ഏകാന്തതയില്‍ ഈശോയുടെയും മാതാവിന്റെയും സാമീപ്യം ആഗ്രഹിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-188/200
പിന്നീടു ജോസഫ് തന്നോടു തന്നെ പറഞ്ഞു: ”മറിയവും ഈശോയും എന്നെപ്പറ്റി ചിന്തിക്കാന്‍ എനിക്കെന്താണ് അര്‍ഹത? ഞാന്‍ ഇങ്ങനെ അവഗണിക്കപ്പെടാന്‍ തീര്‍ച്ചയായും അര്‍ഹനാണ്. നിരസിക്കപ്പെടാന്‍ തക്കവിധം നിസ്സാരനുമാണ്.” ഈശോയും മാതാവും തന്നെ അവഗണിച്ചു എന്നുപോലും ജോസഫ് ഭയപ്പെട്ടുപോയി. അവരുടെയൊപ്പം പരിഗണിക്കപ്പെടാന്‍ തനിക്ക് അര്‍ഹതയില്ല എന്നൊരു ഭയം ഇതിനുമുമ്പും ജോസഫിനെ അലട്ടിയിരുന്നു. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ മറിയം കടന്നുവന്നു. ജോസഫിനുണ്ടായ വിഷമവും ഭയവും മറിയത്തോടു പറഞ്ഞു. അവള് അവനെ സമാശ്വസിപ്പിക്കുകയും ഒരിക്കലും അവഗണിക്കുകയില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.
ഒടുവില്‍ ഈശോയും മാതാവും മുഴുവന്‍ സമയവും തന്നെ ജോസഫിന്റെ അരികിലുണ്ടായിരുന്നു. അവരെ കാണുമ്പോള്‍ത്തന്നെ അവന് ആശ്വാസവും സാന്ത്വനവും ലഭിച്ചിരുന്നു. ജോസഫിന് വീണ്ടും അതുപോലൊരു കഠിനവേദനയുടെ പാരവശ്യം അനുഭവപ്പെട്ട് അവസ്ഥയുണ്ടായി. തദവസരത്തില്‍ വേദനയകറ്റാന്‍ മറിയം പല ഉപാധികളും പ്രയോഗിച്ചു നോക്കി. എന്നാല്‍ ജോസഫ് ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. ദൈവത്തിന്റെ കൃപയ്ക്കും സ്നേഹത്തിനും മാത്രമേ തന്നെ സമാശ്വസിപ്പിക്കാന്‍ കഴിയൂ. എന്തെന്നാല്‍ ദൈവത്തിന്റെ സാന്ത്വനം തനിക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നൊരു ഉള്‍ഭയം ഈ സമയത്തു വിശുദ്ധനെ അലട്ടിയിരുന്നു. അതുകൊണ്ട് ഏറ്റം അസ്വസ്ഥനായി അവന് ഈശോയുടെ നേരെ തിരിഞ്ഞ് കേണപേക്ഷിച്ചു. ‘എന്റെ ഏറ്റം സ്നേഹമുള്ള മകനേ, ഈശായേ നിനക്ക് അറിയാം ഇപ്പോഴത്തെ എന്റെ അവസ്ഥയുടെ കാഠിന്യം എത്രയധികമെന്ന്. അതിനാല്‍ അലിവു തോന്നി ഏകാകിയായ എന്റെ അടുത്തു വരണമേയെന്ന് ഞാന്‍ അപേക്ഷിക്കുന്നു.”
