ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്നു – ഫ്രാന്‍സിസ് പാപ്പ
വത്തിക്കാൻ സിറ്റി: എല്ലാ കാര്യങ്ങളിലും നാം ദൈവസാന്നിധ്യം തേടണമെന്നും കണ്ടെത്തണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. അനുദിന ജീവിതം കഠിനവും ക്ലേശകരവുമായി തോന്നാമെങ്കിലും അദൃശ്യസാന്നിധ്യത്താൽ ദൈവം എപ്പോഴും നമ്മുടെ ജീവിതത്തിൽ ആവസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചലൂസ് പ്രാർത്ഥനാമധ്യേ, ദൈവരാജ്യത്തെ കുറിച്ചുള്ള ഉപമകൾ പരാമർശിച്ചുകൊണ്ട് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എപ്രകാരം നിറഞ്ഞുനിൽക്കുന്നു, എപ്രകാരം പ്രവർത്തിക്കുന്നു എന്ന് സസൂക്ഷ്മം വീക്ഷിക്കണം. വലിയ മരമായി മാറുന്ന ചെറിയ കടുകുമണിയോട് ദൈവരാജ്യത്തെ ഉപമിച്ച തിരുവചനം പരാമർശിച്ച പാപ്പ, നമ്മുടെ ജീവിതത്തിലും ലോകം മുഴുവനിലും ദൈവം ഇപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ഉദ്ബോധിപ്പിച്ചു. ജീവിതത്തിരക്കുകൾ മൂലം പലപ്പോഴും ഈ യാഥാർത്ഥ്യം മനസിലാക്കാൻ നമുക്ക് കഴിയാറില്ല.
പക്ഷേ, ചെറിയ വിത്ത് വലിയ മരമായി മാറുന്നതുപോലെ എല്ലാവർക്കും ജീവനും ജീവിതവും നൽകിക്കൊണ്ട് ദൈവം പ്രവർത്തന നിരതനാണ്. നമ്മുടെ സത്പ്രവൃത്തികളുടെ വിത്തുകൾ താരതമ്യപ്പെടുത്തുമ്പോൾ ചെറുതായി തോന്നാം. എന്നിരുന്നാലും നല്ലതെല്ലാം ദൈവത്തിന്റേതാണ്. നല്ലത് എപ്പോഴും എളിയതും അദൃശ്യവുമായ രീതിയിൽ വളരുന്നു. ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിൽ ഈ ഉപമ നമുക്ക് ആത്മവിശ്വാസമേകണം.
നന്മ ദുർബലമാണെന്നും തിന്മയാണ് അവസാനവാക്കെന്നുമുള്ള തെറ്റായ ചിന്തയാൽ പലപ്പോഴും ജീവിതത്തിൽ നാം നിരുത്സാഹപ്പെട്ടിട്ടുണ്ടാകാം. എന്നാൽ, നാം കഠിനാധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച ഫലങ്ങളോ മാറ്റങ്ങളോ ഒരിക്കലും സംഭവിക്കാതിരുന്നാലും ദൈവസാന്നിധ്യത്തെ സംശയിക്കരുത്. നമ്മിലേക്കും യാഥാർത്ഥ്യത്തിലേക്കും കൺതുറന്ന് കാഴ്ചയ്ക്കപ്പുറമുള്ളവ കാണാനും ദൈവസാന്നിധ്യം കണ്ടെത്താനും തിരുവചനം നമ്മെ അനുനിമിഷം ക്ഷണിക്കുന്നുണ്ട്.
നാം ഓരോരുത്തരും ദൈവത്തിന്റെ കരങ്ങളിലാണെന്ന ചിന്ത ക്ഷമയോടും സ്ഥിരതയോടും കൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്ന് ഓർമിപ്പിച്ച പാപ്പ, അനുദിന ജീവിതത്തിൽ ഊർജസ്വലതയോടെ മുന്നേറാനും ക്ഷമയോടെ നന്മയുടെ വിത്തുകൾ വിതയ്ക്കാനും അതിൽനിന്ന് ഫലം കൊയ്യാനും എല്ലാവർക്കും കഴിയട്ടെയെന്നും ആശംസിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്