വിശുദ്ധ പുഷ്പങ്ങള്‍ നിറഞ്ഞ പരിശുദ്ധ അമ്മയുടെ പൂന്തോട്ടം
ആഗോള ക്രൈസ്തവസഭയുടെ രാജ്ഞിയായി മകുടംചൂടിയ പരി. കന്യകാമറിയം അനിതരസാധാരണമായ വണക്കത്തിനു അര്‍ഹയാണ്. ക്രൈസ്തവപാരമ്പര്യത്തിന്റെ നെടുംതൂണായ ഈ വണക്കത്തിന്റെ അടയാളമായി മദ്ധ്യകാല യൂറോപ്പില്‍ കോണ്‍വെന്റുകളിലും, ആശ്രമങ്ങളിലും ഉത്ഭവിച്ച ഒരു രീതിയായിരുന്നു പരി. മറിയത്തിന്റെ നാമധേയത്തിലുള്ള പൂന്തോട്ടനിര്‍മ്മാണം. ഇത് ക്രൈസ്തവവിശ്വാസികളുടെ ആത്മീയ പ്രതിബദ്ധത വെളിവാക്കുന്നു . മറിയത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളില്‍ ഇടംനേടിയ അനേകം പുഷ്പങ്ങളുണ്ട്. 1932ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ആദ്യ മരിയന്‍ പൂന്തോട്ടം നിര്‍മ്മിച്ചു. മസാച്ചുസറ്റ്സിലെ കേപ്പ് കോഡിലെ സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിലാണ് നിര്‍മ്മിച്ചത്. നോര്‍ത്ത് കാരോലിന, ക്യാനഡ, ന്യൂയോര്‍ക്ക് എന്നിങ്ങനെ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ മരിയന്‍ പൂന്തോട്ടങ്ങള്‍ നിരവധിയാണ്. ഈ പൂന്തോട്ടങ്ങളിലെ പ്രധാന ആകര്‍ഷണം മാതാവിന്റെ പ്രതിമയാണ്. പൂന്തോട്ടത്തിന്റെ വലിപ്പം ഗൗരവമുള്ളതല്ല. ചെറുതായാലും, വലുതായാലും മരിയന്‍ ഗാര്ഡന് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പുഷ്പങ്ങളെ നമുക്കു പരിചയപ്പെടാം.
- ലില്ലി- ശുദ്ധതയുടേയും, കൃപയുടേയും അടയാളമാണ് ഈ പുഷ്പം. ഗബ്രിയേല്‍ ദൈവദൂതന് മംഗളവാര്‍ത്താ അരുളിചെയ്ത സമയത്ത് കൈകളില്‍ ലില്ലിപൂക്കള്‍ വഹിച്ചിരുന്നു.
- റോസാപൂവ്- ഈ പുഷ്പം സ്വര്‍ഗ്ഗത്തിന്റെ റാണിയായി അലംകൃതയായ മറിയത്തെ പ്രതിനിധാനം ചെയ്യുന്നു. ചെമന്ന റോസാ ദു:ഖത്തെയും, വെളുത്ത റോസാപൂവ് സന്തോഷത്തേയും, മഞ്ഞ റോസാപൂവ് മറിയത്തിലുള്ള ബഹുമാനത്തേയും സൂചിപ്പിക്കുന്നു.
- കൊളമ്പൈന്‍- പരിശുദ്ധ കന്യകയുടെ പാദുകം എന്നറിയപ്പെടുന്നു. എലിസബത്തിനെ സന്ദര്‍ശിക്കാന്‍ മറിയം യാത്രയായ വഴിയില്‍ മറിയത്തിന്റെ പാദസ്പര്ശമേറ്റ് പോട്ടിമുളച്ചതാണ് ഈ പുഷ്പം എന്ന് വിശ്വസിക്കപ്പെടുന്നു.
- വയലറ്റ്- എളിമയുടേയും, വിനയത്തിന്െയും പ്രതീകമാണിത്.
- കാര്‍ണേഷന്‍- യേശുവിന്റെ ജനനത്തില്‍ മേരിയ്ക്കുണ്ടായ ആഹ്ളാദം സൂചിപ്പിക്കുന്ന ഈ പുഷ്പം യേശു ജനിച്ച രാത്രിയില്‍ വിരിഞ്ഞു എന്നാണ് സങ്കല്പം.
- ഓക്സി ഐ ഡെയ്സി- ബെത്ലഹെമില്‍ എത്തിയ രാജാക്കന്മാര് യേശുവിന്റെ അടുക്കല്‍ എത്തുവാനായി വഴി അന്വേഷിക്കുമ്പോഴാണ് വെളുത്തതും സുവര്ണ്ണനിറത്തിലുമുള്ള പുഷ്പം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അങ്ങനെ അവര്‍ യേശുവിന്റെ അടുക്കല്‍ എത്തുന്നു.
- സ്റ്റാര്‍ ഓഫ് ബെത്ലഹെം- ശിശുവായ യേശുവിനെ അന്വേഷിച്ച മാഗി പിന്തുടര്‍ന്ന നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഈ പുഷ്പം കാണപ്പെടുന്നത്.
