ആദ്യം ശുദ്ധീകരിക്കേണ്ടത്…
ഒരിടത്തു നടന്ന ക്ലാസ്മേറ്റുകളുടെ ഒത്തുചേരലിനെക്കുറിച്ച് പറയാം.
അവർ എല്ലാവരും മധ്യവയസ്കരാണ്.
ഏറെ വർഷങ്ങൾക്കു ശേഷം
പരസ്പരം കണ്ടുമുട്ടിയതിൻ്റെ ആനന്ദമായിരുന്നു എല്ലാവരിലും.
പഴയകാല ഓർമകളിൽ, രാഷട്രീയവും പ്രണയവും അധ്യാപകരുമെല്ലാം
ചർച്ചാ വിഷയമായി.
ഓരോരുത്തരും അവരുടെ
ജീവിത പങ്കാളി, മക്കൾ, ജോലി എന്നിവയെക്കുറിച്ചെല്ലാം പങ്കുവച്ചു. ഇതിനിടയിൽ ഒരാൾ വീട്ടിലേക്കു പോകാൻ തിടുക്കം കൂട്ടി.
“അല്പംകൂടി കഴിഞ്ഞ് പോയാൽ പോരെ…?”
എന്ന് മറ്റുള്ളവർ ചോദിച്ചു.
“ഇല്ല,
എനിക്ക് പോകണം.
വീട്ടിൽ ഭാര്യ തനിച്ചാണ്. വേലക്കാരിയുണ്ടെങ്കിലും
ഞാൻ സമയത്തെത്തണം. അവൾക്കാണെങ്കിൽ മറവിരോഗമുള്ളതാണ്. രോഗം വന്നതിൽ പിന്നെ
അധിക സമയം ഞാൻ
വീട്ടിൽ നിന്ന് മാറി നിൽക്കാറില്ല”
അതു കേട്ടപ്പോൾ
കൂട്ടത്തിലൊരാൾ ചോദിച്ചു:
“അതിന്, മറവിരോഗം ബാധിച്ച ഭാര്യ
നിന്നെ തിരിച്ചറിയില്ലല്ലോ?
അതുകൊണ്ട് നീ വീട്ടിലില്ലെങ്കിലും
വേലക്കാരി മാനേജ് ചെയ്യില്ലേ…?”
ഒരു ചെറു പുഞ്ചിരിയോടെ
അദ്ദേഹം മറുപടി നൽകി:
”സുഹൃത്തേ,
താങ്കൾ പറഞ്ഞത് ശരിയാണ്;
ചിലപ്പോഴെല്ലാം എൻ്റെ ഭാര്യയ്ക്ക് ഞാനാരാണെന്ന് തിരിച്ചറിയില്ല.
പക്ഷേ,
മറവിരോഗം അവൾക്കല്ലെ?
എനിക്കല്ലല്ലോ?
അവൾ എൻ്റെ ഭാര്യയാണെന്നുള്ള തിരിച്ചറിവാണ് എന്നെ വീട്ടിലേക്കാകർഷിക്കുന്നത്….”
ഹൃദയം പവിത്രമാകുമ്പോഴെ
ചിന്താഗതികളും ശുദ്ധമാകൂ എന്ന് വിളിച്ചോതുന്ന മനോഹരമായ വാക്കുകൾ.
ഹൃദയശുദ്ധിയെക്കുറിച്ച് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്:
”വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്.
അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു. ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്”
(മത്തായി 15 : 18-19).
അതെ, ഹൃദയം നിർമലമായാലെ
ചിന്തകളും പ്രവൃത്തികളും പവിത്രമാകൂ.
അതിനുള്ള കൃപയ്ക്കായ്
ഇന്നേ ദിവസം പ്രാർത്ഥിക്കാം.
“നിർമലമായൊരു ഹൃദയമെന്നിൽ
നിർമിച്ചരുളുക നാഥാ….
നോരായൊരു നൽ മാനസവും
തീർത്തരുൾകെന്നിൽ ദേവാ…..”
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.