അന്ത്യനാളുകളില്‍ വി. യൗസേപ്പിതാവിന്റെമേല്‍ വര്‍ഷിക്കപ്പെട്ട വലിയ അനുഗ്രഹങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-196/200
ദൈവത്തിന്റെ മുമ്പില്‍ ഏറ്റം വിശ്വസ്തനായ ആത്മാവ് എന്ന നിലയില്‍ ജോസഫിന് അത് അര്‍ഹതപ്പെട്ടതായിരുന്നു. തന്റെ ജീവിതത്തിലുടനീളം സ്നേഹനിര്‍ഭരമായ ശുശ്രൂഷകളും കാരുണ്യപ്രവൃത്തികളും ചെയ്തുകൊണ്ട് ഈശോയോടും മറിയത്തോടും അയല്ക്കാരോടുമുള്ള തന്റെ കടമ കുറ്റമറ്റവിധം പൂര്‍ത്തിയാക്കി. അങ്ങനെ, അനിതരസാധാരണമായ നിലയില്‍ കര്‍ത്താവിനു പ്രിയങ്കരനായി ജോസഫ് തന്റെ ജീവിതയാത്ര പൂര്‍ത്തിയാക്കി. അതിനാല്‍ ജോസഫിന്റെ അന്ത്യനാളുകളില്‍ അതിശ്രേഷ്ഠമാംവിധം വലിയ അനുഗ്രഹങ്ങള്‍ അവന്റെ മേല്‍ വര്‍ഷിക്കാന്‍ ദൈവം നിശ്ചയിച്ചു.
ജോസഫ് താന്‍ ചെയ്ത എല്ലാ കാര്യങ്ങളും ദൈവത്തിന്റെ നന്മയിലും ഔദാര്യത്തിലും നിന്ന് ഉളവായതാണെന്നു സാക്ഷ്യപ്പെടുത്തി. വ്യക്തിപരമായി ഒരു കഴിവും തനിക്ക് അവകാശപ്പെടാന്‍ യോഗ്യതയില്ലെന്ന് വിശുദ്ധന് നിരന്തരം സാക്ഷ്യപ്പെടുത്തുമായിരുന്നു. താന്‍ ഒരു നന്മയും ചെയ്യാന്‍ കഴിയാത്ത നികൃഷ്ടജീവിയാണെന്നും ദൈവം തന്റെമേല്‍ വര്‍ഷിച്ച എണ്ണമറ്റ കൃപകള്‍ക്കെല്ലാം ഉചിതമായ രീതിയില്‍ അവിടുത്തോടു നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിലുള്ള തന്റെ കുറവുകള്‍ ക്ഷമിക്കണമെന്നും അവിടുത്തോടു പരസ്യമായി
മാപ്പിരക്കുകയും ചെയ്തിരുന്നു. അതായിരുന്നു ജോസഫിന്റെ തനതായ വിനയം; അതായിരുന്നു തന്നെക്കുറിച്ചുതന്നെയുള്ള വിശുദ്ധന്റെ ഏറ്റം താഴ്ചയുള്ള മനോഭാവം. വിശുദ്ധിക്കുവേണ്ടിയുള്ള വിശുദ്ധന്റെ അഭിലാഷം അതിന്റെ എല്ലാ പരിധികള്‍ക്കും അപ്പുറമായിരുന്നു.
ചെയ്യുന്ന ഓരോ കാര്യവും എല്ലാ കഴിവുകളും ഉപയോഗിച്ച് അതിന്റെ പൂര്ണ്ണതയില്ത്തന്നെയാണ് ചെയ്തിരുന്നത്. എങ്കില്‍പ്പോലും കുറച്ചുകൂടി നന്നായി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോന്നും പൂര്‍ത്തിയാക്കിയിരുന്നത്. അത്യന്തം ക്ലേശിതനും പീഡിതനുമായി കിടക്കുമ്പോഴും ഒരു ഉള്‍ഭയം കൂടെക്കൂടെ അലട്ടിയിരുന്നു. കടമ നിര്‍വ്വഹിക്കുന്നതില്‍ തന്നില്‍നിന്നു പ്രതീക്ഷിച്ചിരുന്നതുപോലെ ചെയ്യാന്‍ കഴിയാതെ എപ്പോഴെങ്കിലും ഉപേക്ഷ വരുത്തിയിട്ടുണ്ടോ എന്ന ഒരു ആശങ്ക. വിശുദ്ധന് പരിശുദ്ധയായ തന്റെ ഭാര്യയോട് അക്കാര്യം സംസാരിക്കുകയും അങ്ങനെയുള്ള ഏതെങ്കിലും അശ്രദ്ധയോ അവഗണനയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും അല്ലാത്തപക്ഷം അത് കര്‍ത്താവിനെ പ്രകോപിപ്പിക്കാന്‍ കാരണമാകുമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇപ്രകാരം തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള കുറവുകള്‍ മാത്രമല്ല, സാഹചര്യം എന്തുതന്നെ ആയിരുന്നാലും, കര്‍ത്താവിന്റെ മുമ്പില്‍, ഏറ്റം തൃപ്തികരവും ആത്മാര്‍ത്ഥവുമായി ശുശ്രൂഷചെയ്യണമെന്നുള്ള അവിടുത്തെ മൗലികമായ അവകാശത്തെ ഘനിക്കുന്ന എന്തെങ്കിലും എവിടെയെങ്കിലും വന്നുഭവിച്ചിട്ടുണ്ടോ എന്നുകൂടി കണ്ടെത്തണം എന്നുകൂടി പറഞ്ഞു. സവിനയത്തില് സമസ്ത സൃഷ്ടികളെയും അതിശയിപ്പിക്കുന്ന പരിശുദ്ധ മറിയം, ഒരിക്കല്‍കൂടി സ്വയം ചെറുതാക്കിക്കൊണ്ടു ജോസഫിനോടു പറഞ്ഞു. ഇന്നുവരെ ജോസഫ് ചെയ്തിട്ടുള്ള കാര്യങ്ങളില്‍ അപൂര്‍ണ്ണമോ ദൈവത്തിന് അപ്രീതികരമോ ആയ എന്തെങ്കിലും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി. അതു കേട്ടപ്പോള്‍ ഭാഗ്യവാനായ ജോസഫിന് വളരെയധികം ആശ്വാസം തോന്നി; ദൈവത്തെ സ്തുതിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.