വി. യൗസേപ്പിതാവ് അവസാന നിമിഷങ്ങളില്‍ കര്‍ത്താവിനോട് യാചിച്ചത് എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-192/200
അഭൗമികവും ശ്രുതിമധുരവുമായൊരു സ്തുതിഗീതം കേട്ടുകൊണ്ടാണ് ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്നത്. വിശുദ്ധസ്വര്‍ഗത്തില്‍നിന്നു കേട്ട ആ തോത്രഗാനത്തിന്റെ ഈണം ജോസഫിന്റെ അന്തരാത്മാവിന്റെ ആഴങ്ങളിലേക്കു ചൂഴ്ന്നിറങ്ങി. ദൈവസാന്നിദ്ധ്യം തൊട്ടറിഞ്ഞതിന്റെ ആനന്ദനിര്‍വൃതിയില്‍ ശരീരത്തില്‍ അടിമുടി സമാശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. ഏറ്റം നേഹോഷ്മളവും അനുകമ്പാര്‍ദ്രവുമായ ദൈവിക ഐക്യത്തിലേക്ക് ആത്മവിനെ അതു ഹഠാദാകര്‍ഷിച്ചു.
എത് അപാരമായിരുന്നു ആ സമയം ജോസഫ് അനുഭവിച്ച ആനന്ദവും ആശ്വാസവും! ആനന്ദസാഗരത്തില്‍ മുങ്ങിക്കുളിച്ച് ഹര്‍ഷപുളകിതനായി അവന് വിളിച്ചു പറഞ്ഞു: ”എന്റെ ദൈവമേ, എന്റെ ദൈവമേ! ഏറ്റം നിസ്സാരനും അയോഗ്യനുമായ ഈ ദാസന് ഇതെല്ലാം എങ്ങനെ സാദ്ധ്യമായി?” മറ്റാരെയുംകാള്‍ അധികമായി ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ദൈവവുമായി ഏറ്റവും ഐക്യപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗീയ പരമാനന്ദത്തിന്റെ ഉന്നതങ്ങളിലേക്ക് അത് അവനെ ആനയിച്ചു. ദൈവത്തിന്റെ ഏറ്റവും നിഗൂഢമായ സ്വര്ഗീയരഹസ്യങ്ങള്പോലും ആരാഞ്ഞറിയാനും ഗ്രഹിക്കുവാനും അവിടുന്ന് അവനു വരം നല്കി
ഇതാ, ഈ സമയത്താണ് ഏറ്റവും സന്തോഷകരമായ ആ വാര്‍ത്തയുമായി ദൈവത്തിന്റെ ദൂതന് ജോസഫിനെ സമീപിച്ചത് – വിശുദ്ധന്റെ ഭൗതികജീവിതത്തില്നിന്നുള്ള വിമോചനത്തിന്റെ മണിക്കൂര്‍ വളരെ അടുത്തിരിക്കുന്നു എന്ന വാര്‍ത്ത. അപ്പോള്‍ ജോസഫ് കര്‍ത്താവിനോട് ഒരു കാര്യം യാചിച്ചു: മറിയത്തിന്റെയും ഈശോയുടെയും സഹായവും സാന്ത്വനവും ലഭിക്കുംവിധം അവരുടെ സാന്നിദ്ധ്യത്തില്‍ അന്ത്യശ്വാസം വലിക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന്. കര്‍ത്താവ് അത് അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തു.
അതിനുപുറമേ വിശുദ്ധന് മറ്റൊരു കാര്യം കൂടി അവിടുത്തോട് ചോദിച്ചു: ഈശോ മനുഷ്യവംശത്തിനുവേണ്ടി മരണം വരിക്കാനിരിക്കുന്ന ആ വിശുദ്ധ ദിവസത്തിലും അതേ സമയത്തിലും തനിക്കു മരിക്കണം. എന്തെന്നാല്‍, തന്റെ ഭൗതികശരീരത്തോടുകൂടി ആ മഹനീയ നിമിഷങ്ങളില്‍ ഈശോയുടെ അടുത്തുണ്ടായിരിക്കാന് കഴിയില്ലല്ലോ. ആ ഒരാഗ്രഹം കനിഞ്ഞനുഗ്രഹിച്ചുതരണമെന്ന് അവന് കേണപേക്ഷിച്ചു. തനിക്ക് ഈശോയോടുള്ള സ്നേഹത്തെപ്രതിയും മാനവകുലത്തിന്റെ വിമോചനത്തിനായി ജീവന് സമര്‍പ്പിക്കുന്ന ഈശോയോടുള്ള നന്ദിസൂചകമായിട്ടുമാണ് അക്കാര്യം യാചിച്ചത്.
ദൈവം അതും അനുവദിച്ചുകൊടുത്തു. പിന്നീടു വെളിപ്പെടുത്തിയതു വലിയൊരു രഹസ്യമായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി നിരന്തരം ജോസഫ് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചതിനാല്‍, മരിച്ചുകൊണ്ടിരിക്കുന്നവരുടെ പ്രത്യേകമദ്ധ്യസ്ഥനും വിശുദ്ധനുമായി സ്വര്‍ഗത്തില്‍ ദൈവം ജോസഫിനെ അവരോധിച്ചിരിക്കുന്നു. ലോകാവസാനം വരെ അവരോടുള്ള സ്നേഹം പ്രകടിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജോസഫും പ്രതിവചിച്ചു. സ്വര്‍ഗീയ ഉന്നതങ്ങളില്‍ തനിക്കു നല്കപ്പെടുന്ന സ്ഥാനത്തിരുന്ന് മരണത്തോടു
മല്ലിട്ടുകൊണ്ടിരിക്കുന്നവര്ക്കുവേണ്ടി തന്റെ ദൗത്യം തുടരുന്നതാണെന്നും ദൂതനെ അറിയിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.