അമ്മ സമ്മാനിച്ച ഓര്‍മ്മചെപ്പ്
ഒരു മഴക്കാലത്ത് പനിക്കുള്ള മരുന്ന് വാങ്ങുവാനായി ക്ലിനിക്കിന് മുമ്പില്‍ നില്‍ക്കുമ്പോഴാണ് റോസ് ദിക്രൂസ് എന്ന കന്യാസ്ത്രീയെ ഞാനാദ്യമായി പരിചയപ്പെടുന്നത്. കുഞ്ഞിക്കണ്ണും പതുങ്ങിയ മുഖവുമുള്ള സിസ്റ്റര്‍ അധികം വൈകാതെതന്നെ എന്റെ സ്വന്തം സഹോദരിയായി മാറി. അന്നൊക്കെ സെമിനാരിയില്‍ നിന്ന് അവധി ലഭിക്കുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ മഠത്തിലേക്ക് പോകുമായിരുന്നു. നല്ല രുചിയുള്ള മറാത്തി വിഭവങ്ങളും, നാഗാലാന്‍ഡ് വിഭവങ്ങളും കൊണ്ട് ഞങ്ങള്‍ക്ക് ഒരു വലിയ സദ്യ തന്നെ സിസ്റ്റര്‍ മഠത്തില്‍ ഒരുക്കുമായിരുന്നു. നാഗാലാന്‍ഡ് സ്വദേശിനിയായ സിസ്റ്റര്‍ റോസ് ചിലപ്പോഴൊക്കെ എന്നോട് മലയാളം പറയുവാന്‍ ശ്രമിക്കും. അത് കേള്‍ക്കുമ്പോള്‍ തിരമാലകള്‍ പോലെ എന്റെ മുഖത്ത് ചിരി അലയടിക്കും.
ഒരു ദിവസം സിസ്റ്റര്‍ ഇടയ്ക്കിടെ ശുശ്രൂഷയ്ക്ക് പോകാറുള്ള സ്ഥലത്തെ കുറിച്ച് എന്നോട് പറയുകയുണ്ടായി. പൂനായിലെ ബുധുവാര്‍പേട്ടിനടുത്ത് എയിഡ്‌സ് ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥലം. ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ അവിടെ മരണം കാത്ത് കിടക്കുന്നുണ്ട്. സമൂഹത്തിന് അവരെ ഭയമാണ്. ഒരു ഗവണ്‍മേന്റിതര സംഘടനയും, കൂറെ സഹോദരങ്ങളുമാണ് ആ കുട്ടികളെ സംരക്ഷിക്കുന്നതും ശുശ്രൂഷ നല്‍കിവരുന്നതും. സിസ്റ്ററില്‍ നിന്ന് ആ സ്ഥലത്തെ കുറിച്ച് കേട്ടപ്പോള്‍ മുതല്‍ അവിടേക്ക് പോകണമെന്ന ഒരാഗ്രഹം മനസ്സില്‍ നാമ്പിട്ടു. രോഗബാധിതരായ ആ പിഞ്ചുകുഞ്ഞുങ്ങളെ ഒന്ന് കാണുവാന്‍…അവരുമായി കുറച്ച് സമയമെങ്കിലും ചിലവഴിക്കാന്‍ ഞാനാഗ്രഹിച്ചു. ഒടുവില്‍ ഒരു ദിവസം സിസ്റ്ററിനോപ്പം എന്റെ സുഹൃത്തും ഞാനും കൂടി അവിടേക്ക് യാത്രതിരിച്ചു. പോകുന്ന വഴിക്ക് സിസ്റ്റര്‍ ഞങ്ങളോട് ചോദിച്ചു – നിങ്ങള്‍ക്ക് ഭയമില്ലല്ലോ അല്ലേ..? അവര്‍ക്ക് എയ്ഡ്‌സ് ഉണ്ട്…
ഞങ്ങള്‍ മറുപടി നല്‍കാതെ മൗനം പൂണ്ടു. പിന്നെ സിസ്റ്റര്‍ എന്നോട് മാത്രമായി പറഞ്ഞു.- അവിടെ നിനക്ക് ഒരു കുഞ്ഞു സഹോദരിയുണ്ട്.. ഒരു മദ്രാസിക്കുട്ടി…
അതു കേട്ടപ്പോള്‍ ഞാനതിശയപ്പെട്ടു. പൂനായിലെ വേശ്യകളുടെ മക്കള്‍ക്ക് ഇടയില്‍ ഒരു മലയാളി കുഞ്ഞ് എങ്ങനെ ?..
ചോദ്യങ്ങള്‍ മനസ്സിന്റെ ഒരു കോണില്‍ വട്ടമിട്ടുകറങ്ങി. ഞങ്ങള്‍ സ്ഥലത്ത് എത്തി. സിസ്റ്ററിന്റെ കൂടെ നിന്ന് ഒരോ കുഞ്ഞുങ്ങളെയും പരിചയപ്പെട്ടു. എല്ലാവരും പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. പാവം കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കത വിട്ടുമാറാത്ത മുഖങ്ങള്‍.. പരിചയപ്പെടുന്നതിനിടയില്‍ സിസ്റ്റര്‍ ഒരു കുഞ്ഞിനെയെടുത്ത് തോളില്‍വെച്ചുകൊണ്ട് പറഞ്ഞു- ഇതാണ്ദ ിവ്യമോള്‍ നിന്റെ നാട്ടുകാരി…
അവിടെ നിന്ന് തിരികെ ഇറങ്ങുന്നിടം വരെ ദിവ്യമോളുടെ ഒപ്പം ഞാന്‍ ചിലവഴിച്ചു. ഒരേ ദേശക്കാരന്റെ സാന്നിദ്ധ്യം ആ കുഞ്ഞു മനസ്സില്‍ സന്തോഷവും, ആശ്വാസവും ഒരേപോലെ നിറച്ചു. എങ്കിലും ആ പിഞ്ചുസ്വരത്തില്‍ നഷ്ടപ്പെടലിന്റെ വേദന ഒളിച്ചിരിപ്പുണ്ടായിരുന്നു.
