ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ
യോഹന്നാൻ്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രഭാഷണത്തിലെ ശക്തമായ ഒരു ഭാഗമാണ് മുന്തിരിച്ചെടിയേയും ശാഖകളെക്കുറിച്ചുമുള്ള പഠനം. ” ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.(യോഹന്നാന്‍ 15 : 5) ഈശോ ആകുന്ന മുന്തരിവള്ളിയോടു ചേർന്നു നിന്നാലേ ശാഖകൾക്കു ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. ദൈവപുത്രൻ്റെ വളർത്തു പിതാവിൻ്റെ ജീവിതം മുന്തിരിച്ചെടിയിലെ ശാഖപോലെയായിരുന്നു. മുന്തിരിച്ചടിയും ശാഖയും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ആ ബന്ധത്തിൻ്റെ തീവ്രത അനുസരിച്ചേ നമ്മുടെ ജീവിതം ഫലം ചൂടുകയും മറ്റുള്ളവർക്കും സഹായമാവുകയും ചെയ്യും.
ദൈവത്തെയും അവൻ്റെ പ്രമാണങ്ങളെയും മറന്നൊരു ജീവിതം യൗസേപ്പിനില്ലായിരുന്നു. ജീവിതത്തിൻ്റെ ഏതു സാഹചര്യത്തിലും – കഷ്ടതകളുടെയും ജീവിത സന്തോഷങ്ങളുടെയും നടുവിലും – അവൻ സ്ഥിരതയോടെ നിലകൊണ്ടു. ചെടിയിൽ നിൽക്കുന്ന ശാഖകൾക്കേ ജീവൻ ലഭിക്കു, അവ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളു.
ദൈവത്തിൽ നിലനിൽക്കുക എന്നാൽ സജീവമായും പരസ്പരം ബന്ധപ്പെട്ടും അവനിൽ വസിക്കുകയാണ്. മുന്തിരിച്ചെടിയിലില്ലാത്ത ശാഖകൾക്കു ഒന്നും ചെയ്യാൻ കഴിയില്ല അവ വളരാനും ഫലം ചൂടാനും ജീവരസം ആവശ്യമാണ്. അത് മുന്തിരിച്ചെടിയിൽ നിന്നേ ലഭിക്കുകയുള്ളു.
യൗസേപ്പിതാവിനെപ്പോലെ മുന്തിരിച്ചെടിയിലെ ശാഖയായി നമുക്കു വളരാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.