പരിശുദ്ധ അമ്മ എത്ര മാത്രം എളിമയുള്ളവളായിരുന്നു?
മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് ഗ്രഹിക്കാൻ ആവാത്ത വിധം അത്യുന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെ ആണ് നാം നമ്മുടെ നിസ്സാരത മനസ്സിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവൾക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണി ഈശോയെ ദേവാലയത്തിൽ കാഴ്ച സമർപ്പിക്കുന്നത് മറിയത്തിന്റെ എളിമയുടെ തിളങ്ങുന്ന ഉദാഹരണമാണ്. സ്വർഗ്ഗരാഞ്ജി ആയിരുന്നിട്ടും ആരും അവളെ ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ ആകർഷിക്കാനായി അവളും ഒന്നും ചെയ്യുന്നുന്നില്ല. ശിമയോൻ ഈശോയെ കരങ്ങളിൽ ഏന്തി അവിടുത്തെ മഹത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതെല്ലാം തനിക്ക് അറിവുണ്ട് എന്ന് പറഞ്ഞ് അവൾ അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നില്ല. അവൾ നിശബ്ദയായി ഇരുന്നതേയുള്ളൂ. നമ്മുടെ പെരുമാറ്റരീതിയിൽ നിന്ന് എത്ര വ്യത്യാസം! നമ്മുടെ സുകൃതങ്ങൾ, കഴിവു കൾ, ലോകത്തിലെ വലിയവരുമായി നമുക്കുള്ള ബന്ധങ്ങൾ, നമ്മുടെ നേട്ടങ്ങൾ, എന്നുവേണ്ട നമുക്ക് അല്പം മികവു വരുത്തുന്ന എന്തിനെയും പ്രദർശിപ്പിക്കാൻ നാം എത്രമാത്രം താല്പര്യമുള്ളവരാണ്!
അത്യദ്ധ്യാത്മികത ഉള്ളവരിൽ പോലും എത്ര ചുരുക്കം പേരാണ് അജ്ഞാതരായിരി ക്കാനും ഒന്നുമില്ലായ്മയായി പരിഗണിക്കപ്പെടാനും സന്നദ്ധരാവുക. നമ്മളെക്കാൾ താണവരെന്ന് നാം കരുതു ന്നവർ നമ്മെ ഉപദേശിക്കാൻ എത്ര ചുരുക്കമായേ നാം അനുവദിക്കാറുള്ളൂ ! മറ്റുള്ളവരെ വിമർശിക്കാൻ നാം എത്ര സന്നദ്ധരാണ്. മറിയത്തിന്റെ സ്തോത്രഗീതം മറ്റൊരു പാഠംകൂടി നമ്മെ പഠിപ്പിക്കുന്നു. ദൈവം തനിക്കുവേണ്ടി ചെയ്തവരെല്ലാം മറിയം മനസ്സിലാക്കി. അതെല്ലാം ദൈവത്തെ മഹത്വപ്പെടുത്താൻ അവൾക്ക് പ്രേരകമായിരുന്നു. “നമ്മുടെ സുകൃതങ്ങളുടെ പേരിൽ ഊറ്റംകൊള്ളാതെ നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്തുക” എന്നതാണ് എളിമയുടെ മാതൃക. സുകൃതം വേരുറപ്പിച്ചിരിക്കുന്നത് എളിമയിലാണ്. നമ്മുടെ അമ്മയായ മറിയം എല്ലാം സൗഹൃദങ്ങളുടെയും പൂർണത പ്രാപിച്ചവളാണ്.
മറിയത്തിന്റെ പ്രസാദവരത്തിന്റെ പൂർണ്ണത അവളുടെ എളിമയിൽ ആണ് മിന്നിതിളങ്ങുന്നത്. ആദത്തിന്റെ സന്തതികളിൽവച്ച് ഏറ്റവും വിനീതയാണ് മറിയം. ദൈവസന്നിധിയിൽ, തന്നെ എളിമപ്പെടുത്തുന്ന പാപമോ അപൂർണതകളോ അവൾക്കില്ലായിരുന്നു. എങ്കിലും ഏറ്റവും വലിയ പാപിപോലും മറിയം ചെയ്തതുപോലെ എളിമപെട്ടിട്ടില്ല. ദൈവദൃഷ്ടിയിൽ തന്റെ ശൂന്യത അവൾ ഗ്രഹിച്ചു. നാമാകട്ടെ നമ്മുടെ നിസ്സാരതയും ദൈവം നൽകിയതൊഴികെ നമ്മിൽ നന്മയായി ഒന്നുമില്ലെന്ന വസ്തുതയും അംഗീകരിക്കുന്നില്ല. നമ്മിൽ എളിമയുടെ അഭാവം പ്രത്യക്ഷപ്പെടുന്നത് അക്കാരണ ത്താലാണ്. മാതാവിന് ഉന്നതമായ സ്ഥാനം അവകാശപ്പെടാമെന്ന് വരികിലും ഏറ്റവും എളിയസ്ഥാനം എപ്പോഴും അവൾ തിരഞ്ഞെടുത്തു. ദൈവത്തിന്റെ ശത്രുക്കൾ കീഴ്പോട്ട് ഇറങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അവിടുത്തെ മിത്രങ്ങളാകട്ടെ ഏറ്റവും എളിയസ്ഥാനം തങ്ങൾക്ക് യോജിച്ചതെന്ന് കരുതുന്നു.
പരിശുദ്ധയമ്മേ, എളിമയെന്ന ഏറ്റവും വിശിഷ്ടപുണ്യം ഞങ്ങൾക്ക് ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.