അവസാന നാളുകളില്‍ വി. യൗസേപ്പിതാവ് അനുഭവിച്ച സഹനങ്ങളെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-180/200
ദിനംപ്രതി ജോസഫിന്റെ ശാരീരികശക്തി ക്ഷയിച്ചുവരുന്നത് വളരെ പ്രകടമായിരുന്നു. ഭക്ഷണം കഴിക്കുന്നില്ല. അതിനൊട്ടു താല്പര്യവുമില്ല. പ്രാര്‍ത്ഥനയും ഈശോയുടെ ദൈവികസംഭാഷണങ്ങളുമായിരുന്നു ഏക പോഷണം. ജോസഫ് അതില്‍ അതീവസന്തുഷ്ടനായിരുന്നു. അത്യാവശ്യം വേണ്ട ആഹാരം കഴിക്കണമെന്ന് ഈശോ നിര്‍ബന്ധിക്കുകയും ജോസഫിന് ഇഷ്ടപ്പെട്ട ഭക്ഷണം മാതാവ് പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അതോടൊപ്പെ ഈശോയുടെ കൃപയും അനുഗ്രഹങ്ങളും ജീവന് നിലനിര്‍ത്താന്‍ ആവശ്യമായതു മാത്രം ജോസഫ് ഭക്ഷിച്ചു.
ഒരു രാത്രി അതികഠിനമായ വേദനയിലകപ്പെട്ടു ജോസഫ് വളരെയധികം പീഡിപ്പിക്കപ്പെട്ടു. എങ്കിലും തെല്ലും പതറാതെ ക്ഷമാപൂര്‍വ്വം അതെല്ലാം സഹിക്കുകയും പാപപരിഹാരത്തിനായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍ ജോസഫ് യാതൊരുവിധ പാപവും ചെയ്തിട്ടില്ല. പക്ഷേ, അത് ജോസഫിന്റെ അവകാശവാദമായിരുന്നു. മാതാവിനെയോ ഈശോയെയോ ശല്യപ്പെടുത്തേണ്ട എന്നുകരുതി വിഷമങ്ങളൊന്നും അവരെ അറിയിച്ചില്ല. ദൈവത്തില്‍നിന്നുള്ള ദയാദാക്ഷിണ്യം വരുന്നതുവരെ ആ വേദനകള്‍ മുഴുവന്‍ ദീര്‍ഘക്ഷമയോടെ സഹിച്ചു.
സംഭവിച്ചുകൊണ്ടിരുന്നതെല്ലാം ദൈവമാതാവ് ആത്മീയനയനങ്ങളിലൂടെ ദര്ശിച്ചുകൊണ്ടാണിരുന്നത്. ദൈവമായ കര്‍ത്താവു തന്റെ ഭര്‍ത്താവിനെ താങ്ങുന്നതിനും എല്ലാ വേദനകളും ക്ഷമാപൂര്‍വ്വം സഹിക്കാനുള്ള ശക്തി കൊടുക്കുന്നതിനും നിരന്തരം പ്രാര്ത്ഥിച്ചുകൊണ്ടാണിരുന്നത്. സുകൃതങ്ങള്കൊണ്ടു ജോസഫ് നിറയുന്നതിനുവേണ്ടി അവള് ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കി. ജോസഫിന് തന്റെ സഹായം ആവശ്യമുണ്ടെന്നു ദൈവം കാണിച്ചുകൊടുക്കുന്നതുവരെ അവള് ദൈവസന്നിധി വിട്ടുപോയില്ല. അതിനുശേഷം എഴുന്നേറ്റു ചെന്ന്് ഭര്‍ത്താവിനെ പരിചരിക്കുകയും വേദനയകറ്റാന്‍ മരുന്നുകള്‍ കൊടുക്കുകയും ചെയ്തു.
അപ്പോള്‍ ഈശോയും തന്റെ മുറിവിട്ട് മാതാവിനോടൊപ്പം ജോസഫിന്റെ അരികത്തു വന്നു. അവരെ കണ്ട മാത്രയില്‍ ജോസഫ് കര്ത്താവിന് നന്ദിപറഞ്ഞു. ഏറ്റവും വലിയ ആശ്വാസദായകരെ താന്‍ ആഗ്രഹിച്ച നിമിഷംതന്നെ തന്റെ അടുക്കലേക്ക് അയച്ച ദൈവത്തെ സ്തുതിച്ചു. ഈശോയുടെ നേരെ നോക്കിക്കൊണ്ട് വളരെ സ്നേഹപൂര്‍വ്വം മകനെ വിളിച്ചു. പിന്നീട് മാതാവിനെയും പേരുചൊല്ലി വിളിച്ചു. ആ നിമിഷംതന്നെ വേദനകള്‍ ജോസഫിനെ വിട്ടുപോയി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.