കുഞ്ഞു ജീവൻ ഉള്ളിലെ അത്ഭുതമാകുമ്പോൾ
കുഞ്ഞുങ്ങൾ ദൈവം തരുന്ന ദാനമാണ്. ജീവൻ ദൈവത്തിന്റേതാണ്. എന്റെ അനുഭവം പറയുകയാണെങ്കിൽ അമ്മയാകാൻ തുടങ്ങിയപ്പോൾ ശരീരം അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുത്തിയപ്പോൾ മനസ്സ് ആഹ്ലാദത്തോടെ അത് സ്വീകരിച്ചു; ദൈവത്തെ സ്തുതിച്ചു. ഒരു ഉൾപ്പുളകത്തോടെ ഒരുങ്ങാൻ തുടങ്ങി. സംഗീത-സാഹിത്യ അന്തരീക്ഷത്തിൽ ഭാവാത്മകതയിൽ ആത്മീയത നിറച്ചു സ്വപ്നം കാണുകയും പാടുകയും വരികളെഴുതി സൂക്ഷിക്കുകയും വായിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കുഞ്ഞിന്റെ രൂപം, ശബ്ദം, ചിരി, കരച്ചിൽ എല്ലാം ഭാവനയിൽ കണ്ട് ആനന്ദിക്കും. മാസങ്ങൾ കഴിയുന്തോറും ഉറക്കുപാട്ടുകൾ ഓർത്തെടുക്കാനും കുഞ്ഞുടുപ്പുകൾ തയ്കാനും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും അങ്ങനെ വിരസത മാറ്റി കാത്തിരിപ്പു സജീവവും രസപൂർണവുമാക്കാനും അന്ന് കഴിഞ്ഞു. ആകാംഷയുടെ തൊട്ടിലിൽ പ്രാർത്ഥനയുടെ താരാട്ടുമായി നീണ്ട ദിനരാത്രങ്ങൾ!!
ദൈവത്തിന്റെ സൃഷ്ടികർമത്തിൽ ഈ എളിയവളെയും പങ്കാളിയാക്കുകയാണോ! എന്റെ ജീവിതത്തിനു അർത്ഥവും മിഴിവും ലക്ഷ്യബോധവുമുണ്ടാകുന്നു! നന്ദി കൊണ്ടും സന്തോഷം കൊണ്ടും മതിമറന്ന ദിനങ്ങൾ. അടുത്തുള്ള പള്ളിയിൽ വൈകുന്നേരങ്ങളിൽ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നു. അൾത്താരയിൽ കാത്തിരിക്കുന്ന ഈശോയെ കാണാനും സങ്കടങ്ങളും സന്തോഷങ്ങളും പറയാനും, എങ്ങനെയും സമയം കണ്ടെത്തി പോകുമായിരുന്നു. ഈശ്വരാശ്രയബോധം കടിഞ്ഞൂൽകുഞ്ഞിൽ കുഞ്ഞിലേ വെളിപ്പെട്ടുകണ്ടതു ഇക്കാരണം കൊണ്ടുകൂടിയാകാം.
ഏതു തിരക്കിനിടയിലും കുഞ്ഞുവാവയോടു കുഞ്ഞുമൊഴികൾ പങ്കിടുമ്പോൾ കുഞ്ഞിന്റെ പ്രതികരണങ്ങൾ ചലനങ്ങളായി അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയും കുഞ്ഞുമായുള്ള ആ “കൊഞ്ചക്കം” – അതെന്റെ സ്വന്തമായിരുന്നു. ഈ ലോകത്തിലുള്ള സകലതിനെക്കുറിച്ചും സകലരെക്കുറിച്ചും സ്വർഗത്തിൽ നിന്നും വിരുന്നെത്തിയ കുഞ്ഞു മാലാഖയോട് പറയും. നമ്മളെ രക്ഷിക്കുന്ന ഈശോയെക്കുറിച്ചു ചോദിക്കും. ആ സംവാദങ്ങൾ കുഞ്ഞുമായി നല്ല ആത്മീയബന്ധം ഉറപ്പിക്കാൻ വഴിയൊരുക്കിയിട്ടുണ്ടാകണം.
