ഈശോ വളരുന്നതിനൊപ്പം വി. യൗസേപ്പിതാവിന്റെ മനസ്സില്‍ നിറഞ്ഞ സങ്കടങ്ങളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-170/200

പിതാവിനോടുള്ള യാചനയുടെ മധ്യത്തില്‍ ഈശോയ്ക്കു പീഡകളും കുരിശും വിധിക്കാനിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘ഹാ, നിര്‍ദ്ദയരായ മനുഷ്യരേ! സ്‌നേഹനിധിയായ നിങ്ങളുടെ ദിവ്യരക്ഷകനെ പീഡിപ്പിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു? അവതാരം ചെയ്ത ദൈവസുതനെതിരെ കരമുയര്‍ത്താന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു? മഹത്വവും പ്രതാപവും കൃപയും ശക്തിയും നിറഞ്ഞവനും എല്ലാ നന്മകളും പരിലസിക്കുന്നവനും സൗന്ദര്യത്തികവും സ്‌നേഹസമ്പൂര്‍ണ്ണനുമായ ദൈവത്തിന്റെ പുത്രനെതിരെയാണോ നിങ്ങള്‍ ഹൃദയം കഠിനമാക്കുന്നത്? നികൃഷ്ടജന്മങ്ങളേ, ഇത്ര ഹീനമായ പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ മനസ്സു വന്നു.? നിങ്ങളുടെ ദിവ്യരക്ഷകനും കര്‍ത്താവുമായ ക്രിസ്തുവിനെതിരേ കരമുയര്‍ത്താന്‍ നിങ്ങള്‍ തുനിയുന്നതെന്ത്?’

വികാരനിര്‍ഭരമായ ആ യാചനകള്‍ക്കൊടുവില്‍ ദുഃഖഭാരത്താല്‍ ഹൃദയം തളര്‍ന്നു വിവശമായിത്തീര്‍ന്നു. അപ്പോഴേക്കും സഹായിക്കാന്‍ ഈശോ അടുത്തു വന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ജോസഫിന്റെ ചുണ്ടുകളില്‍നിന്ന് വിദ്വേഷത്തിന്റെ ഒരു വാക്കുപോലും പുറപ്പെട്ടില്ല. നേരെമറിച്ച് അവന്റെ ഹൃദയത്തില്‍ എപ്പോഴും അവരോട് കരുണയും അലിവും മാത്രമാണുണ്ടായിരുന്നത്.

അവരുടെ ദുഷ്ടതയും കഠിനതയും ഏറ്റുപറഞ്ഞ് പിതാവിനോടു കരുണയുണ്ടാകണമെന്ന് യാചിക്കുക മാത്രമാണ് ചെയ്തത്. ജോസഫ് തന്നെത്തന്നെ പൂര്‍ണ്ണമായും ദൈവതിരുമനസ്സിനു വിധേയപ്പെടുത്തി. അതുകൊണ്ട് മാനവരാശിയുടെ രക്ഷാകരദൗത്യം സ്വര്‍ഗ്ഗീയപിതാവിന്റെ പദ്ധതിയനുസരിച്ച് നിവൃത്തിയാകേണ്ടതിന് ലോകരക്ഷകന്‍ കഠിന യാതനകള്‍ അനുഭവിച്ച് കുരിശില്‍ മരിക്കേണ്ടത് ആവശ്യമാണെന്ന സത്യം തിരിച്ചറിയാന്‍ കഴിഞ്ഞു.

മിക്കപ്പോഴും ജോസഫ് ഈശോയുടെ മുഖം നോക്കി ധ്യാനിക്കുമായിരുന്നു. അസാമാന്യ സൗന്ദര്യത്തികവില്‍നിന്നു ഹര്‍ഷപുളകിതനായിത്തീരുന്നതുവരെ ചിലപ്പോള്‍ നോക്കി നില്ക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഈശോയുടെ പീഡാസഹനത്തെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കടന്നുവരും. അപ്പോള്‍ അവന്‍ ഇങ്ങനെ മന്ത്രിച്ചു: ‘ഏറ്റം അഴകും സ്‌നേഹവും തുടിക്കുന്ന ഈശോയുടെ സ്‌നേഹരൂപഭാവമേ! നിന്റെ സൃഷ്ടികള്‍ നിനക്കെതിരായി തിരിയുന്ന സമയത്ത് എത്രയോ വലിയ കഠോരദുഃഖവും വേദനയുമായിരിക്കും നീ അപ്പോള്‍ പ്രതിഫലിപ്പിക്കുക!’ ഇരുമ്പാണികള്‍ തറയ്ക്കപ്പെടുവാനിരിക്കുന്ന ആ കൈകാലുകളെയും മുറിവേല്‍ക്കാനിരിക്കുന്ന അവിടുത്തെ തിരുമാറിടത്തെയും കുറിച്ച് ധ്യാനിക്കുമ്പോഴും അതേ അനുഭവമാണുണ്ടായത്. ഈശോ സംസാരിക്കുകയും അവിടുത്തെ അസാമാന്യജ്ഞാനവും കരുണയും വെളിപ്പെടുത്തുകയും ചെയ്തപ്പോഴെല്ലാം ജോസഫ് തന്നോടുതന്നെ മന്ത്രിച്ചു: ‘ഓ, തിരുക്കുമാരാ, ജീവന്റെ വചനം സത്യമായും നിന്റെ പക്കല്‍നിന്നാണ് വരുന്നത്. ഓ, എന്റെ ഈശോയെ, നീ കുടിക്കാനിരിക്കുന്ന കാസ എത്ര കയ്‌പേറിയതായിരിക്കും? നിന്റെ തിരുവധരത്തില്‍ നിന്ന് മൊഴിയുന്ന സ്‌നേഹവചസ്സുകളും സ്വര്‍ഗ്ഗീയപ്രബോധനങ്ങളും എത്ര ഹീനമായി നിഷേധിക്കപ്പെടും!?