ഈശോ കാരുണ്യപൂര്‍വം ജോസഫിനെ നോക്കി. എങ്കിലും കൂടുതല്‍ കൃപയും പുണ്യങ്ങളും ആര്ജ്ജിക്കേണ്ടതിന് അതേ അവസ്ഥയില്‍ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്, ജോസഫ് വിചാരിച്ചു ഈശോ തന്റെ യാചന പരിഗണിച്ചില്ല എന്ന്. എങ്കിലും യാതൊരുവിധ പരാതിയോ പരിഭവമോ പ്രകടിപ്പിച്ചില്ല. സ്വയം താഴ്ത്തപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ”എന്റെ ഏറ്റം വലിയ നന്മയായ നീയും എനിക്ക് ഇഷ്ടമില്ലാത്തവിധം പ്രവര്‍ത്തിക്കുകയാണോ! ഇതുപോലെ ഇഷ്ടമില്ലാത്ത പെരുമാറ്റത്തിനു കാരണം ഞാന്‍ തന്നെയാണ്; നീ എന്റെ കൂടെ ഉണ്ടായിരിക്കാന്‍ പോലും എനിക്ക് യാതൊരു യോഗ്യതയുമില്ല. എന്റെ യാചനകള്‍ പരിഗണിക്കാതിരിക്കാന്‍ പല കാരണങ്ങളും ഉണ്ടായിരിക്കാം; എന്തെന്നാല്‍, നിന്നിലെ കൃപയും നന്മയും പൂര്‍ണ്ണമായും ഇനിയും എനിക്കു വെളിപ്പെട്ടുകിട്ടിയിട്ടില്ല. എന്റെ അവസാനത്തെ ശ്വാസം വലിക്കുംവരെയും നീ എന്നെ വിട്ടുനിന്നാലും നീ എന്നോടു ചെയ്യുന്നതെല്ലാം നീതിതന്നെയായിരിക്കും. ഈ അവസ്ഥയില്‍ ഏകാകിയായി കഴിയാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു; നിന്നോടു ഞാന്‍ ചെയ്തിട്ടുള്ള നന്ദികേടിനും നിസ്സഹകരണത്തിനും ഒരു പരിഹാരമെന്ന നിലയില്‍.
ജോസഫ് തന്റെ ദൃഷ്ടികള്‍ മറിയത്തിന്റെ നേരെ തിരിച്ചു. തന്റെ വേദന ശമിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് അവള് ചെയ്തിരിക്കുന്നത്! അവന് തന്നോടുതന്നെ പറഞ്ഞു: ”സ്നേഹം നിറഞ്ഞ എന്റെ ഭാര്യേ, നീയെങ്കിലും ഇപ്പോഴത്തെ എന്റെ ആത്മാവിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നെങ്കില്‍, എന്റെ ദുഃഖം ശമിപ്പിക്കുന്നതിന് ആവശ്യമായ കൃപകള്‍ നീ ദൈവത്തില്‍നിന്നു ചോദിച്ചു വാങ്ങിത്തരുമായിരുന്നു. എന്നിരുന്നാലും മുമ്പ് നിന്റെ സ്നേഹസാന്നിദ്ധ്യംകൊണ്ട് എനിക്കു ലഭിച്ചിരുന്ന സാന്ത്വനം ഇപ്പോള്‍ എന്നെ സമാശ്വസിപ്പിക്കാന്‍ പര്യാപ്തമാകുന്നില്ല. അതുകൊണ്ട് ഞാന്‍ ഈ നിലയില്‍ ക്ലേശിക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുള്ളതാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു.
അവിടുത്തെ തിരുഹിതത്തിനു മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഞാന്‍ തല കുനിക്കുന്നു. എന്റെ ദൈവത്തിന്റെ പദ്ധതികള്‍ ഏറ്റം വിനയത്തോടു കൂടി അംഗീകരിക്കുകയും അതു നിറവേറ്റുകയും ചെയ്യാന്‍ ഞാന്‍ ആഗഹിക്കുന്നു.”
അവിടെമുതല്‍ ജോസഫ് തന്റെ എല്ലാ വിഷമങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുകയും ദിവസം മുഴുവന്‍ അവഗണനയുടെ വേദനയില്‍ ഒറ്റയ്ക്ക് കഴിയുകയും ചെയ്തു. മാതാവും ഈശോയും അതേസമയം അരികില്‍ത്തന്നെ ഉണ്ടായിരുന്നുതാനും.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.