സമയസൂചികൾ മാറ്റി വരയ്ക്കപ്പെട്ട കാലം

എന്റെ സുഹൃത്ത് പങ്കുവച്ചകാര്യം.
‘അച്ചാ, ഞാനും എന്റെ ഭാര്യയും തമ്മിൽ വഴക്കിടുന്നത് പ്രാർത്ഥനയെ ചൊല്ലിയാണ്. ഏഴരയ്ക്ക് പ്രാർത്ഥന ചൊല്ലണമെന്ന് എത്ര തവണ പറഞ്ഞാലും അവൾ അടുക്കളയിലെ പണികൾ തീർത്തിട്ടുണ്ടാകില്ല. ചില ദിവസങ്ങളിലെ കാര്യമാണെങ്കിൽ മനസിലാക്കാം. സ്ഥിരം ഇങ്ങനെയായാൽ എന്തു ചെയ്യും?
ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ ആറുമണിയാകും. അത്യാവശ്യം ചില പണികൾക്ക് ഞാൻ അവളെ സഹായിക്കാറുമുണ്ട്. ബാക്കിയുള്ള പണികൾ പ്രാർത്ഥന കഴിഞ്ഞ് ചെയ്യാമെന്നു വച്ചാൽ അവൾക്കതിഷ്ടമല്ല. മിക്കവാറും ഒമ്പതു മണിയാകും പ്രാർത്ഥിക്കാൻ മുട്ടുകുത്തുമ്പോൾ. അപ്പോഴേയ്ക്കും ഓരോരുത്തർ ഉറക്കംതൂങ്ങി തുടങ്ങിയിട്ടുണ്ടാകും.”
അതേക്കുറിച്ച് അയാളുടെ ഭാര്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
”ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. പ്രാർത്ഥന വൈകാൻ പ്രധാനകാരണം എൻ്റെ അലസതയാണ്. പണികളെല്ലാം കഴിഞ്ഞ് കുളിച്ചതിനു ശേഷം പ്രാർത്ഥിക്കാനാണ് എനിക്കിഷ്ടം. അപ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും. എന്തായാലും എൻ്റെ അലസത മാറ്റാൻ പരമാവധി പരിശ്രമിക്കാം….”
ഞാനീ സൂചിപ്പിച്ചത് ഒരു കുടുംബത്തിലെ മാത്രം കാര്യമല്ല. പല കുടുംബങ്ങളിലും ഇന്ന് കുടുംബ പ്രാർത്ഥനയുണ്ടോ എന്ന് സംശയമാണ്. പണ്ടൊക്കെ സന്ധ്യയാകുമ്പോൾ മിക്കവാറും എല്ലാ ക്രിസ്ത്യൻ വീടുകളിൽ നിന്നും പ്രാർത്ഥനയുടെ സ്വരം ഉയരുമായിരുന്നു. ഇന്ന് സ്ഥിതി മാറി. കറക്ട് ആ സമയത്താണ് ഓൺലൈൻ ക്ലാസുകളും ടി.വി.യിലെ അന്തിച്ചർച്ചകളും കൊഴുക്കുന്നത്.
മാതാപിതാക്കൾ വീട്ടിൽവന്നാലേ മൊബൈൽ ഫോണുകൾ ലഭിക്കൂ എന്ന കാരണം പറഞ്ഞ് സന്ധ്യയ്ക്കു ശേഷമുള്ള ഓൺലൈൻ ക്ലാസുകൾ ഈ അദ്ധ്യയന വർഷത്തിൽ വർദ്ധിച്ചു എന്നതും അപകടകരമായ മുന്നറിയിപ്പാണ്. “ക്ലാസുകാരണം പ്രാർത്ഥന നഷ്ടമാകുന്നു” എന്ന പരാതികൾ പരിഗണിക്കപ്പെടുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എൻ്റെ മറ്റൊരു സ്നേഹിതൻ പറഞ്ഞതും ഇത്തരമൊരു അനുഭവമാണ്. അദേഹത്തിന് മൂന്നു മക്കൾ. മക്കളുടെ ക്ലാസുകളും ട്യൂഷനും പി.ടി.എ. മീറ്റിംഗുമെല്ലാം ഗൂഗിളിലൂടെ നടക്കുന്നത് സന്ധ്യാസമയത്താണ്. അതായത് പ്രാർത്ഥനയുടെ സമയം മുഴുവൻ കുട്ടികൾ മൊബൈലിന് മുന്നിൽ… പിന്നെങ്ങനെ പ്രാർത്ഥന നടക്കും?
കൊറോണ എന്ന് മാറുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്തതിനാൽ ആത്മീയ കാര്യങ്ങൾ ഇപ്പോഴും വ്യക്തതയില്ലാതെ പോകുകയാണ്. നമ്മുടെ ഭക്ഷണശൈലിയും സമയവുമൊക്കെ മാറിയില്ലേ? രാത്രി പത്തിന്നും പതിനൊന്നിനുമൊക്കെ അത്താഴം കഴിക്കുന്ന എത്രയോ കുടുംബങ്ങളാണ് നമുക്കു ചുറ്റും. ഇങ്ങനെ അത്താഴം കഴിഞ്ഞപാടെ ഉറങ്ങാൻ പോകുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പലരും തിരിച്ചറിയുന്നുമില്ല.
അനേകം മക്കൾ ഉണരുന്നത്ഏഴു മണിക്കും എട്ടുമണിക്കും ശേഷമാണ്.
”വേറെ ഒന്നും ചെയ്യാനില്ലല്ലോ” എന്നാണ് പലരും പറയുന്ന കാരണങ്ങൾ.
വൈകി ഭക്ഷിച്ച്…. വൈകി ഉറങ്ങി…. വൈകി ഉണർന്ന്…. നമ്മുടെ ജീവിതത്തിൻ്റെ താളം തെറ്റുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രഭാതത്തിലെ പ്രാർത്ഥനയും ശുദ്ധവായുവും വ്യായാമവുമെല്ലാംശരീരത്തിനും മനസിനും നല്ലതാണെന്ന് വിശ്വസിച്ച തലമുറ അന്യംവന്നുപോകുന്നുവോ?
ഇവിടെയാണ് മർത്തായുടെയും മറിയത്തിൻ്റെയും ജീവിതം വിചിന്തനമാക്കേണ്ടത്. എടുത്താൽ തീരാത്ത പണിയുമായ് നടക്കുന്ന മർത്ത, തൻ്റെ തിരക്കുകൾക്കിടയിൽ മറിയത്തെപോലെ ശാന്തമാകാനും ജീവിതം കുറച്ചു കൂടെ ക്രമബദ്ധമാക്കാനുംമറന്നു പോയി.
അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു….മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു”(ലൂക്കാ 10 : 41-42).
ജീവിതം കുറച്ചു കൂടെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയുസിന്റെ നല്ല ഭാഗങ്ങള്‍ പലതും നഷ്ടമാകുമെന്ന് തിരിച്ചറിയാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്