വി. യൗസേപ്പിതാവ് സ്വര്‍ഗ്ഗത്തിലെ വിശുദ്ധരെപ്പോലെ കാണപ്പെട്ടത് എപ്പോഴായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-168/200

മുമ്പു സൂചിപ്പിച്ചതുപോലെ മനുഷ്യാവതാര രഹസ്യങ്ങള്‍ നിറവേറിയ ആ വിശുദ്ധ മുറിയെക്കുറിച്ച് ജോസഫിനു പ്രത്യേകമായൊരു വണക്കമുണ്ടായിരുന്നു. അവിടെയാണ് പരിശുദ്ധ മറിയവും തന്റെ രഹസ്യപ്രാര്‍ത്ഥനക്കുള്ള സമയം ചെലവഴിച്ചിരുന്നത്. മിക്കപ്പോഴും അവര്‍ ഇരുവരും പ്രത്യേക നിയോഗത്തിന് ആ മുറിയിലാണ് പ്രാര്‍ത്ഥിച്ചിരുന്നത്. അത്യുന്നതനായ ദൈവം മനുഷ്യാവതാരം ചെയ്ത പരിശുദ്ധദ കന്യകാമറിയത്തിന്റെ കിടക്കറയെക്കുറിച്ചുള്ള ഭക്തിയും വണക്കവും ജോസഫിന്റെ മനസ്സില്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. മാതാവിന് ജോലിത്തിരക്കുള്ള സമയങ്ങളില്‍ ജോസഫ് അവിടെ തനിച്ചിരുന്നു പ്രാര്‍ത്ഥിക്കുക പതിവായിരുന്നു.

ദൈവത്തിന്റെ വചനം മനുഷ്യാവതാരം ചെയ്ത ആ വിശുദ്ധസ്ഥലത്തു മുട്ടുകുത്തുമ്പോഴെല്ലാം ജോസഫിന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കത്തിജ്ജ്വലിക്കുക പതിവായിരുന്നു. അപാരമായ ദൈവികവിശുദ്ധിയില്‍ നിറഞ്ഞു കവിയുന്ന അനുഭവം! അവിടെ വച്ചു സമര്‍പ്പിക്കുന്ന നിയോഗങ്ങളിലെ ഒരു വാക്കുപോലും പാഴായി പോകുകയില്ലെന്ന് ഉത്തമമായ ബോദ്ധ്യം അവനില്‍ ജനിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു നിയോഗം സമര്‍പ്പിച്ചു കഴിയുമ്പോള്‍ത്തന്നെ അതേക്കുറിച്ച് പിതാവായ ദൈവത്തില്‍നിന്ന് ഒരു സ്വര്‍ഗ്ഗീയ പ്രകാശം ലഭിച്ചിരുന്നു. അനേകം സ്വര്‍ഗ്ഗീയ നിഗൂഢരഹസ്യങ്ങളുടെ കലവറകള്‍ തുറക്കപ്പെട്ടത് അവിടെവച്ചാണ്. അവിടെ ആയിരിക്കുമ്പോള്‍ ദൈവം തന്റെ കൂടെയുള്ളതുപോലെ ആനന്ദനിര്‍വൃതി അനുഭവപ്പെട്ടിരുന്നു. ദിവ്യരക്ഷകന്‍ മാനവരക്ഷയ്ക്കായി സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ ആ മുറിയില്‍ പ്രവേശിക്കുമ്പോഴെല്ലാം ജോസഫും തന്റെ ജോലികളില്‍നിന്നു പിന്‍വാങ്ങി മറിയത്തെയും കൂട്ടി അവളുടെ മുറിയില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. ആ നിമിഷംതന്നെ ദൈവമാതാവ് ആത്മാവില്‍ ലയിക്കുകയും പുത്രന്‍ സമര്‍പ്പിക്കുന്നതെന്തെന്ന് വിവേചിച്ചറിഞ്ഞ് ഒരു മനസ്സായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ആത്മീയനന്ദത്തില്‍ നിറഞ്ഞ് ജോസഫിനും അതേ വെളിപ്പെടുത്തലുകള്‍ ലഭിക്കുകയും ഒരു വിഷയത്തില്‍ തിരുക്കുടുംബം ഒരു മനസ്സും ഒരു ഹൃദയവുമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അവരുടെ ആത്മീയ ഉല്‍ക്കര്‍ഷത്തിന് അത് വളരെയധികം പ്രയോജനപ്പെട്ടിരുന്നു. അയല്‍ക്കാരോടും ദൈവത്തോടുമുള്ള സ്‌നേഹം അവരില്‍ വര്‍ദ്ധദിക്കാന്‍ അത് കുറച്ചൊന്നുമല്ല ഉപകരിച്ചത്. നിരുപമമായ കൃപാവരങ്ങള്‍ അതുവഴി നേടുകയും ചെയ്തു. ജോസഫ് അതില്‍ അത്യധികം സന്തോഷം കണ്ടെത്തി. ആ മുറ വിട്ടിറങ്ങുമ്പോള്‍് ജോസഫ് പഴയമനുഷ്യനായിട്ടല്ല ദൈവത്തില്‍ ഒരു പുതിയ സൃഷ്ടിയായിട്ടാണ് കാണപ്പെട്ടത്. ഭൗതികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍പോലും അവനു സാധിച്ചിരുന്നില്ല. ദൈവത്തിന്റെ സത്തയില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട വിശുദ്ധരെപ്പോലെയായിരുന്നു അപ്പോഴത്തെ ജോസഫിന്റെ ആത്മീയ അവസ്ഥ.

