പകര്‍ച്ചവ്യാധിക്കാരെ ഭയം കൂടാതെ ശുശ്രൂഷിച്ച കൗമാരക്കാന് വിശുദ്ധന്റെ കഥ
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് വി. അലോഷ്യസ് ഗോണ്‍സാഗ ജീവിച്ചത്. ആ കാലഘട്ടത്തില്‍ ഇറ്റലിയിലെ ജനങ്ങള്‍ ധാര്‍മികമായി വളരെ അധപതിച്ചവരായിരുന്നു. ഈ അവസ്ഥ കണ്ടുവളര്‍ന്ന അലോഷ്യസ് താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുത്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. കുതിരസവാരിയും, കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന വലിയ വിരുന്നുകളും അലോഷ്യസ് വളരെയധികം ഇഷ്ടമായിരുന്നു. എന്നാല്‍ സദാചാരത്തിന് വിരുദ്ധമായ ആഘോഷ രീതികളാണെന്ന് കണ്ടാല്‍ വിശുദ്ധന് ഉടന്‍ തന്നെ അവിടം വിടുമായിരുന്നു.
നല്ല വ്യക്തിത്വത്തിന് ഉടമയാകുക എന്നിതിനേക്കാള്‍ ഒരു വിശുദ്ധനായി തീരുവാന്‍ അലോഷ്യസ് അതിയായി ആഗ്രഹിച്ചിരുന്നു; ഇക്കാര്യത്തില്‍ വിശുദ്ധന് കാര്‍ക്കശ്യമുള്ളവനും, യാതൊരു വിട്ടുവീഴ്ചയില്ലാത്തവനുമായിരുന്നു. നവോത്ഥാനകാലത്തെ ഇറ്റലിയിലെ പ്രസിദ്ധ കുടുംബങ്ങളില്‍ ഒന്നായ ഗോണ്‍സാഗസ് യുദ്ധവീരന്മാരുടെ കുടുംബമായിരുന്നു. ആ വംശത്തിലെ മുഴുവന്‍ പേരും മറ്റുള്ളവരെ കീഴടക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, തന്നെത്തന്നെ കീഴടക്കുവാനാണ് വിശുദ്ധ അലോഷ്യസ് ആഗ്രഹിച്ചത്.
ഒരു പുരോഹിതനാവുക എന്നതായിരുന്നു അലോഷ്യസിന്റെ ആഗ്രഹം. വിശുദ്ധന് 12നും 13നും ഇടയ്ക്ക് വയസ്സുള്ളപ്പോള്‍ തന്റെ ആത്മീയ ജീവിതത്തിനു തയ്യാറെടുക്കാന്‍ വേണ്ട ഒരു പദ്ധതി വിശുദ്ധന് കണ്ടുപിടിച്ചു. രാത്രികളില്‍ വിശുദ്ധന് തന്റെ കിടക്കയില്‍ നിന്നുമിറങ്ങി കല്ല് വിരിച്ച തണുത്ത തറയില്‍ മണിക്കൂറുകളോളം മുട്ടിന്മേല് നിന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. പലപ്പോഴും വിശുദ്ധന് തന്റെ ശരീരത്തില്‍ നായയുടെ തോല്വാര് കൊണ്ട് സ്വയം പീഡനമേല്‍പ്പിക്കുമായിരുന്നു. സ്വന്തം ഇച്ചാശക്തിയിലായിരുന്നു അലോഷ്യസ് ഒരു വിശുദ്ധനാകുവാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു സന്യാസാര്‍ത്ഥിയായി ഈശോ സഭയില്‍ പ്രവേശിച്ചപ്പോഴാണ് വിശുദ്ധന് ഒരു ആത്മീയ നിയന്താവിനെ ലഭിച്ചത്. വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ആയിരുന്നു വിശുദ്ധന്റെ ആത്മീയ മാര്‍ഗ്ഗദര്‍ശി.