അമ്മയുടെ ജീവിതം സന്തോഷവും സമാധാനവുമുള്ളതായിരിക്കണം. അസ്വസ്ഥമായ സാഹചര്യത്തിൽ കുഞ്ഞിനെ വളർത്തുന്ന അമ്മയുടെ ആകുലതയും അസ്വസ്ഥതയും നിമിത്തം കുഞ്ഞിലും ഒരു തരം പിരിമുരുക്കം, അങ്കലാപ്പ് പ്രകടമാകുന്നു. ആരോടും അടുക്കാതെ, ആരെയും സ്നേഹിക്കാനാവാതെ ഉൾവലിയുന്ന പ്രകൃതം ഈ സാഹചര്യത്തിന്റെ സൃഷ്ടിയാകാം. അമ്മയുടെ ചിന്താഗതികൾ കുഞ്ഞിന്റെ സ്വഭാവഗതിയെ സാരമായി ബാധിക്കും. ഉത്ക്കണ്ഠ, നിരാശ, വൈരാഗ്യം, പക, വെറുപ്പ്, ഭയം തുടങ്ങിയ വികാരങ്ങൾക്ക് പകരം ഈശ്വരചിന്ത, സന്തോഷം, പ്രതീക്ഷ, സ്നേഹം, നന്ദി ഇവയിൽ നിറഞ്ഞ മനസ്സ് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഉത്തമവും ആവശ്യവുമാണ്. വ്യായാമവും വിശ്രമവും അത്യാവശ്യമാണ്. പോഷകസമൃദ്ധമായ ഭകഷണവും ഉറക്കവും അവശ്യം വേണ്ടതാണ്. ജോലി ചെയ്യുന്നത് നല്ലതാണ്. ജോലി അതികഠിനമായാൽ അബോർഷൻ സംഭവിക്കാം. അതുപോലെ ചില വീഴ്ചകളിലും ബ്ളീഡിങ്ങും കുഞ്ഞിന് വൈകല്യവും ഉണ്ടാകാം. ഒരു ഗൈനെക്കോളജിസ്റ്റിന്റെ നിർദ്ദേശത്തിൽ മരുന്നും ആഹാരവും പരിശീലിക്കണം.
ഉദരത്തിലുറങ്ങുന്ന കുഞ്ഞിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. കുഞ്ഞിനെ പാട്ടുപാടി കേൾപ്പിക്കുക, പാട്ടു വച്ചും കേൾപ്പിക്കുക. കുഞ്ഞുവാവേ എന്ന് വിളിച്ചു തലോടുക, സംസാരിക്കുക തുടങ്ങിയ സ്നേഹപ്രകടനങ്ങൾ നാലഞ്ച് മാസമാകുമ്പോഴേക്കും തുടങ്ങണം. ഗ്രാഹ്യശക്തി കൂടുന്തോറും പ്രതികരണം വരുന്നത് ഒരമ്മക്ക് മനസിലാകും. ചലനം കുറഞ്ഞാൽ കുനിഞ്ഞു മുറ്റമടിക്കാനും ചൂടുവെള്ളം ദേഹത്തൊഴിക്കാനും ചൂടുചായ കുടിക്കാനുമൊക്കെ മുതിർന്നവർ നിർദ്ദേശിക്കാറുണ്ട്. ഫലമായില്ലെങ്കിൽ ഡോക്ടറെ കാണണം.
