നിങ്ങള്‍ യഥാര്‍ത്ഥ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ?
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
സ്‌പെയിനിന്റെ തെക്കുഭാഗത്തു കൊര്‍ഡോവയിലെ കാലിഫായിരുന്നു അബ്ദര്‍മാന്‍. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍നിന്നു സ്വന്തം കൈപ്പടയിലുള്ള ചില പ്രധാനപ്പെട്ട രേഖകള്‍ കണെ്ടടുക്കുകയുണ്ടായി. അവയിലൊന്നില്‍ കാലിഫ് ഇപ്രകാരം എഴുതിയിരുന്നു:
”ഞാന്‍ കാലിഫായി സ്ഥാനമേറ്റിട്ട് അമ്പതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനോടകം ധാരാളം സ്വത്ത് ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. ജീവിതസുഖങ്ങളൊക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു മനഷ്യന് ഈ ലോകത്തില്‍ എന്തൊക്കെ നേടാമോ അതൊക്കെ ഞാന്‍ നേടി. എന്നാല്‍, ഇത്രയുംകാലത്തെ എന്റെ ജീവിതത്തിനിടയില്‍ ഞാന്‍ എത്രദിവസം ശരിക്കും സന്തോഷവാനായിരുന്നു എന്നു ചോദിച്ചാല്‍ അതെനിക്കു കൃത്യമായി പറയാന്‍ സാധിക്കും-വെറും പതിന്നാലു ദിവസം.
ജീവിതത്തില്‍ എല്ലാം ഉണ്ടായിരുന്നവനായിരുന്നു അബ്ദര്‍മാന്‍. ഭരണാധികാരിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഒന്നിനും ഒരിക്കലും കുറവുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ ജീവിതത്തില്‍ പതിന്നാലുദിവസം മാത്രമേ താന്‍ ശരിക്കും സന്തോഷവാനായിരുന്നിട്ടുള്ളൂ എന്ന് അദ്ദേഹംതന്നെ പറയുന്നു.
താന്‍ സന്തോഷവാനായിരുന്ന പതിന്നാലു ദിവസങ്ങള്‍ ഏവയൊക്കെയാണെന്ന് അദ്ദേഹം പറയുന്നില്ല. ഒരുപക്ഷേ, പതിന്നാലു ദിവസങ്ങള്‍ എന്നു പറയുന്നതു തന്റെ ജീവിതത്തില്‍ എത്രയോ വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രം താന്‍ സന്തോഷവാനായിരുന്നു എന്നു ചൂണ്ടിക്കാട്ടുവാന്‍ വേണ്ടിയാകണം.
ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണു നാമെല്ലാവരും. അതിനുവേണ്ടി നാം എപ്പോഴും ഏറെ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, ഇതുവരെയുള്ള നമ്മുടെ ജീവിതത്തില്‍ എത്രദിവസം നാം യഥാര്‍ഥത്തില്‍ സന്തോഷത്തില്‍ കഴിഞ്ഞിട്ടുണ്ട്? അബ്ദര്‍മാനു താന്‍ യഥാര്‍ഥത്തില്‍ സന്തോഷവാനായിരുന്ന പതിന്നാലു ദിവസമെങ്കിലും ഓര്‍മിക്കുവാന്‍ സാധിച്ചു. നാം നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍, നാം ശരിക്കും സന്തോഷവാന്മാരായി കഴിഞ്ഞിട്ടുള്ള എത്ര ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും? നമ്മില്‍ പലരെയും സംബന്ധിച്ചിടത്തോളം അവയുടെ എണ്ണം വളരെ കുറവായിരിക്കാനാണു സാധ്യത.
നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമില്ലെങ്കില്‍ അതിന്റെ കാരണമെന്താണ്? നാം ആഗ്രഹിക്കുന്നവ ലഭിക്കാത്തതുകൊണ്ടാണോ നമുക്കു സന്തോഷമുണ്ടാകാത്തത്? നമ്മുടെ സ്വപ്നങ്ങള്‍ പലപ്പോഴും തച്ചുടയ്ക്കപ്പെടുന്നതുകൊണ്ടാണോ നമ്മുടെ ഹൃദയം സന്തോഷംകൊണ്ടു തിരതല്ലാത്തത്? നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ കാര്യങ്ങള്‍ നടക്കാത്തതുകൊണ്ടാണോ നമ്മുടെ ഹൃദയത്തില്‍ സന്തോഷമില്ലാത്തത്?
നാം ആഗ്രഹിക്കുന്നതെല്ലാം ലഭിച്ചാലും, നമ്മുടെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞാലും, നാം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങളെപ്പോഴും നീങ്ങിയാലും നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകുമെന്ന അബദ്ധധാരണ നമുക്കു വേണ്ട. കാരണം, ഇവയൊന്നും നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം തരാന്‍ പര്യാപ്തമല്ല. നമുക്കു മുമ്പേ കടന്നുപോയവരുടെയും നമ്മുടെയും അനുഭവങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
അങ്ങനെയെങ്കില്‍ ജീവിതത്തില്‍ എന്നും യഥാര്‍ഥ സന്തോഷം ലഭിക്കാന്‍ നാം എന്താണു ചെയ്യേണ്ടത്?
പ്രശസ്തനായ ഇറ്റാലിയന്‍ കവിയായിരുന്നു ടൊര്‍ക്കാട്ടോ ടാസ്സോ (1544- 95). അദ്ദേഹം ഒരിക്കല്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമനോടു ചോദിച്ചു: ”ഏറ്റവും സന്തോഷവാന്‍ ആരാണെന്നാണ് അങ്ങു കരുതുന്നത്?
അപ്പോള്‍ രാജാവു പറഞ്ഞു: ”ദൈവം.” ടാസ്സോ ചോദിച്ചു: ”എന്നാല്‍, മനുഷ്യരില്‍ ആരാണ് ഏറ്റവും സന്തോഷവാന്‍ എന്നാണ് അങ്ങു കരുതുന്നത്?
അപ്പോള്‍ത്തന്നെ രാജാവില്‍നിന്നു മറുപടിയുണ്ടായി. അദ്ദേഹം പറഞ്ഞു: ”മനുഷ്യരില്‍ ആര് ഏറ്റവും ദൈവത്തോട് അടുത്തിരിക്കുന്നുവോ, ആ വ്യക്തിയാണ് മനുഷ്യരില്‍ ഏറ്റവും സന്തോഷവാന്‍.” (ചോദ്യം ചോദിച്ചതു രാജാവും ഉത്തരം പറഞ്ഞതു ടാസ്സോയുമാണെന്ന പാഠഭേദം ഈ കഥയ്ക്കുണ്ട്.)
അതെ, ഏറ്റവും സന്തോഷവാനായിരിക്കുന്ന വ്യക്തി ദൈവംതന്നെ. അതുപോലെ, ആര് ഏറ്റവും ദൈവത്തോടടുത്തിരിക്കുന്നുവോ ആ വ്യക്തിയാണ് മനുഷ്യരില്‍ ഏറ്റവും സന്തോഷമനുഭവിക്കുന്ന ആള്‍ എന്നതിലും സംശയമില്ല. കാരണം, ദൈവമാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ഥ സന്തോഷത്തിന്റെ ഉറവിടം. അവിടുത്തെ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ എത്രയധികമുണ്ടാകുന്നുവോ അത്രയധികമായിരിക്കും നമ്മുടെ സന്തോഷം.
ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമാണു നാം ആഗ്രഹിക്കുന്നതെങ്കില്‍ നാം തെരയേണ്ടതു ദൈവത്തെയാണ്; നാം ആഗ്രഹിക്കേണ്ടത് അവിടുത്തെ സാന്നിധ്യത്തെയാണ്; നാം ചരിക്കേണ്ടത് അവിടുത്തെ വഴികളിലൂടെയാണ്; നാം പ്രാവര്‍ത്തികമാക്കേണ്ടത് അവിടുത്തെ തിരുവചസ്സുകളാണ്; നാം അനുകരിക്കേണ്ടത് അവിടുത്തെ മാതൃകയാണ്.
ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ഹൃദയത്തിലുണെ്ടങ്കില്‍ നാം ഏതു ചെറിയ കാര്യം ചെയ്താല്‍പോലും നമ്മുടെ ഹൃദയം സന്തോഷപൂരിതമായിരിക്കും. ദൈവത്തെ ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടാണു ജീവിതത്തിലെ പ്രതിബന്ധങ്ങളോട് നാം ഏറ്റുമുട്ടുന്നതെങ്കില്‍ അപ്പോഴും നമ്മുടെ ഹൃദയത്തില്‍ നിന്നു സന്തോഷം ചോര്‍ന്നുപോകുന്നില്ല.
യഥാര്‍ഥ സന്തോഷത്തിന്റെ ഉറവിടമായ ദൈവത്തിലേക്കു കൂടുതല്‍ അടുത്തുകൊണ്ട് ജീവിതസന്തോഷം നമുക്ക് അനുദിനം വര്‍ധിപ്പിക്കാം. അവിടുത്തെ സാന്നിധ്യം കൂടുതലായി നമ്മില്‍ സ്വീകരിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ സന്തോഷം നമുക്കു നൂറുമടങ്ങാക്കിത്തീര്‍ക്കാന്‍ ശ്രമിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.