‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വിശുദ്ധൻ
ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടൻ സന്യാസ സമൂഹത്തിൽ മറ്റെല്ലാ സന്യാസിമാരേക്കാൾ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധൻ. വളരെ ശക്തമായ സിദ്ധാന്തങ്ങളാൽ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകൾ. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധൻ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തിൽ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമൻ സംസ്‌കാരവും മദ്ധ്യകാലഘട്ടങ്ങളിൽ കൂടുതൽ പ്രചാരത്തിലാകുന്നത്.
‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ ബീഡ് അറിയപ്പെടുന്നു. വിശുദ്ധൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങൾ ദേവാലയങ്ങളിൽ പരസ്യമായി വായിക്കുമായിരുന്നു. വിശുദ്ധൻ എന്ന് വിളിക്കുവാൻ സാധിക്കാത്തത് കൊണ്ട് ‘സംപൂജ്യൻ’ എന്ന വിശേഷണം അദ്ദേഹത്തിന്റെ നാമത്തിന്റെ കൂടെ ചേർക്കപ്പെട്ടു. നൂറ്റാണ്ടുകളോളം നിലനിന്ന വിശുദ്ധനെ വർണ്ണിച്ച് കൊണ്ടിരിന്ന ഒരു പദപ്രയോഗമായിരിന്നു അത്.
ബൈബിളിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ബീഡ്. ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ദിനം പ്രതി വിശുദ്ധൻ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുമായിരിന്നു. ഒരു യഥാർത്ഥ ബെനഡിക്ടൻ സന്യാസിയായിരുന്ന വിശുദ്ധന്റെ ജീവിതം പ്രാർത്ഥനയും, പ്രവർത്തനങ്ങളുമായി ഓരോ ദിവസവും വളർന്ന് കൊണ്ടിരിന്നു. ഉയിർപ്പ് തിരുനാളിന്റെ തലേദിവസം ഇംഗ്ലണ്ടിലെ ജാരോയിൽ വെച്ചാണ് വിശുദ്ധൻ മരണമടയുന്നത്.
രാത്രിയിൽ നടന്ന ജാഗരണ പ്രാർത്ഥനക്കിടക്ക് തന്റെ അന്ത്യം സമീപിച്ചിരിക്കുന്നതായി വിശുദ്ധന് തോന്നി. അതിനാൽ വിശുദ്ധൻ ആവശ്യമായ അന്ത്യ കൂദാശകൾ സ്വീകരിച്ചുകൊണ്ട് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. തുടർന്ന്! മാതാവിന്റെ സ്‌തോത്ര ഗീതം ആലപിച്ച് കൊണ്ട് വിശുദ്ധൻ തന്റെ സഹോദരൻമാരെ ആശ്ലേഷിക്കുകയും പിന്നീട് നിലത്ത് വിരിച്ച പരുക്കൻ വസ്ത്രത്തിൽ കിടന്നുകൊണ്ട് മൃദുവായി ‘പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി’ ചൊല്ലികൊണ്ട് തന്റെ അവസാന ശ്വാസം വലിക്കുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.