ജോസഫ് ദൈവതിരുമുമ്പിലെ പ്രാർത്ഥനാ ശില്പം
മലയാളികളുടെ പ്രിയ ആത്മീയ എഴുത്തുകാരനും ഗാനരചിതാവുമായ
മിഖാസ് കൂട്ടുങ്കൽ അച്ചൻ്റെ “ദൈവം വിശ്വസ്തൻ’ എന്ന ആൽബത്തിലെ മനോഹരമായ വരികളാണ് ഇന്നത്തെ ജോസഫ് ചിന്ത.
“ശിലയിൽ കടഞ്ഞൊരു ശില്പം പോൽ മാനസം പ്രാർത്ഥനയായി വയ്ക്കുന്നങ്ങേമുമ്പിൽ…”
സ്വന്തം ഹിതത്തെ ദൈവഹിതം അനുസരിച്ച് പ്രാർത്ഥനായി കടഞ്ഞെടുത്ത ഒരു ശിലാ ശില്പമായിരുന്നു നസറത്തിലെ ജോസഫ്.
ദൈവഹിതം പാലിക്കാനായി ഉറച്ച ബോധ്യങ്ങളും തീരുമാനങ്ങളും നിലപാടുകളും കൈ കൊണ്ട യൗസേപ്പ് എല്ലാ അർത്ഥത്തിലും സ്ഥായിയായ ഒരു ശിലാ ശില്പമായിരുന്നു.
സ്വർഗ്ഗീയ പിതാവ് ഭൂമിയിൽ തൻ്റെ പുത്രനു സുരക്ഷയൊരുക്കാനായി മെനഞ്ഞെടുത്ത ജോസഫ് എന്ന ശില്പം, വേഗം തകർന്നോ തളർന്നോ പോകുന്ന ശില്പമായിരുന്നില്ല. കാറ്റും കോളും ആഞ്ഞടിച്ചപ്പോഴും സംശങ്ങളുടെ വേലിയേറ്റം ചാകര തീർത്തപ്പോഴും ആ മനസ്സു തകരാത്തതിനു കാരണം ദൈവഹിതത്തിനുസരിച്ച് പ്രാർത്ഥനയായി സ്വ ജിവിതത്തെ രൂപപ്പെടുത്തിയതിനാലാണ്.
കത്തോലിക്കാ സഭയുടെ യുവജനമതബോധന ഗ്രന്ഥം You Cat 469 നമ്പറിൽ ഇപ്രകാരം കാണുന്നു :” പ്രാർത്ഥിക്കുന്ന വ്യക്തി ഇനിമേൽ തൻ്റെതായി ജീവിക്കുന്നില്ല. തനിക്കു വേണ്ടിത്തന്നെ ജീവിക്കുന്നില്ല, സ്വന്തം ശക്തികൊണ്ടു ജീവിക്കുന്നുമില്ല. തനിക്കു സംസാരിക്കാനുള്ള ഒരു ദൈവമുണ്ടെന്ന് അയാൾ അറിയുന്നു.” ഈ ഉറച്ച ബോധ്യമായിരുന്നു യൗസേപ്പിനെ ദൈവതിരുമുമ്പിൽ പ്രാർത്ഥനാ ശില്‌പമായി രൂപപ്പെടുത്തിയത്.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.