ദൈവത്തോടുള്ള സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തുകയും ശരീരത്തില്‍ അത് പ്രകടമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. കത്തിജ്ജ്വലിക്കുന്ന അഗ്നിപര്‍വ്വതംപോലെയായിരുന്നു ദൈവസ്‌നേഹത്തില്‍് ജ്വലിക്കുന്ന ജോസഫിന്റെ ഹൃദയത്തിന്റെ അപ്പോഴത്തെ അവസ്ഥ. അടക്കാനാവാത്ത സ്‌നേഹപാരവശ്യത്താല്‍ അവന്‍ പ്രലപിച്ചു: ‘ഓ സ്‌നേഹംതന്നെയായ ദൈവമേ, എന്റെ ജീവനെ എടുത്തുകൊള്ളുക, എന്റെ നെഞ്ചിന്റെയുള്ളില്‍ ഉജ്ജ്വലിക്കുന്ന സ്‌നേഹാഗ്നി ജ്വാലയില്‍ ഞാന്‍ പൂര്‍ണ്ണമായി എരിഞ്ഞുതീരട്ടെ!’ അവിടെ മുതല്‍ ദൈവത്തില്‍ അലിഞ്ഞുചേര്‍ന്ന് മരിച്ചാല്‍ മതി എന്ന ഒരു വൈകാരികപ്രവണത ജോസഫിന്റെ ഹൃദയത്തില്‍ ശക്തിമായി രൂപംകൊണ്ടു.

തന്റെ ആത്മാവിന്റെ ഉജ്ജ്വലിക്കുന്ന ഈ വിചിന്തനങ്ങള്‍ മറിയത്തോടു തുറന്നുപറഞ്ഞു: ‘എന്റെ ഏറ്റം പ്രിയപ്പെട്ടവളെ, എന്റെ ഉള്ളിന്റെയുള്ളില്‍ വളരെ ശക്തിമായ ഒരു അഭിനിവേശം ദൈവത്തിനുവേണ്ടി മരിച്ചാല്‍ മതി എന്ന അതിതീവ്രമായ ഒരു ചിന്ത എന്നില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.’ ജോസഫിനെ സമാശ്വസിപ്പിച്ചുകൊണ്ട് പരിശുദ്ധ മാതാവ് ഇങ്ങനെ പറഞ്ഞു: ‘ദൈവമായ കര്‍ത്താവാണ് ഈ ചിന്തകള്‍ ഉള്ളില്‍ ജനിപ്പിച്ചത്. ദൈവനിശ്ചയം അംഗീകരിക്കാനുള്ള വലിയ കൃപ അവിടുന്നു തന്നെയാണു നല്കിയിരിക്കുന്നത്.’ ഒരവസരത്തില്‍ വിശുദ്ധന്‍ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി കരങ്ങള്‍ വിരിച്ചുപിടിച്ച്ുകൊണ്ട് പ്രാര്‍ത്ഥിച്ചു. ‘അനന്തനന്മസ്വരൂപനായ ദൈവമേ, എന്റെ ഹൃദയാഭിലാഷം അങ്ങു യാഥാര്‍ത്ഥ്യമാക്കുമോ? ദൈവസ്‌നേഹത്തിന്റെ അഗ്നിജ്വാലയില്‍ എരിഞ്ഞുതീരണമെന്ന എന്റെ ആഗ്രഹം നിറവേറ്റാന്‍ അങ്ങ് എന്നെ അനുവദിക്കുമോ?’

ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ജോസഫിന്റെ ഹൃദയം വീണ്ടും കത്തിജ്ജ്വലിച്ചു. മുഖഭാവം മാറി, കണ്ണുകള്‍ വെട്ടിത്തിളങ്ങി, ആത്മീയനിര്‍വൃതിയില്‍ ലയിച്ച്, കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അപരിമേയമായ അഭിഷേകത്തില്‍ ഏതാനും നിമിഷങ്ങള്‍ തുടര്‍ന്നു. ഈശോയും മാതാവും കര്‍ത്താവിനെ ആരാധിച്ചുകൊണ്ട് ആ മഹനീയ നിമിഷങ്ങളില്‍ പങ്കുചേര്‍ന്നു. ജോസഫിനെ ശ്രദ്ധിച്ചുനോക്കിയപ്പോള്‍ മറിയം ആശ്ചര്യപ്പെട്ടുപോയി. ആ സമയത്തു കാണപ്പെട്ട ജോസഫ് ഒരു ഭൗതികമനുഷ്യനായിട്ടല്ല, സെറാഫുകളില്‍ ഒന്നിനെപ്പോലെയോ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരില്‍ ഒരാളെപ്പോലെയോ ആണ് അപ്പോള്‍ കാണപ്പെട്ടത്. തന്റെ വിശുദ്ധ ഭര്‍ത്താവിന്റെ മേല്‍ പരിധിയില്ലാതെ കൃപകള്‍ വര്‍ഷിച്ച കര്‍ത്താവിനെ അകമഴിഞ്ഞ് മറിയം സ്തുതിക്കുകയും നന്ദിപറയുകയും ചെയ്തു. ഈ കൃപകളെല്ലാം വര്‍ഷിക്കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ തന്റെമേല്‍ത്തന്നെയാണല്ലോ എന്ന് ഹൃദയത്തില്‍ അവള്‍ വിവേചിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles