ജോസഫ് പ്രാർത്ഥനയുടെ ഗുരുനാഥൻ
കഴിഞ്ഞ വർഷം ഒക്ടോബർ 4-ാം തീയതി വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് മാർപാപ്പ ലോകത്തിനു സമ്മാനിച്ച ചാക്രിക ലേഖനമാണ് ‘ഫ്രത്തേല്ലി തൂത്തി’ Fratelli tutti (എല്ലാവരും സഹോദരര്‍) . ഈ ചാക്രിക ലേഖനത്തിൻ്റെ ഉപസംഹാരത്തിൽ “സാർവ്വത്രിക സഹോദരൻ ” എന്നു മാർപാപ്പ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ട്രാപ്പിസ്റ്റു സന്യാസിയായ വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോൾഡ്.
പ്രാർത്ഥനയെപ്പറ്റിയുള്ള ചാൾസിൻ്റെ ദർശനം ഇപ്രകാരമാണ് : “പ്രാർത്ഥിക്കുക എന്നതിൻ്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്മാവിൻ്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര കൂടുതലായി ഈശോയെ സ്നേഹിക്കുന്നുവോ അത്ര കൂടുതലായി നന്നായി നിങ്ങൾ പ്രാർത്ഥിക്കുന്നു.”
ഈശോയെക്കുറിച്ച് സദാ സ്നേഹപൂർവ്വം ചിന്തിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ജീവിതം ഒരു നീണ്ട പ്രാർത്ഥനയായിരുന്നു. ആ വളർത്തു പിതാവിൻ്റെ ആത്മാവിലെ ഏക ശ്രദ്ധ ഈശോയായിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചരുന്നതിനാൽ സംസാരിക്കാൻ പോലും ആ പിതാവ് അധികം ഉത്സാഹം കാട്ടിയില്ല. നിശബ്ദനായിരുന്ന ആ ദൈവദാസനു ഉറക്കത്തിൽപോലും ഉണർവുള്ളവനായിരിക്കാൻ കഴിഞ്ഞത് ഈശോ എന്ന മധുരനാമത്തെ മനസ്സിൽ താലോലിച്ച് ജീവിതം പ്രാർത്ഥനയാക്കിയതിനാലായിരുന്നു.
ഈശോയെ കൂടുതലായി സ്നേഹിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ജീവിതം പ്രാർത്ഥനയുടെ മറ്റൊരു പര്യായമായിരുന്നു. അതിനാലാണ് വിശുദ്ധ ബർണദീത്ത യൗസേപ്പിതാവിനെ പ്രാർത്ഥനയുടെ ഗുരുവായി അവതരിപ്പിക്കുന്നത്: “എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കാൻ നിങ്ങൾക്ക് ഒരു ഗുരുവില്ലെങ്കിൽ ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ നിങ്ങളുടെ ഗുരുവായി സ്വീകരിക്കുക, അവൻ നിങ്ങളെ അനാഥരായി വിടുകയില്ല.”
വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഈശോയെ കൂടുതൽ സ്നേഹിച്ച് നമുക്കു പ്രാർത്ഥനയിൽ വളരാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.