ആചാരങ്ങളുടെ പേരിൽ
വിവാഹമോചനത്തിൻ്റെ വക്കിലെത്തിയ
ഒരു വഴക്കിൻ്റെ കഥ.
ഭാര്യയാണ് പറഞ്ഞു തുടങ്ങിയത്.
“അച്ചാ, അത്യാവശ്യം വിദ്യാഭ്യാസമുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്.
എൻ്റെ മാതാപിതാക്കളോട് എന്തും പറയാം.
അത്രയ്ക്ക് ഫ്രീഡം ഉണ്ട്.
എന്നാൽ ഭർതൃഗൃഹത്തിൽ എല്ലാം
പഴഞ്ചൻ രീതികളാണ്.
പുരുഷന്മാർ ഭക്ഷണം കഴിച്ച ശേഷമേ സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ. എൻ്റെ
ആഗ്രഹം എല്ലാവരും ഒരുമിച്ചിരുന്ന്
ഭക്ഷണം കഴിക്കണമെന്നാണ്.
എന്നാൽ ഈയടുത്ത ദിവസമുണ്ടായ പ്രശ്നത്തിന് കാരണം അതൊന്നുമല്ല,
വീട്ടിൽ കുറച്ച് അതിഥികൾ വന്നതുമായി ബന്ധപ്പെട്ടാണ്. അവരോടൊപ്പം ഞാനും ഭക്ഷണം കഴിക്കാനിരുന്നു.
അവർ മടങ്ങിയതിന് ശേഷമാണ് കുടുംബാംഗങ്ങൾ അസ്വസ്ഥതയുളവാക്കുന്ന വാക്കുകൾ പറഞ്ഞു തുടങ്ങിയത്.
ആദ്യം കാര്യമെന്തെന്ന് എനിക്ക് മനസിലായില്ല. അതിഥികൾക്കൊപ്പം ഭക്ഷണത്തിനിരുന്നതാണ് പ്രശ്നമെന്ന് പിന്നീടാണ് മനസിലായത്.
ഇങ്ങനെ ഓരോ പഴഞ്ചൻ ആചാരത്തിൻ്റെ പേരിൽ എന്നെ ക്രൂശിക്കുന്നത് പതിവായിട്ടുണ്ട്.”
അവളുടെ സംസാരം സങ്കടത്തിലേക്ക് വഴിമാറി. അപ്പോഴേക്കും അവളുടെ ഭർത്താവ്
ഏറ്റു പിടിച്ചു:
“അച്ചാ, ഇവൾ പറഞ്ഞതുപോലെ
എൻ്റേത് പഴഞ്ചൻ കുടുംബമാണ്.
ശരി തന്നെ.
ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് കഴിയില്ല.
പക്ഷേ കുറച്ചൊക്കൊ അവർ പറയുന്നതും ഇവൾ മനസിലാക്കണ്ടെ?
ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ
തീരാവുന്ന കാര്യമേയുള്ളൂ…”
ഏറെ നേരം ആ ദമ്പതികളുമായും
അവരുടെ മാതാപിതാക്കളുമായും
സംസാരിച്ച് പ്രാർത്ഥിച്ച ശേഷമാണ്
അവർ മടങ്ങിയത്.
പാരമ്പര്യങ്ങളുടേയും ചില ആചാരങ്ങളുടെയും നാട്ടുനടപ്പിൻ്റെയുമൊക്കെ പേരിൽ ഉണ്ടായ ഒരുപിടി തർക്കങ്ങളും വ്യക്തികളും
എൻ്റെ മനസിൽ തെളിഞ്ഞു വന്നു.
പാരമ്പര്യങ്ങൾ കുറച്ചൊക്കെ നല്ലതാണ്.
എന്നാൽ ചിലതെല്ലം കാലത്തിന്നനുസരിച്ച് മാറേണ്ടതാണ്. ക്രിസ്തുവിൻ്റെ കാലത്തുമുണ്ടായിരുന്നു പാരമ്പര്യത്തിൻ്റെയും ആചാരങ്ങളുടേയും പേരിലുള്ള തർക്കങ്ങൾ. അവയിലൊന്ന് ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിച്ചു എന്നതാണ്.
ക്രിസ്തു അതേക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ:
“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍,
അവരുടെ ഹൃദയം എന്നില്‍നിന്നു
വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു”
(മത്തായി 15 : 8- 9).
കുറച്ചൊക്കെ വിട്ടുവീഴ്ചയ്ക്കും
പരസ്പര ധാരണയ്ക്കും തയ്യാറായില്ലെങ്കിൽ പാരമ്പര്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ തകരുന്നത് കുടുംബ ബന്ധങ്ങളായിരിക്കും.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.