ദിവ്യത്വത്തിനു വേണ്ടി അലോഷ്യസ് പിന്തുടര്ന്ന് വന്ന മാര്‍ഗ്ഗങ്ങളെ ബെല്ലാര്‍മിന്‍ തിരുത്തി, സ്വയം നിയന്ത്രണത്തിന്റേയും, എളിമയുടേതുമായ ചെറിയ പ്രവര്‍ത്തികള്‍, മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥന തുടങ്ങിയ ഈശോസഭാ നിയമങ്ങളായിരുന്നു അതിനു പകരമായി ബെല്ലാര്‍മിന്‍ അലോഷ്യസിന് നിര്‍ദ്ദേശിച്ചത്. വിശുദ്ധന്റെ അത്യാവേശം ബെല്ലാര്‍മിനെ പ്രകോപിപ്പിച്ചുവെങ്കിലും അലോയ്സിയൂസിന്റെ ഭക്തി വ്യാജമല്ലെന്നും, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയാല് അവന് ഒരു വിശുദ്ധനായിതീരുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ മര്‍ക്കടമുഷ്ടി ഒരു പ്രശ്നമാണെന്ന കാര്യം അലോഷ്യസ് മനസ്സിലാക്കി. ഒരിക്കല്‍ തന്റെ സഹോദരന് അവന് ഇപ്രകാരം എഴുതുകയുണ്ടായി ‘ഞാന്‍ അല്‍പ്പം വളഞ്ഞ ഒരു ഇരുമ്പ് കഷണമാണ്, ഈ വളവ് നേരെയാക്കുവാനാണ് ഞാന്‍ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.’
1591 ജനുവരിയില്‍ റോമില്‍ ശക്തമായ പ്ലേഗ് ബാധയുണ്ടായി. നഗരത്തിലെ ആശുപത്രികള്‍ മുഴുവന്‍ പ്ലേഗ് ബാധിതരെ കൊണ്ട് നിറഞ്ഞു. ജെസ്യൂട്ട് സഭക്കാര് തങ്ങളുടെ മുഴുവന്‍ പുരോഹിതരേയും, പുരോഹിതാര്‍ത്ഥികളേയും ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിച്ചു. അലോയ്സിയൂസിനെ സംബന്ധിച്ചിടത്തോളം ഇതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാല്‍ രോഗികളെ പരിചരിച്ചു തുടങ്ങിയപ്പോള്‍ വിശുദ്ധന്റെ ഭയവും, അറപ്പും സഹതാപമായി മാറി. അവന് യാതൊരു മടിയും കൂടാതെ റോമിലെ തെരുവുകളിലേക്കിറങ്ങി, തന്റെ സ്വന്തം ചുമലില്‍ രോഗികളേയും, മരിച്ചുകൊണ്ടിരിക്കുന്നവരേയും ആശുപത്രികളില്‍ എത്തിച്ചു.
അവന് അവരെ വൃത്തിയാക്കുകയും, അവര്‍ക്കായി കിടക്കകള്‍ കണ്ടെത്തുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. രോഗികളുമായുള്ള ഈ അടുത്ത ഇടപഴകല്‍ അപകടകരമായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അവന് പ്ലേഗ് രോഗം ബാധിക്കുകയും, തന്റെ 23മത്തെ വയസ്സില്‍ വിശുദ്ധന് മരണപ്പെടുകയും ചെയ്തു. രോഗികളിലും, നിസ്സഹായരിലും, മരണശയ്യയില്‍ കിടക്കുന്നവരിലും വിശുദ്ധ അലോഷ്യസ് ക്രൂശിതനായ യേശുവിനെ ദര്‍ശിച്ചു സ്വര്‍ഗീയ സമ്മാനത്തിന് അര്‍ഹനായി. കൗമാരക്കാരുടെ മാദ്ധ്യസ്ഥനെന്ന നിലയില്‍ വിശുദ്ധന് ബഹുമാനിക്കപ്പെടുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.