തൊഴുത്തില്‍ താമസിച്ചു വിശുദ്ധയായ ജെര്‍മെയ്ന്‍

ഫ്രാൻസിലെ പിബ്രക് എന്ന ഗ്രാമത്തിൽ 1579ൽ ലോറെൻറ് കുസിൻ എന്ന മേയറുടെ മൂത്ത മകളായി വിശുദ്ധ ജെർമയിൻ ജനിച്ചു. ധാരാളം ഭൂസ്വത്തുള്ള കുടുംബം. പക്ഷേ, മൂന്നാം വയസ്സിൽ അമ്മയുടെ മരണത്തോടെ അവളുടെ സഹന ജീവിതം ആരംഭിച്ചു.ലോറെൻറ് രണ്ടാമതൊരു വിവാഹം കഴിച്ചു. ആയിടയ്ക്ക് ജെർമൈന് കണ്ഠമാല എന്ന രോഗം പിടിപെട്ടു. കഴുത്തിനുചുറ്റും വ്രണങ്ങൾ പൊട്ടിയൊലിക്കുന്ന അസഹ്യമായ രോഗം. മരണം വരെ ഈ വ്രണങ്ങൾ സുഖപ്പെട്ടില്ല. ജന്മനാ അവളുടെ വലതുകൈ ശോഷിച്ചത് ആയിരുന്നു. അതിനാൽ സ്കൂളിൽ പോകാനും അവൾക്ക് കഴിഞ്ഞില്ല. രണ്ടാനമ്മയായി വന്ന സ്ത്രീ കഠിന ഹൃദയയായിരുന്നു.ഈ വൃത്തികെട്ട അസുഖം തന്റെ മക്കൾക്ക് പകർന്നാലോ എന്നവൾ ഭയപ്പെട്ടു. അതിനാൽ വളരെ ക്രൂരമായ പീഡനങ്ങൾക്ക് കുഞ്ഞു ജെർമൈൻ ഇരയായി. നിസ്സാര കാര്യങ്ങൾക്കുപോലും രണ്ടാനമ്മ മർദ്ദിക്കുമായിരുന്നു. അടിയേറ്റു പലതവണ ബോധരഹിതയായിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ തിളച്ചവെള്ളം രണ്ടാനമ്മ അവളുടെമേൽ ഒഴുക്കുമായിരുന്നു. ജീവിതകാലം മുഴുവൻ മാഡം കുസിൻ ഉണ്ടാക്കിയ തലേദിവസത്തെ പൂപ്പൽ വന്ന റൊട്ടിയും വെള്ളവും ആയിരുന്നു അവളുടെ ഭക്ഷണം.
ജോലിസംബന്ധമായി സ്ഥലംമാറ്റം കിട്ടിയപ്പോൾ പിതാവ് ദൂരെയൊരു സ്ഥലത്ത് താമസമാരംഭിച്ചു. അതോടെ രണ്ടാനമ്മ ജർമെയ്‌നെ തൊഴുത്തിൽ താമസിപ്പിച്ചു. വീട്ടിൽ കയറുവാൻ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല. രണ്ടാനമ്മ പ്രസവിച്ച മക്കളോട് സംസാരിക്കാനും അനുവാദമില്ല. ആടുകളോടും കോഴികളോടും ഒപ്പം ഉണക്കമുന്തിരി കമ്പു കൊണ്ടുണ്ടാക്കിയ കിടക്കയിൽ രാത്രി ഭയം നീക്കാൻ ‘ഈശോയേ, ഈശോയേ’ എന്നുവിളിച്ച് അവൾ ഉറങ്ങാൻ കിടന്നു.
ആദ്യകുർബാന സ്വീകരണശേഷം മുടങ്ങാതെ വിശുദ്ധ കുർബാനയിൽ ജെർമെയ്ൻ പങ്കെടുത്തിരുന്നു. കുർബാന മണി മുഴങ്ങുമ്പോൾ ആടുകളെ മേയ്ക്കുകയാണെങ്കിൽ ഇടയവടി മണ്ണിൽ കുത്തി നിർത്തി പ്രാർത്ഥിച്ചു കൊണ്ട് അവൾ പള്ളിയിൽ പോകും. ചെന്നായ്ക്കളുടെ ആക്രമണം ധാരാളം ഉള്ളപ്പോഴും അവളുടെ ആടുകളുടെ അടുത്തേക്ക് അവ അടുക്കാറില്ല. ആടുകൾ അവളുടെ ഇടയവടി വിട്ടു ദൂരേയ്ക്ക് പോകുകയുമില്ല. ഒരു അരുവി കടന്നുവേണം ദേവാലയത്തിൽ എത്താൻ.
നനഞ്ഞ ഉടുപ്പും ആയി പള്ളിയിൽ നിൽക്കുന്ന അവളുടെ അടുത്തൊന്നും ആരും മുട്ടുകുത്തില്ല. പക്ഷേ, എല്ലാവരാലും ഒറ്റപ്പെടുത്തപ്പെട്ട ജർമെയ്‌നിനെ ഒറ്റയ്ക്ക് ആക്കാൻ ഈശോ ഇഷ്ടപ്പെട്ടില്ല. പിൽക്കാലത്ത് അരുവിക്ക് മുകളിലൂടെ പാദം നനയാതെ നടക്കാൻ ഈശോ അവൾക്കു വരം നൽകി.
ഒരിക്കൽ രണ്ട് ഗ്രാമീണർ രാത്രി ജർമെൻ കിടക്കുന്ന തൊഴുത്തിനടുത്തുകൂടെ നടന്നുപോകുമ്പോൾ തൊഴുത്തിൽ നിന്ന് ഒരു ദിവ്യ പ്രകാശവും സംഗീതവും കേൾക്കാനിടയായി. സത്യമറിയാൻ തൊഴുത്തിലേക്ക് നോക്കിയ അവർ കണ്ടത് ജർമെയിൻ മാലാഖമാരോടൊപ്പം ദൈവത്തെ സ്തുതിക്കുന്നതാണ്. ഒരിക്കൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ജർമെയിന് ഒരു ദർശനമുണ്ടായി. നാളെ ഈശോ നിന്നെ സന്ദർശിക്കും എന്നതായിരുന്നു അത്. അവൾക്ക് ഒത്തിരി സന്തോഷമായി. പക്ഷേ, അവൾ ഓർത്തു “ഈശോ വരുമ്പോൾ എന്താണ് ഞാൻ ഈശോയ്ക്ക് കൊടുക്കുക? ഞാൻ ദിവസവും കഴിക്കുന്ന പൂപ്പൽ പിടിച്ച റൊട്ടി ഈശോയ്ക്ക് കൊടുക്കാൻ പറ്റില്ല. ഇന്ന് വീട്ടിൽ ഉണ്ടാക്കുന്ന നല്ല റൊട്ടി രണ്ടാനമ്മ കാണാതെ ഞാൻ മോഷ്ടിക്കും. എന്റെ ഈശോയ്ക്ക് കൊടുക്കാൻ.”റൊട്ടി മോഷ്ടിക്കുന്നത് രണ്ടാനമ്മ കണ്ടു. അവർ അവളോട് പറഞ്ഞു:”അനങ്ങി പോകരുത്. നിന്നെ ഞാൻ ഇന്ന് നാണം കെടുത്തും.” എന്നിട്ട് അവർ അടുത്ത വീട്ടിലുള്ളവരെല്ലാം കൂകി വിളിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് മറച്ചു വച്ചിരിക്കുന്ന ഏപ്രണിലെ റൊട്ടിക്കഷണങ്ങൾ താഴെയിടാൻ ആജ്ഞാപിച്ചു. എന്നാൽ താഴേക്ക് വീണത് റൊട്ടിയല്ല റോസാപ്പൂക്കൾ! മാഡം കുസിൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.
പല അയൽക്കാരും രണ്ടാനമ്മയെ വിട്ടു ഇവിടെ നിന്ന് നിനക്ക് ഓടിരക്ഷപ്പെട്ടുകൂടെ? എന്നവളെ ഉപദേശിച്ചിരുന്നു. എന്നാൽ അവൾ പറയും “എന്റെ അമ്മ പാവമാണ്. ഒത്തിരി ജോലികൾ ഒന്നിച്ചു ചെയ്യേണ്ടതിനാൽ ഉള്ള ഉൽക്കണ്ഠ മൂലമാണ് അമ്മ എന്നെ വഴക്കു പറയുന്നത്.” അവൾ ഒരിക്കലും രണ്ടാനമ്മയെ പഴിച്ചില്ല. തനിക്ക് ലഭിക്കുന്ന റൊട്ടിക്കഷണങ്ങൾ ഒരു ഭിക്ഷക്കാരനെ കണ്ടാൽ അയാൾക്ക് നൽകി പലപ്പോഴും അവൾ പട്ടിണി ഇരുന്നിട്ടുണ്ട്.