ചില സന്ദര്‍ഭങ്ങളില്‍ ഈശോയുടെ മനോഹരമായ വെളുത്ത പ്രകാശം സ്ഫുരിക്കുന്ന തിരുക്കരങ്ങള്‍ അത്ഭതത്തോടെ നോക്കി ധ്യാനിക്കുമ്പോള്‍ ഇങ്ങനെ പറയും: ‘ഓ, അവതാരം ചെയ്ത എന്റെ ദൈവമേ! ഏറ്റം പരിശുദ്ധയായ സ്വര്‍ഗ്ഗീയ മനുഷ്യവ്യക്തിത്വമേ! നീ ഏറ്റം നിന്ദ്യമായ ഒരു കഴുമരത്തില്‍ തൂക്കപ്പെടാന്‍ നിശ്ചയിക്കപ്പെട്ടരിക്കുന്നു എന്ന് ചിന്തിക്കാന്‍പോലും എനിക്കു കഴിയുന്നില്ല!’

ഇപ്രകാരം പലവിധത്തിലുള്ള വാളുകളാല്‍ ജോസഫിന്റെ ഹൃദയം കീറിമുറിക്കപ്പെടുകയും പടിപടിയായി ദൈവസ്‌നേഹാഗ്നിയില്‍ എരിഞ്ഞുതീരുകയും ചെയ്തുകൊണ്ടാണിരുന്നത്. ഈശോ പ്രായത്തിലും ജ്ഞാനത്തിലും വളര്‍ന്നുവന്നതനുസരിച്ച് തന്റെ ഏറ്റം പ്രിയങ്കരനായ വിമോചകന്റെ സഹനത്തെക്കുറിച്ചുള്ള ചിന്തകളും ജോസഫിന്റെ മനസ്സില്‍ വളര്‍ന്നുകൊണ്ടിരുന്നു. രക്ഷകന്റെ പീഡാസഹനത്തിന്റെ നാളുകള്‍ അടുത്തു വന്നുകൊണ്ടിരിക്കുന്നതുപോലെ ജോസഫിന്റെ മനസ്സില്‍ ക്ലേശങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈശോ ഒരു മുതിര്‍ന്ന ആളായി വളര്‍ന്നുവന്നതു കാണുമ്പോള്‍ ചിലപ്പോള്‍ തന്റെ ഏറ്റം പരിശുദ്ധയായ ഭാര്യയോട് പറയുമായിരുന്നു: ‘എത്രയധികം ദുരിതവും വേദനയുമാണ് എന്റെ മനസ്സില്‍ ഞാന്‍ പേറുന്നതെന്നറിയാമോ? അത്ഭുതകരമായി ദൈവം രൂപപ്പെടുത്തി വളര്‍ത്തിയ ഏറ്റം പരിശുദ്ധനായ മനുഷ്യപുത്രനെ അതികഠിനമായ പീഡനങ്ങള്‍ വിധിക്കപ്പെടാനിരിക്കുന്നല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ന്നുപോകുകയാണ്.’ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ദൈവമാതാവിന്റെ ഉള്ളിലും അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചു. സ്‌നേഹവും ദുഃഖവും അവരിരുവരിലും ശക്തവും തീവ്രവുമായിത്തീര്‍ന്നു.

ജോസഫിന് കുരിശിനോട് ഒരു പ്രത്യേക വണക്കമുണ്ടായിരുന്നു. ഈശോ ക്രൂശിക്കപ്പെടാനിരിക്കുന്ന കുരിശിലേക്ക് കൂടെക്കൂടെ നോക്കുകയും ഏറ്റം ആദരവോടെ അതിനെ വണങ്ങുകയും ചെയ്തിരുന്നു. മനുഷ്യവംശത്തിന്റെ വിമോചനം പൂര്‍ത്തീകരിക്കപ്പെടാന്‍ ഉപകരണമാക്കുന്ന ശ്ലീവായെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുമായിരുന്നു. കുരിശിന്റെ മുമ്പില്‍ അവന്‍ തന്റെ ഹൃദയവിചാരങ്ങള്‍ മുഴുവന്‍ തുറന്നുവയ്ക്കുകയും മനോവ്യഥകള്‍ക്കു കടിഞ്ഞാണിട്ടു സ്വതന്ത്രമാകുകയും ചെയ്തിരുന്നു. അവസാനം ഇങ്ങനെ മന്ത്രിച്ചുകൊണ്ട് അവന്‍ തന്റെ പ്രഘോഷണം അവസാനിപ്പിക്കും: ‘ഓ, വാസ്തവത്തില്‍ ആ ശില്പി ആരായിരിക്കും? എന്റെ ദിവ്യരക്ഷകനെ തൂക്കിലേറ്റാന്‍ കുരിശു നിര്‍മ്മിക്കുന്ന തച്ചന്‍ ആരായിരിക്കും?’ ഈ വാക്കുകള്‍ പറഞ്ഞുതീര്‍ന്നു കഴിയുമ്പോഴേക്കും ജോസഫ് കണ്ണുനീരില്‍ അലിഞ്ഞ് ഇല്ലാതായിത്തീരുന്ന അവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles