സര്‍വാത്മനാ ദൈവവചനം സ്വീകരിച്ച പരിശുദ്ധ മറിയം
‘നീ ഒരു പുത്രനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം’ ദൈവദൂതന്റെ വാക്കുകള്‍ കേട്ട പരിശുദ്ധ കന്യക ഒരു സംശയം ചോദിക്കുന്നുണ്ട്? ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എപ്രകാരം സംഭവിക്കും? ന്യായയുക്തമായ ഒരു സംശയമായിരുന്നു അത്. മേരി ദൈവത്തോട് കന്യാവ്രതം വാഗ്ദാനം ചെയ്തിരുന്നു എന്നുള്ള വസ്തുത അത് സൂചിപ്പിക്കുന്നു. ദൈവദൂതന്‍ മറിയത്തിന് സംശയ നിവാരണം വരുത്തി. ‘പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആയതിനാല്‍ നിന്നില്‍ നിന്നു പിറക്കുന്നവന്‍ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍ പരിശുദ്ധനായിരിക്കും.’
മേരിയുടെ പ്രശ്‌നത്തിന് ദൈവദൂതന്‍ പരിഹാരം നിര്‍ദ്ദേശിച്ച ഉടനെ പരിശുദ്ധ കന്യക പ്രതിവചിച്ചു: ‘നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.’ ഇപ്രകാരമുള്ള സന്നദ്ധത ദൈവവചനം സ്വീകരിക്കുന്നതില്‍ നമുക്കുണ്ടോ? ക്രിസ്തുനാഥന്‍ ഒരിക്കല്‍ വിതക്കാരന്റെ ഉപമ അരുളിച്ചെയ്തു: ‘വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോള്‍ ചിലത് വഴിയരികില്‍ വീണു. അത് ആകാശപ്പറവകള്‍ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില്‍ വീണു. മുള്ളുകള്‍ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല്‍ ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ് നല്‍കി.’
ദൈവവചനം സ്വീകരിക്കുന്ന നാലു തരക്കാരായ വ്യക്തികളുടെ മാതൃകയാണ് ഈ ഉപമയില്‍ പ്രതിപാദിച്ചിരിക്കുന്ന വിത്തുകള്‍. ഒന്നാമത്തെ തരക്കാര്‍ ദൈവവചനം ശ്രവിച്ചാല്‍ ഉടനെതന്നെ അതിനെ പുച്ഛിച്ചു തള്ളും; രണ്ടാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുമെങ്കിലും വചനം നിമിത്തം ഞെരുക്കമോ പീഡകളോ ഉണ്ടാകുമ്പോള്‍ അത് പരിത്യജിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ മുള്ളുകളുടെ ഇടയില്‍ വീണ വിത്തുപോലെ വചനം സ്വീകരിക്കുമെങ്കിലും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വിസ്മരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. നാലാമത്തെ കൂട്ടര്‍ ദൈവവചനം സ്വീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.
ഒരിക്കല്‍ ഈശോനാഥന്റെ ദിവ്യഅധരങ്ങളില്‍ നിന്നുമുള്ള വചനം കേട്ട ഒരു സ്ത്രീ ആവേശവതിയായി ഇങ്ങനെ പ്രഘോഷിച്ചു, ‘നിന്നെ വഹിച്ച ഉദരത്തിനും നിന്നെ കുടിപ്പിച്ച മുലകള്‍ക്കും ഭാഗ്യം.’ ഉടനെ ദിവ്യനാഥന്‍ ഇപ്രകാരം അരുളിച്ചെയ്തു. ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം (ലൂക്കാ: 11: 2729). പരിശുദ്ധ കന്യയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്ന് ഇത് നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ആയതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. എല്ലാ ദിവസവും വി. ഗ്രന്ഥ പാരായണത്തിലൂടെ ദൈവവചനം ശ്രവിക്കാം. ഞായറാഴ്ച ദിവസങ്ങളില്‍ ദിവ്യബലിയില്‍ ദൈവവചനത്തെ ആസ്പദമാക്കി ചെയ്യുന്ന പ്രഭാഷണത്തിലും ശ്രദ്ധാപൂര്‍വ്വം സംബന്ധിക്കുക. ദൈവവചനം ഇരുമുനവാളാണ്. അതു ശ്രവിച്ചു പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.