കഴുത്തിലെ വ്രണങ്ങളും പോഷകാഹാരക്കുറവും കൊടുംതണുപ്പും തൊഴുത്തിലെ താമസവും അവളെ ഒരു രോഗിയാക്കി. ഒപ്പം രണ്ടാനമ്മയുടെ മർദ്ദനങ്ങളും. 1601 ജൂൺ 15ന് ആരുമറിയാതെ അവൾ തൊഴുത്തിൽ മരിച്ചു. മരിക്കുമ്പോൾ പ്രായം വെറും 22. കോഴികളുടെയും ആടുകളുടെയും പതിവില്ലാത്ത ബഹളം കേട്ട് മാഡം കുസിൻ തന്നെയാണ് അവളെ മരിച്ചനിലയിൽ കണ്ടത്. മരിച്ചപ്പോൾ ആണ് താൻ അവളോട് ചെയ്ത ക്രൂരതകളെ കുറിച്ച് അവർ ഓർത്തത്. പക്ഷേ പശ്ചാത്താപത്തിന്റെ കണ്ണീർ കാണാൻ ആ മാടപ്രാവ് ഉണ്ടായിരുന്നില്ല.
സാധാരണരീതിയിൽ ജർമെയ്‌ന്റെ ശരീരം കബറടക്കി.
1644 ജെർമെയിൻ കുടുംബത്തിലെ മറ്റൊരു സ്ത്രീ മരിച്ചു. അടക്കം ചെയ്യുന്നതിനായി കുടുംബ കല്ലറ തുറന്നപ്പോൾ 43 വർഷം മുൻപ് മരിച്ച ജെർമെയ്‌ന്റെ ശരീരം ഒട്ടും അഴുകാതെ കണ്ടെത്തി. കത്തോലിക്കാസഭയിൽ നിരവധി വിശുദ്ധന്മാരുടെ ശരീരം അഴുകാത്തതായി ഉണ്ട്. എന്നാൽ, ശവസംസ്കാരത്തിനു വച്ച പൂക്കൾ പോലും വാടിയിട്ടില്ലെങ്കിലോ? ഇപ്പോഴും ആ പൂക്കളുടെ സുഗന്ധം പിബ്രാക്കിലെ പള്ളിയിൽ എത്തുന്നവർ ആസ്വദിക്കുന്നു. വിശുദ്ധ പ്രഖ്യാപനം നടത്തിയ ഒമ്പതാം പീയൂസ് മാർപാപ്പ വിശ്വാസികളോട് പറഞ്ഞു:ജെർമെയ്‌ന്റെ പക്കലേക്ക് പോവുക. ഇങ്ങനെയുള്ള പുണ്യവതി കളിയാണ് ഇന്ന് സഭയ്ക്ക് ആവശ്യം.
ഫ്രഞ്ച് വിപ്ലവകാലത്ത് ചില പട്ടാളക്കാർ പള്ളി ആക്രമിക്കുകയും അവളുടെ ശരീരം വേഗം പൊടിഞ്ഞുപോകുവാൻ കുമ്മായം വിതറുകയും ചെയ്തു. പക്ഷേ ഈ നീചകൃത്യം ചെയ്ത പടയാളികൾ എല്ലാം മാരക രോഗത്താൽ പീഡിപ്പിക്കപ്പെട്ടു. വിപ്ലവശേഷം കുഴിമാടം തുറന്നു പരിശോധിച്ചപ്പോൾ യാതൊരു കേടുപാടും ശരീരത്തിന് സംഭവിച്ചിട്ടില്ല എന്ന് വ്യക്തമായി. കബറിടം തുറന്ന വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 400 അത്ഭുതങ്ങളിൽ മനുഷ്യബുദ്ധിക്ക് അസാധ്യമെന്നു തോന്നുന്ന അത്ഭുതങ്ങളും ഉണ്ട്. അനാഥശിശുക്കളുടെയും അരക്ഷിതബാല്യങ്ങളുടെയും ശാരീരികവൈകല്യമുള്ളവരുടെയും പ്രത്യേക മധ്യസ്ഥയായി വണങ്ങുന്ന വിശുദ്ധ ജെർമെയ്‌നിന്റെ തിരുനാൾ ജൂൺ 15ന് ആണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles