സ്വര്‍ഗ്ഗീയപിതാവിന്റെ ദിവ്യപരിപാലനയെക്കുറിച്ച് ഈശോ വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത്് എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-166/200
ഭക്ഷണം കഴിഞ്ഞപ്പോള്‍ ജോസഫിനോടും മറിയത്തോടും തന്നെക്കുറിച്ചുള്ള സ്വര്‍ഗ്ഗീയപിതാവിന്റെ ദിവ്യപരിപാലനയെക്കുറിച്ച് ഈശോ സംസാരിച്ചു. സ്വര്‍ഗ്ഗീയപിതാവിന് സക ജനത്തോടുമുള്ള സ്നേഹവായ്പിനെക്കുറിച്ചും ആപത്ഘട്ടങ്ങളില്‍ മനുഷ്യര്‍ കാത്തുസൂക്ഷിക്കേണ്ട സഹിഷ്ണുതയെയും ദീര്‍ഘക്ഷമയെയും കുറിച്ചുമാണ് ഈശോ സംസാരിച്ചത്. ഈശോയുടെ എന്തെങ്കിലും ഒരുപദേശം ലഭിക്കാത്ത ഒരു ദിവസംപോലും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഭക്ഷണത്തിനുശേഷം അവന് ഇതു പറഞ്ഞത് അവരുടെ ആത്മാവിന് ആവശ്യമായ പ്രകാശവും പോഷണവുംകൂടി തിരുവചനത്തിലൂടെ ലഭിക്കേണ്ടതിനാണ്. ഈ വിധത്തിലാണ് നിരന്തരം അവര്‍ സംരക്ഷിക്കപ്പെട്ടുപോന്നിരുന്നത്.
ഭക്ഷണവും പ്രഭാഷണവും കഴിഞ്ഞപ്പോള്‍ ഈശോ പിന്‍വാങ്ങി. ജോസഫും മറിയവും ഈശോയുടെ ജ്ഞാനത്തെയും സ്നേഹവായ്പിനെയു കൃപാവചസ്സുകളെയും ദൈവികപരിപാലനയെയും കുറിച്ചു ചര്‍ച്ച ചെയ്തു. ‘ഓ! എന്റെ പ്രിയേ, ഈ മഹാനുഗ്രഹത്തിന് – ദിവ്യരക്ഷകന്റെ കൂട്ടാളിയായിരിക്കാനും പരിശുദ്ധ അമ്മമാരില്‍ പരിശുദ്ധയായ നിന്നോടുകൂടെയായിരിക്കുവാനുമുള്ള ഈ മഹാഭാഗ്യത്തിന് – എനിക്ക് എങ്ങനെ അര്‍ഹത ലഭിച്ചു? – ജോസഫ് ഉദ്ഘോഷിച്ചു. മറിയത്തോടൊത്തു ദൈവത്തിനു നന്ദി പറഞ്ഞു. പണിശാലയില്‍ വച്ചു നടന്നതെല്ലാം ജോസഫ് മറിയത്തോടു പറഞ്ഞു.
ജോസഫിനുണ്ടായ വിഷമങ്ങളെയോര്ത്ത് മറിയം സഹതപിക്കുകയും തിരുക്കുമാരന് അനുഭവിച്ച സങ്കടങ്ങളില്‍ തീവ്രമായ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ഈശോയുടെ ദുഃഖങ്ങള്‍ക്ക് താനാണു കാരണക്കാരനെന്നു ചിന്തിച്ച് അനാവശ്യമായി വിഷമിക്കരുതെന്ന് മറിയം ജോസഫിനെ ഉപദേശിച്ചു. പിതാവിനെതിരെ മനുഷ്യര്‍ ചെയ്യുന്ന ദുഷ്ടതകളെയോര്ത്താണു സഹതപിക്കേണ്ടത്. അങ്ങനെയാണ് ഈശോയുടെ ദുഃഖത്തില്‍ നമ്മള് പങ്കുചേരേണ്ടതെന്നും മറിയം പറഞ്ഞു. അവളുടെ ഉപദേശം ജോസഫ് പൂര്‍ണ്ണമായും അനുസരിച്ചു.
ജോസഫ് വീണ്ടും പണിശാലയില്‍ ഈശോയുടെ അടുത്തേക്കു പോയി. പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ തന്റെ കാര്യം പ്രത്യേകം ഓര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറിയത്തില്‍നിന്ന് അകന്നിരിക്കുന്ന ചെറിയ ഇടവേളകളില്പോലും ജോസഫിനെ അവള് അനുസ്മരിക്കണമെന്ന് അവന് ആഗ്രഹിച്ചിരുന്നു. അവനറിയാമായിരുന്നു അവള് എപ്പോഴും ദൈവത്തോടുകൂടിയാണ് സമയം ചെലവഴിക്കുന്നതെന്ന്.
പണിശാലയിലായിരിക്കുന്നത്ര സമയം മറിയത്തിന്റെ അടുത്തു നിന്ന് ഈശോയുടെ സാന്നിദ്ധ്യം നഷ്ടപ്പെടുന്നതിനെയോര്ത്ത് ജോസഫ് ക്ഷമ ചോദിക്കുകയും അവള്‍ക്ക് ആവശ്യമെന്നു തോന്നുന്ന സമയം ഈശോയെ പറഞ്ഞയയ്ക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. ജോസഫിന്റെ രമ്യമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ മറിയത്തിന് അതീവസന്തോഷം തോന്നി. തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിലും സങ്കടങ്ങള്‍ ദൂരീകരിക്കുന്നതിലും ജോസഫ് കാണിക്കുന്ന ശുഷ്കാന്തിയും പരിഗണനയും ഓര്‍ത്തു മറിയ ആത്മാവില്‍ അതിയായി ആനന്ദിച്ചു.
മറിയത്തിനു വാക്കുകൊടുത്ത ഒരു കാര്യവും നിറവേറ്റുന്നതില്‍ ജോസഫ് വീഴ്ചവരുത്തിയിട്ടില്ല. എല്ലാ അനുസ്മരിച്ചുകൊണ്ട് മറിയം ജോസഫിന് നന്ദി പറഞ്ഞു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.