കഠിനവേദനകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-184/200

തന്നെ സഹായത്തിനു വിളിക്കാതിരുന്നതെന്താണെന്നു ജോസഫിനോടു മാതാവു ചോദിച്ചു. ജോസഫിന്റെ മറുപടി ഇതായിരുന്നു: ‘എന്റെ സ്‌നേഹമുള്ള ഭാര്യേ, ഇതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഒരു കാര്യം എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. എനിക്ക് ശമനവും ആശ്വാസവും ആവശ്യമാണെന്നു കാണുമ്പോള്‍ അത് അവിടുന്നുതന്നെ നിന്നെ അറിയിക്കുകയും നീ എന്റെ അടുത്തു വരികയും സ്‌നേഹോഷ്മളമായ സഹായം ചെയ്തു
തരികയും ചെയ്യും. അതുകൊണ്ട്‌ ആ കാര്യം ഞാന്‍ ദൈവത്തിന്റെ തിരുഹിതത്തിനും നിയോഗത്തിനും പരിപൂര്‍ണ്ണമായ വിട്ടുകൊടുത്തിരിക്കുകയാണ്. എനിക്ക് ആശ്വാസം അവശ്യമാണെന്ന് അവിടുന്നു നിശ്ചയിച്ചാല്‍  തീര്‍ച്ചയായും ഞാന്‍ അത് സ്വീകരിച്ചേ മതിയാകൂ. എന്നാല്‍, ഈ വേദനയിലൂടെ ഞാന്‍ കടന്നുപോകുകതന്നെ വേണമെന്നാണ് അവിടുത്തെ തിരുഹിതമെങ്കില്‍ അതും ഞാന്‍ സഹിച്ചേ പറ്റു. ഈ വിധത്തില്‍ ദൈവതിരുഹിതവുമായി എനിക്കു പൊരുത്തപ്പെട്ടുപോകുക തന്നെ ചെയ്യേണ്ടിയിരിക്കുന്നു.’

ജോസഫിന്റെ തീരുമാനം മറിയത്തിനു ബോദ്ധ്യപ്പെട്ടു. അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു. ദൈവത്തിന്റെ നന്മകളെക്കുറിച്ച് ജോസഫിനോടു സംസാരിച്ചു. അവിടുത്തെ അഗ്രാഹ്യമായ ആലോചനകള്‍, അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു. അതു കേട്ടപ്പോള്‍ ദൈവസ്‌നേഹത്തിന്റെ ജ്വാലകള്‍ ജോസഫിന്റെ ഹൃദയത്തില്‍ ആളിക്കത്തി. അവന്റെ കവിള്‍ത്തടങ്ങള്‍ ചുവന്നു തുടുത്തു. മതിമറന്ന് ആവേശത്താല്‍ അവന്‍ ഉദ്‌ഘോഷിച്ചു: ‘എന്റെ ദൈവമേ! അങ്ങയുടെ പ്രവൃത്തികളില്‍ അങ്ങ് എത്ര മഹത്വപൂര്‍ണ്ണനാണ്! അവിടുത്തെ അനന്തമായ സ്‌നേഹത്തിനും ഔദാര്യത്തിനും പ്രതിഫലമായി അങ്ങയെ പ്രീതിപ്പെടുത്താന്‍ എന്തെങ്കിലും എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ദുസ്സഹമായ ഈ വേദനമൂലം തീര്‍ച്ചയായും അങ്ങ് എനിക്കു കുറച്ചു ദുഃഖം തന്നു. എന്നാല്‍ എത്രയധികമായി അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു! ഇതെല്ലാം അവിടുത്തെ കൃപയും കാരുണ്യവുമല്ലാതെ മറ്റെന്താണ്!’

‘പരിശുദ്ധയായ എന്റെ ഭാര്യയിലൂടെയും സ്‌നേഹനിധിയായ എന്റെ ഈശോയിലൂടെയും അവിടുന്നു പ്രദാനം ചെയ്യുന്ന സമാശ്വാസം എത്രയോ അപാരമാണ്! അവിടുത്തേക്കു പ്രീതികരമെങ്കില്‍ എന്റെ സഹനങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊള്ളുക. അത് സഹിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. പകരമായ ബൃഹത്തായ അവിടുത്തെ കൃപകള്‍ സമൃദ്ധമായി എന്റെമേല്‍ വര്‍ഷിക്കണമെ! അങ്ങനെ ഈ രോഗാവസ്ഥയിലെ സഹനങ്ങള്‍ വഹിക്കാന്‍ എനിക്കു ശക്തിയും ദിര്‍ഘക്ഷമയും ലഭിക്കുമല്ലോ. അങ്ങയില്‍നിന്നു സമാശ്വാസം ലഭിക്കുന്ന എനിക്ക് എന്തുകൊണ്ട് വിഷമങ്ങളും വേദനകളും സ്വീകരിച്ചുകൂടാ? കര്‍ത്താവേ, കടാക്ഷിക്കണമെ! സഹിക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്തെന്നാല്‍, സന്തോഷവും ആനന്ദവും ഞാന്‍ നിരസിക്കുന്നില്ലല്ലോ.’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles