യൗസേപ്പിതാവിനോടുള്ള ഭക്തി: ഏറ്റവും മഹത്തരമായ കൃപകളിൽ ഒന്ന്.
ദിവ്യകാരുണ്യ ഭക്തിയുടെ വലിയ പ്രചാരകനായിരുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയമാർഡ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയുടെയും തീക്ഷ്ണമതിയായ പ്രചാരകനായിരുന്നു. ഫ്രാൻസിൽ നിന്നുള്ള ഈ വിശുദ്ധൻ്റ അഭിപ്രായത്തിൽ ഒരു ആത്മാവിനെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ദൈവം ആഗ്രഹിക്കുമ്പോൾ ആ ആത്മാവിനെ വിശുദ്ധ യൗസേപ്പുമായി യോജിപ്പിക്കുന്നു. ദൈവത്തിനു ഒരു ആത്മാവിനു നൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ കൃപകളിൽ ഒന്നാണ് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി. ഈ ഭക്തിയിൽ കൃപയുടെ ഭണ്ഡാരം മുഴുവൻ ദൈവം ഒരു ആത്മാവിനു വെളിപ്പെടുത്തി കൊടുക്കുന്നു എന്നും വിശുദ്ധ എയ്മാർഡ് പഠിപ്പിക്കുന്നു.
യൗസേപ്പിതാവിനോടുള്ള ഭക്തി യഥാർത്ഥത്തിൽ ഈശോയിലേക്കാണ് നമ്മളെ അടുപ്പിക്കുന്നത്. യൗസേപ്പിൻ്റെ മുമ്പിലെത്തുന്നവർക്കെല്ലാം അവൻ ഈശോയെ നൽകുന്നു. ദൈവപുത്രനായി ജീവിതം സമർപ്പണം നടത്തിയ ഈ പിതാവിന് ഏറ്റവും ഇഷ്ടമുള്ള കാര്യം, തൻ്റെ പുത്രനിലേക്ക് തൻ്റെ പക്കൽ വരുന്നവരുടെ ശ്രദ്ധ തിരിക്കുക എന്നതാണ്. കാരണം രക്ഷകനെ ആദ്യമായി കൈകളിൽ സ്വീകരിച്ചവൻ എന്ന നിലയിൽ അതവൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും കടമയുമാണ്.
യൗസേപ്പിതാവിനോടുള്ള അടിയുറച്ച സ്നേഹവും ബഹുമാനവും നമ്മുടെ ആത്മീയ വളർച്ചയുടെ ലക്ഷണങ്ങളാണ്. യൗസേപ്പിൻ്റെ പക്കൽ എത്തിയോ എങ്കിൽ നാം രക്ഷാമാർഗ്ഗത്തിലാണ്. അവിടെ അഭയം തേടുന്നവരാരും ഈശോയെ അറിയാതെ മടങ്ങുന്നില്ല. യൗസേപ്പിതാവു വഴി ഈശോയിലേക്കു നമുക്കു കൂടുതൽ അടുക്കാം.
~ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.