ടാർപായ് കൂടാരത്തിലെ അപ്പൻ
ഒരു സുഹൃത്ത് പങ്കുവച്ച സംഭവം
മനസിൽ നിന്ന് മായുന്നില്ല.
അദ്ദേഹത്തിന് പരിചയമുള്ള ഒരു കുടുംബത്തിലെ
വയോവൃദ്ധനായ അപ്പൻ്റെ കഥയാണിത്. അദ്ദേഹത്തെ പരിചരിക്കുന്നത് അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള മകനാണ്.
ഒരിക്കൽ എൻ്റെ സുഹൃത്ത് അവരുടെ
വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.
വീടിൻ്റെ ഒരു വശത്ത് ടാർപായ് കെട്ടി തിരിച്ചിരിക്കുന്നു.
അതിനകത്താണ് പ്രായം ചെന്ന അപ്പൻ്റെ വാസം.
“എന്താണ് അപ്പനെ വീടിനുള്ളിൽ
കിടത്താത്തത് ” എന്ന് ചോദിച്ചപ്പോൾ ഗൃഹനാഥൻ്റെ മറുപടി ഇങ്ങനെയായിരുന്നു:
”അപ്പന് കുറച്ച് ഓർമക്കുറവുണ്ട്. അതുകൊണ്ട് വീടിനകത്ത് ചിലപ്പോൾ
മലമൂത്ര വിസർജ്യം നടത്തും. വീടാകെ ദുർഗന്ധ പൂരിതമായിരിക്കും.
വീടിന് പുറത്താണെങ്കിൽ ആർക്കും ബുദ്ധിമുട്ടില്ലല്ലോ?”
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ
വീടിന് പുറത്തെ ടാർപായയ്ക്കിടയിൽ
കിടന്ന് ആ വയോവൃദ്ധൻ മരണമടഞ്ഞു.
രണ്ടു വർഷങ്ങൾക്കു ശേഷം
മറ്റൊരു സംഭവം നടന്നു.
അപ്പനെ വീടിനകത്ത് കിടത്താതിരുന്ന
മകൻ്റെ ഭാര്യയ്ക്ക് ഒരു മാരക രോഗം പിടിപെട്ടു. മലമൂത്ര വിസർജ്യങ്ങളെല്ലാം കട്ടിലിൽ കിടന്ന് നിവർത്തിക്കേണ്ട സ്ഥിതിയായി.
മാത്രമല്ല ശുശ്രൂഷിക്കാനായ് നിന്ന
അവരുടെ ഭർത്താവും മറ്റൊരു രോഗത്തിന്നടിമയായി.
ഒരു പക്ഷേ തങ്ങളുടെ രോഗാവസ്ഥയിൽ അവരുടെ അവഗണനകൾ ഏറ്റുവാങ്ങി
മരണമടഞ്ഞ ആ അപ്പനെ അവർ ഓർത്തു കാണും. അവർ അനുതപിച്ചാൽ കർത്താവ് അവരോട് ക്ഷമിക്കും. എന്നാൽ ചില തിരിച്ചറിവുകൾ നേരത്തേ ലഭിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോവുന്നു.
സുവിശേഷത്തിൽ ക്രിസ്തു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന രംഗമുണ്ട്.
“കർത്താവേ അങ്ങേയ്ക്ക് മനസുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്താനാകും”
എന്ന അപേക്ഷയ്ക്കു മുമ്പിൽ,
“എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ” എന്ന് പറഞ്ഞ് ക്രിസ്തു അവനെ സ്പർശിച്ചു. തത്ക്ഷണം അവൻ സുഖം പ്രാപിച്ചു
( Ref മത്തായി 8 : 2-3).
ഇക്കാലഘട്ടത്തിൽ നമ്മുടെ മനസിനെ ബാധിച്ചിരിക്കുന്ന കുഷ്ഠമാണ് സുഖപ്പെടേണ്ടത്. അത് സുഖപ്പെടാത്തിടത്തോളം കാലം
സ്പർശിക്കേണ്ടവരെ സ്പർശിക്കാതെയും പരിഗണിക്കേണ്ടവരെ പരിഗണിക്കാതെയും
നമ്മൾ മനുഷ്യരിൽ നിന്നും ദൈവത്തിൽ നിന്നും അകന്നു കൊണ്ടേയിരിക്കും….
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.