്രാര്‍ത്ഥനയുടെ ശക്തി ഒന്നു കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ടോം അച്ചന്‍ ഉറപ്പിച്ചു പറയുന്നു. പ്രാര്‍ത്ഥന കൊണ്ട് എന്തും സാധ്യമാണെന്ന യേശുവിന്റെ വചനത്തിന് തെളിവാണ് അച്ചന്റെ സുരക്ഷിതമായ മടങ്ങി വരവ്. കഴിഞ്ഞ ദുഖവെള്ളിദിനത്തില്‍ അച്ചനെ തൂക്കിലേറ്റി എന്നുവരെ കിംവദന്തികള്‍ പരന്നതാണെന്നും ഒന്നര വര്‍ഷത്തിലേറെ കാലം അച്ചനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു എന്നും ഓര്‍ക്കുക. അച്ചന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് ഉറപ്പ് പറയാനാകാത്ത അവസ്ഥ. എങ്കിലും പ്രത്യാശ കൈവിടാതെ പ്രാര്‍ത്ഥിച്ചവര്‍ അനേകരാണ്. വിശ്വസിച്ചു കൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും സാധ്യമാകുമെന്നും ടോമച്ചന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
യെമനിലേക്ക് മടങ്ങി പോകാന്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് അച്ചന്‍ പറഞ്ഞ മറുപടി എല്ലാ ക്രൈസ്തവര്‍ക്കും ദിശാബോധം പകരുന്നതാണ്. ‘ഞാന്‍ എല്ലാറ്റിമുപരി ഒരു മിഷണറിയാണ്. എവിടെ അയക്കുന്നുവോ അവിടെ ഞാന്‍ പോകും. അത് യെമനായാലും മറ്റെവിടെയായാലും.’ കര്‍ത്താവിന്റെ സംരക്ഷണം നേരിട്ടനുഭവിച്ച ഒരാള്‍ക്ക് കൈവന്ന ധൈര്യവും വിശ്വാസസ്ഥൈര്യവും തെളിയിക്കുന്ന വാക്കുകള്‍!
ടോമച്ചന്റെ അനുഭവം പുതിയ കാലത്തില്‍ ദൈവസംരക്ഷണത്തിന്റെ സാക്ഷ്യമാണ്. ഒപ്പം പൂര്‍ണഹൃദയത്തോടെ ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കാനും. ദൈവം കാവലുള്ളപ്പോള്‍ നാം ഭയപ്പെടുകയില്ല. മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെ നടന്നാലും അവിടുത്തെ കരം നമ്മെ താങ്ങി കൊള്ളും! ദൈവത്തിന് സ്തുതി!
യേശുവില്‍ സ്നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.