ഇടയ്ക്ക് സിസ്റ്ററിനോട് ഞാനവളുടെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചു.
അവളുടെ അമ്മ പൂനായില്‍ ഒരു നല്ല ആശുപത്രിയിലെ നേഴ്‌സായിരുന്നു. ജോലിക്കിടയിലെ കൈയബദ്ധം മൂലം എങ്ങനെയോ അവര്‍ക്ക് എയിഡ്‌സ് പിടിപെട്ടു. രോഗം പിടിപെടുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവത്തോടെ ആ സ്ത്രീ മരിച്ചു. ദൈവകൃപകൊണ്ട് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു. എങ്കിലും എയിഡ്‌സ് ആ കുഞ്ഞിലേക്ക് പകര്‍ന്നിരുന്നു. എയിഡ്‌സ് ബാധിതയായ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുവാന്‍ ഭര്‍ത്താവും ബന്ധുക്കളും മടിച്ചു. അങ്ങനെ ആ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് അനാഥയായി. കുറേനാള്‍ കന്യാസ്ത്രീ മഠത്തില്‍ ഇവളെ വളര്‍ത്തി. പിന്നെ അവിടെ നിന്ന് ഇവിടെക്ക് ഇവള്‍ എത്തിചേര്‍ക്കപ്പെട്ടു.
മരണത്തോട് അടുക്കുന്ന വേളയിലും അവിടെയുള്ള കുട്ടികളില്‍ ഒരുതരം പ്രകാശവും, സന്തോഷവും ഞാന്‍ കണ്ടു. അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാന്‍ ദിവ്യമോളോട് ചോദിച്ചു.-മോള്‍ക്ക് അമ്മയോട് ദേഷ്യമുണ്ടോ..?
ഒരു ചെറുപുഞ്ചിരി തന്റെ കുഞ്ഞു നുണക്കുഴിയില്‍ വരുത്തികൊണ്ട് അവള്‍ മറുപടി നല്‍കി. – ഇല്ല, ഞാന്‍ എന്റെ അമ്മയെ സ്‌നേഹിക്കുന്നു…ഈ രോഗത്തിലൂടെ അമ്മ എന്റെ ഉള്ളിലുണ്ട്, എന്റെ ഒപ്പമുണ്ട്. എല്ലാവരെയും എന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് അമ്മയ്ക്ക് മാത്രമായി എന്നെ വേണ്ടതു കൊണ്ടാണ്. ഇത്രമാത്രം എന്നെ സ്‌നേഹിക്കുന്ന എന്റെ അമ്മയെ എനിക്കെങ്ങനെ വെറുക്കാന്‍ കഴിയും…
കൊച്ചു ബുദ്ധിയില്‍ നിന്ന് വന്ന പക്വതയാര്‍ന്ന വാക്കുകള്‍ ഒരു നിമിഷം എന്നെ പിടിച്ചുകുലുക്കി. ആ കുഞ്ഞിന്റെ മുമ്പില്‍ ഞാനൊന്നുമല്ലാതെയാകുന്ന പോലെ തോന്നി. ഇത്ര വര്‍ഷങ്ങള്‍ കൊണ്ട് ഞാനാര്‍ജിച്ച ബൗദ്ധിക വിജ്ഞാനം അവളുടെ മുമ്പില്‍ തകര്‍ന്നടിഞ്ഞതുപോലെ തോന്നി.
സിസ്റ്ററിന്റെ ഒപ്പം ഞങ്ങള്‍ ആ സ്‌നേഹാലയത്തിന്റെ പടികള്‍ ഇറങ്ങി. ദിവസങ്ങളും, മാസങ്ങളും കടന്നു പോയി. ഒരവധി ദിവസം മഠത്തില്‍ വീണ്ടും ചെന്നപ്പോള്‍ ഞാന്‍ ദിവ്യമോളെപറ്റി സിസ്റ്ററിനോട് ചോദിച്ചു. ഒരു നിമിഷത്തെ മൗനത്തിന് ശേഷംഅവര്‍ പറഞ്ഞു.-ദിവ്യമോള്‍ അവളുടെ അമ്മയുടെ അടുത്തേക്ക് പോയി എന്നന്നേക്കുമായി.
എന്റെ നയനങ്ങളില്‍ ഒരിറ്റു കണ്ണുനീര്‍ തുള്ളികള്‍ പൊടിഞ്ഞു. ദിവ്യമോള്‍ക്ക് കൊടുക്കാന്‍ കഴിയാതെ പോയെ ശേഷക്രിയ പോലെ ഞാനാ കണ്ണു നീര്‍തുള്ളികള്‍ തുടച്ചെടുത്തു….
~ ലിബിന്‍ ജോ മാത്യൂ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.