സഹനങ്ങളില്‍ കര്‍ത്താവിനോട് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-194/200
വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയാത്ത ആ അവസ്ഥ കുറച്ചു കഴിഞ്ഞപ്പോള്‍ ഏറെക്കുറെ ശാന്തമായി. ജീവന് തിരിച്ചുവന്നതുപോലൊരവസ്ഥ. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചതെല്ലാം മാതാവിനോടും ഈശോയോടും വിവരിച്ചുകൊടുത്തു; പ്രത്യേകിച്ച് മാലാഖ വന്ന് വെളിപ്പെടുത്തിയ രഹസ്യങ്ങള്‍. തന്റെ ഭര്‍ത്താവിന് ആശ്വാസം വീണ്ടുകിട്ടിയതില്‍ മറിയത്തിനു വളരെയധികം സന്തോഷമുണ്ടായി; അവള് ഹൃദയത്തില്‍ കര്‍ത്താവിനു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. ഈശോയാകട്ടെ ഈ സമയം സ്വര്‍ഗീയപിതാവിന്റെ നന്മകളെയും കാരുണ്യത്തെയുംകുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അതിലൂടെ പരിശുദ്ധ മറിയത്തിനും വിശുദ്ധ ജോസഫിനും വിവരിക്കാനാവാത്ത ആശ്വാസം ലഭിച്ചു. അവസാനം അവര്‍ ആത്മീയനിര്‍വൃതിയില്‍ നിറയുകയും മണിക്കൂറുകളോളം അതേ അവസ്ഥയില്‍ തുടരുകയും ചെയ്തു.
അതിനുശേഷം ജോസഫിന് വീണ്ടും കഠിനവേദനയുടെ പാരവശ്യം അനുഭവപ്പെട്ടു; എങ്കിലും ഇത്തവണ തന്റെ പീഡകളില്‍ അവന് സ്വര്‍ഗീയസുഖം അനുഭവിക്കുകയും കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്തു; ക്ലേശങ്ങളിലൂടെ കൃപകള്‍ കോരിച്ചൊരിയുന്ന കര്‍ത്താവിന്റെ ദയാവായ്പിനെയോര്ത്ത് അവന് നന്ദി പറഞ്ഞു. അതിതീക്ഷമായി അവന് പ്രാര്‍ത്ഥിച്ചു: ”എന്റെ ദൈവമേ! ഞാന്‍ കഠിനവേദനയുടെ ക്ലേശത്തിലും പീഡയിലും അകപ്പെട്ടിരുന്നപ്പോഴാണ് കൂടുതലായി അങ്ങയെ സ്നേഹിക്കാനും അങ്ങയോടു വിധേയത്വമുള്ളവനായിരിക്കാനും കഴിഞ്ഞത്. അതിനാല്‍, ഇപ്പോള്‍ അങ്ങയെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നത്ര വേദനകള്‍ എന്റെമേല്‍ അയച്ചുകൊള്ളുക; അതുവഴി എന്റെ ഹൃദയത്തില്‍ അങ്ങേക്കുവേണ്ടി ജ്വലിച്ചുകൊണ്ടിരിക്കുന്ന സ്നേഹം എനിക്കു കൂടുതലായി പ്രകടിപ്പിക്കാന്‍ കഴിയുമല്ലോ!”
”ഓ, എന്റെ ദൈവമേ! എന്റെ ദിവ്യരക്ഷകനെപ്പോലെ സഹിക്കാന്‍ ഞാന്‍ എത്രയധികം ഇഷ്ടപ്പെടുന്നു എന്ന് അങ്ങ് അറിയുന്നുവല്ലോ. എനിക്കുവേണ്ടി അവന് എത്രയോ സഹിക്കേണ്ടതുണ്ട്? അവസാനം, അവനോടുള്ള സ്നേഹത്തെപ്രതി എന്തെങ്കിലും ഞാനും സഹിക്കേണ്ടതല്ലയോ? തീര്‍ച്ചയായും അവനോടുള്ള സ്നേഹത്തിന് ഞാനും സഹനങ്ങളെ വരിക്കും. എന്റെ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി അവന് എത്രയോ സഹിച്ചിരിക്കുന്നു!” ഈ സമയം തന്റെ ഹൃദയത്തില്‍ കത്തിജ്വലിക്കുന്ന ദൈവസ്നേഹത്തില്‍ ജോസഫ് എരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു; ശരീരമാകട്ടെ കഠിനവേദനയില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ വിഷമാവസ്ഥയില്നിന്നു വിടുതല്‍ പ്രാപിച്ചപ്പോള്‍ എന്തായിരുന്നു ജോസഫ് അനുഭവിച്ച ആശ്വാസം! അവന് കര്‍ത്താവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞത് ദൈവസ്നേഹത്തിന്റെ അഗ്നിജ്വാലയില്‍ തന്റെ അസ്ഥികള്‍ക്കുള്ളിലെ മജ്ജയുംകൂടി ദഹിച്ചുതിരണം എന്നാണ് തന്റെ ആഗ്രഹം എന്നാണ്.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.