ലോകമെങ്ങും നിറയട്ടെ, ക്രിസ്തുവിന്റെ ശാന്തി!

എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് ആരുടെയൊക്കെയോ പിടിവാശിയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ധിക്കാരത്തില്‍ നിന്നുമാണ്. ഏതാനും ചിലരെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടങ്ങുന്ന യുദ്ധം പിന്നെ അനേക ലക്ഷം നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കുന്നു. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും യുദ്ധം ആഗ്രഹിക്കാത്തവരാണ്. ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങുന്നത് സമാധാനം ആഗ്രഹിക്കുന്നവരാണ്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും അവയുടെ പരിണിത ഫലവും ലോകം കണ്ടിട്ടുള്ളതാണ്. ഹിരോഷിമയില്‍ വീണ ബോംബ് വിതച്ച നാശത്തിന്റെ ഫലങ്ങളില്‍ നിന്ന് ഇന്നും ആ ജനത പൂര്‍ണമായും മുക്തമായിട്ടില്ല. ഇനിയൊരു യുദ്ധം എന്നത് സര്‍വനാശമാണ്. അത്രയേറെ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് രാജ്യങ്ങളുടെ കൈയിലുള്ളത്. ആദ്യകാലങ്ങളിലെ നേര്‍ക്കുനേര്‍ കൊല്ലുന്ന യുദ്ധരീതികളല്ല ഇന്നുള്ളത്. അണുബോംബുകളും രാസബോംബുകളുമെല്ലാം ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് കൊന്നൊടുക്കാന്‍ ശേഷിയുള്ളതാണ്. മനുഷ്യര്‍ എത്രയധികം വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തിയെടുത്തവയെല്ലാം നിമിഷങ്ങള്‍ കൊണ്ട് ഇല്ലായ്മ ചെയ്യാന്‍ ശക്തിയുള്ളതാണ് ഇന്നത്തെ ആയുധങ്ങള്‍. ഒപ്പം സംസ്‌കാരങ്ങളും മണ്ണടിയും.

ഉത്തര കൊറിയയുടെ നിലപാടുകള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത് നാം അറിയുന്നു. രാഷ്ട്രനേതാക്കന്‍മാരുടെ പിടിവാശി കാരണം ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ് എന്ന് ഓര്‍ക്കണം. സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പാവം മനുഷ്യരാണ് ആരുടെയൊക്കെയോ ധിക്കാരം മൂലം നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നത്.

ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണങ്ങളില്‍ യുദ്ധത്തെ കുറിച്ചുള്ള ആശങ്കകള്‍ അലയടിക്കുന്നത് നാം കാണുന്നു. യുദ്ധം മനുഷ്യന്റെ മനസ്സില്‍ ആരംഭിച്ച് ലോകത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്നാണ് പരിശുദ്ധ പിതാവ് പറഞ്ഞത്. ‘എത്രയോ ആളുകള്‍ ഇന്ന് മരിക്കുന്നു. വെറുപ്പായും, അസൂയയായും അത്യാര്‍ത്തിയായും മനുഷ്യമനസ്സുകളില്‍ ഉരുവാകുന്ന യുദ്ധം ബോംബുകളായി ആശുപത്രികളിലും സ്‌കൂളുകളിലുമെല്ലാം മനുഷ്യരെ കൊല്ലു ന്നു, കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നു’ പാപ്പാ പറഞ്ഞു.

പാപ്പായുടെ വാക്കുകളിലെല്ലാം യുദ്ധത്തെ ഏതു വിധേനയും ഒഴിവാക്കാനുള്ള ആഹ്വാനമുണ്ട്. മെയ് മാസത്തില്‍ ഫാത്തിമ സന്ദര്‍ശന വേളയില്‍ പാപ്പാ പ്രാര്‍ത്ഥിച്ചത് യുദ്ധവിനാശത്തില്‍ നിന്ന് ലോകം സംരക്ഷിക്കപ്പെടുവാന്‍ വേണ്ടിയായിരുന്നു. ‘യുദ്ധം മൂലം കീറിമുറിക്കപ്പെട്ടിരിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പാപ്പാ പറഞ്ഞത്.
‘നാം തീര്‍ത്ഥാടകരെ പോലെ എല്ലാ വഴികളിലും സഞ്ചരിക്കും. എല്ലാ മതില്‍ക്കെട്ടുകളും എല്ലാ അതിര്‍ത്തികളും നാം പൊളിച്ചു നീക്കണം. ദൈവത്തിന്റെ നീതിയും സമാധാനവും ലോകത്തിന്റെ അതിരുകള്‍ വരെ നാം പ്രഘോഷിക്കണം’ പാപ്പാ പറഞ്ഞു.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles