ചോദ്യങ്ങൾ ഉന്നയിക്കാത്ത യൗസേപ്പ്
ചോദ്യം ചോദിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്. ചോദ്യങ്ങൾ ഉയരുന്നത് ജിജ്ഞാസായും സംശയങ്ങളും കൂടുമ്പോഴാണ്. ദൈവീക പദ്ധതികളോടു നൂറു ശതമാനവും സഹകരിച്ച യൗസേപ്പിൻ്റെ ജീവിതത്തിൽ സംശയങ്ങൾ ചോദ്യങ്ങൾക്കു വഴിമാറിയില്ല കാരണം ദൈവീക പദ്ധതികളിൽ അവൻ അത്ര മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു.
സമയത്തിൻ്റെ പരിസമാപ്തിയിൽ അനാവരണം ചെയ്യപ്പെടുന്ന ദൈവീക രഹസ്യങ്ങൾ നേരത്തെ അറിയുവാനുള്ള അതിരു കവിഞ്ഞ ജിജ്ഞാസ ഒരിക്കലും യൗസേപ്പിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. നിശബ്ദനായ യൗസേപ്പ് ചോദ്യങ്ങൾ ഉന്നയിക്കാത്ത മനുഷ്യനായിരുന്നു.
അചഞ്ചലമായ വിശ്വാസവും ദൈവാശ്രയ ബോധവും ജീവിതത്തിൻ്റെ ഭാഗമായാലേ ചോദ്യങ്ങൾ ഉന്നയിക്കാതെ ജീവിക്കാനാവു. മനുഷ്യബുദ്ധിക്കു അഗ്രാഹ്യമായ സംഭവങ്ങൾ യൗസേപ്പിൻ്റെ ജീവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറിയില്ല. ദൈവീക പദ്ധതിക്കായി തന്നെ നിയോഗിച്ച പിതാവായ ദൈവം അറിയാതെ യാതൊന്നും തൻ്റെ ജീവിതത്തിൽ നടക്കുകയില്ലന്നു യൗസേപ്പ് ഉറച്ചു വിശ്വസിച്ചിരുന്നു.
ചില ചോദ്യങ്ങൾ അപരനെ തളർത്തുവാനും ഇകഴ്ത്തുവാനും മാത്രം ഉന്നയിക്കുന്നതാണങ്കിൽ യൗസേപ്പിനെപ്പോൽ മൗനം പാലിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.