ഗർഭിണികൾ ഭയന്ന് ഞെട്ടരുതെന്നു പറഞ്ഞുകേൾക്കാറുണ്ട്. അതിന്റെ ആഘാതം കുഞ്ഞിന് ദോഷകരമായിരിക്കുമെന്നതിനാലാവണം. എന്നാൽ അത്തരം അമിത ഭയങ്ങൾ ആവശ്യമില്ല. ജീവൻ നല്കുന്നവന്റെ സംരക്ഷണത്തിലാണ് കുഞ്ഞ് എന്ന് മാത്രം കരുതുക. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും കഴിക്കരുതെന്നത് നിർബന്ധമാണ്. അതുപോലെ ആഹാരവും. അമ്മയ്ക്കും കുഞ്ഞിനും വേണ്ട പോഷക സമൃദ്ധമായ ഭക്ഷണം അമ്മ കഴിക്കണം. പഴങ്ങളും, ഇലക്കറികളും കഴിക്കണം. ധാരാളം വെള്ളം, ആവശ്യത്തിന് ഭക്ഷണം, ഉത്തമ വ്യായാമം, നല്ല ഉറക്കം, ഉന്മേഷം എല്ലാം ഈ പ്രതേക വേളയിൽ അഭികാമ്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ ഒരേ ഇരിപ്പ്, കൂടുതൽ കിടപ്പ്, അമിതാഹാരം, കഠിനാധ്വാനം, ഓട്ടം ഇവ ഒഴിവാക്കണം. തെന്നി വീഴരുത്. ചാടി എണീക്കരുത്. വീഴ്ച കുഞ്ഞിന്റെ അവയവക്രമീകരണത്തിനു ദോഷം ചെയ്തേക്കാം. അംഗവൈകല്യമുണ്ടാകാം. കൃത്യനിഷ്ഠയും സൗമ്യശീലവും നല്ല ചിന്താഗതികളും സർവ്വോപരി ഈശ്വരഭക്തിയും അത്യാവശ്യമാണ്. നടുവുവേദനയോ, വയറുവേദനയോ അനുഭവപ്പെട്ടാൽ ചെക്ക് അപ്പ് അത്യാവശ്യമാണ്. നല്ല പുസ്തകങ്ങൾ വായിക്കുന്നത് തുടങ്ങി ഉല്ലാസം തരുന്ന വിജ്ഞാനപ്രദമായ എന്തും ശീലിക്കാവുന്നതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ശാരീരിക സമ്പർക്കവും നിരന്തര പാരസ്പര്യവും നിമിത്തം, ഒരു ഉത്തമവ്യക്തിയായി കുഞ്ഞു രൂപപ്പെടാൻ ഉദരത്തിലായിരിക്കുമ്പോൾ മുതൽ നല്ല കരുതൽ വേണം.
ഏതു മതസ്ഥർക്കും ജീവന്റെ അധിനാഥനും പാലകനും ദൈവമാണ്. ദൈവത്തോട് ചേർന്നു നിന്ന് അതിനെ സംരക്ഷിക്കുന്നതും ഏറ്റവും നന്നായി വളർത്താൻ ത്യാഗം സഹിക്കുന്നതും ദൈവത്തോടുള്ള വിധേയത്വവും വിശ്വസ്തതയുമാണ്.
ജീവനെ ആദരിക്കുന്ന, കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന എനിക്ക്, കുഞ്ഞുങ്ങളെ ഹനിക്കുന്ന പ്രവണതയോട് എന്നും ശക്തമായ എതിർപ്പാണ്. ഞാൻ ഒരു കത്തോലിക്കാ കുടുംബത്തിലെ അധ്യാപകദമ്പതികളുടെ മകളാണ്. എന്റെ അമ്മച്ചി പറയും: മാലാഖാമാർക്കു കുഞ്ഞുങ്ങളെ ദൈവത്തിനായി പ്രസവിച്ചു വളർത്താനാവില്ല. മനുഷ്യർക്കെ പറ്റൂ. എത്ര ശരിയാണത്! സ്ത്രീകൾക്ക് മാലാഖമാരെ അങ്ങനെ വാർത്തെടുക്കാൻ സാധിക്കുന്നു. അന്നത്തെ ചുരുങ്ങിയ സാഹചര്യത്തിലും അഞ്ചു കുട്ടികളെ ദൈവത്തിനായി പ്രസവിച്ചു വിശ്വാസത്തിൽ വളർത്താൻ ദൈവം അനുഗ്രഹിച്ചു.
ഓരോ അനുഭവങ്ങളും അത്ഭുതകരമായ, മഹനീയമായ ദൈവപരിപാലനായായിരുന്നു. സന്തോഷം പൂത്തുലഞ്ഞ സംഗീത, സാഹിത്യ സാന്ദ്രമായ ദിനങ്ങൾ ഓർമയിൽ കുളിരേകുന്നു. എനിക്ക് ജീവിതം എന്നും പുതുനാമ്പുകൾ തളിരിടുന്ന വസന്തം തന്നെയാണ്. എന്നും വീട്ടിൽ ആ വസന്തത്തിന്റെ വർണങ്ങളും, സുഗന്ധവും മക്കളുടെ വളർച്ചയിൽ നിറയുന്ന പ്രതീക്ഷയായി മാറി, ലക്ഷ്യത്തിനു വഴിയായി, പ്രേരണയായി. ദൈവത്തിനു സ്തുതി. പിതാവിന്റെ സാന്നിധ്യം അതിനു വളരെയേറെ സഹായിച്ചു. ദൈവത്തിനു ഒത്തിരി നന്ദി.
~ റെജീന മൈക്കൾ ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.