- സ്നോഡ്രോപ്- മറിയം ശിശുവായ യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ പോയപ്പോള്‍ വിരിഞ്ഞ പുഷ്പമാണ് ഇത്.
- റോസ്മേരി- ശിശുവായ യേശുവിന്റെ തുണികള്‍ മറിയം ഈ കുറ്റിച്ചെടിയുടെ മുകളിലാണ് അലക്കിയ ശേഷം ഉണക്കാനായി ഇട്ടത്. അന്നുമുതല്‍ ഈ കുറ്റിചെടി സുഗന്ധപൂരിതമായി.
- ഫോര്‍ഗെറ്റ് മീ നോട്ട്- ഈ സസ്യത്തിലെ ചെറിയ നീല പൂക്കള്‍ മറിയത്തിന്റെ നയനങ്ങളെ സൂചിപ്പിക്കുന്നു.
- മീഡോ ക്രെസ്സ്- മറിയത്തിന്റെ കുപ്പായമെന്നാണ് ഈ സസ്യം അറിയപ്പെടുന്നത്. നന്നേ ചെറുപ്പത്തില്‍ മറിയം തുന്നി ഉടുപ്പുകളുണ്ടാക്കിയിരുന്നു.
- ലാവെന്‍ണ്ടര്‍- മറിയത്തിന്റെ ഗുണങ്ങളായ പരിശുദ്ധിയേയും, ശുചിത്വത്തെയും സൂചിപ്പിക്കുന്നു.
- മാരിഗോള്‍ഡ്- പുരാതന ക്രൈസ്തവര്‍ മറിയത്തിന്റെ രൂപത്തിനു മുന്പില് നാണയങ്ങള്‍ക്കുപകരം മറിയത്തിന്റെ സ്വര്‍ണ്ണം എന്നു വിളിപേരുള്ള ഈ പൂക്കളാണ് സമര്‍പ്പിച്ചിരുന്നത്.
- ബ്ലൂബെല്‍സ്- ബെല്ലിന്റെ ആകൃതിയിലുള്ള ഈ പുഷ്പം മറിയത്തിന്റെ കരങ്ങളെ സൂചിപ്പിക്കുന്നു. മറിയത്തിന്റെ വിരലുറ എന്ന് പരക്കെ അറിയപ്പെടുന്നു.
- സ്പീഡ്വെല്‍ – ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന വേളയില്‍ മറിയം വിശ്രമിച്ച ഇടങ്ങളില്‍ വിരിഞ്ഞ സസ്യമാണിത്.
- ലില്ലി ഓഫ് ദ വാലി- മറിയത്തിന്റെ കണ്ണുനീരെന്ന് ഈ സസ്യത്തെ വിശേഷിപ്പിക്കുന്നു. കുരിശിന് ചുവട്ടില്‍ വീണ മറിയത്തിന്റെ അശ്രുകണങ്ങള്‍ സുഗന്ധപൂരിതമായ ചെറുപുഷ്പങ്ങളായി മാറി എന്നാണ് സങ്കല്പം.
- ഐറിസ്- ഈ പുഷ്പം മംഗളവാര്‍ത്തയെ സൂചിപ്പിക്കുന്നു.
- ഹേര്‍ബ്സ്- മുറിവുണക്കുന്ന ഔഷധഗുണമുള്ള സസ്യങ്ങള്‍ മറിയത്തിന്റെ സ്വര്‍ഗ്ഗീയ സ്നേഹത്തേയും കരുണയേയും സൂചിപ്പിക്കുന്നു.
- ഫ്യുഷിയ- ബാലനായ യേശു ഈ പുഷ്പങ്ങള്‍ മാതാവിന് കര്‍ണ്ണാഭരണമായി അണിയിക്കുമായിരുന്നു.
- ഫ്ളുര്- ഡി- ലിസ്- ആവേ മരിയ പുഷ്പം എന്നാണിതറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പ്രഭു തന്റെ ഭൗതീകസ്വത്തുക്കള് ഉപേക്ഷിച്ച് ഒരു സന്ന്യാസസഭയില്‍ അംഗമാകുന്നു. പരി. കന്യകയുടെ അതീവഭക്തനായിരുന്ന പ്രഭു പഠനകാര്യങ്ങളില്‍ പിന്നോക്കമായിരുന്നു. ആവേ മരിയ എന്ന പ്രാര്‍ത്ഥന പോലും ഹൃദ്ദിസ്ഥമാക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. അതിനാല്‍ ആവേ മരിയ എന്ന ആദ്യ രണ്ടു വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അയാള്‍ ഉരുവിടുമായിരുന്നു. ഇത് സഹസന്ന്യാസിമാരുടെ കളിയാക്കലിനു കാരണമായി. മരണശേഷം ആശ്രമത്തിനരികിലുള്ള ഒരു സിമിത്തേരിയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം ശവകുടീരത്തിനരികെ ഫ്ളൂര്‍-ഡി-ലിസ് എന്ന സസ്യം മുളച്ചു. അതിലെ ഓരോ പൂവിലും സുവര്‍ണ്ണനിറത്തില്‍ ആവേ മരിയ എന്ന് എഴുതപ്പെട്ടിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.